വീടുപണി- ഇവയാണ് മലയാളി കാട്ടുന്ന 10 അബദ്ധങ്ങൾ
അയൽക്കാരന്റെ വീടിനേക്കാൾ പ്രതാപം ഉണ്ടായിരിക്കണം തന്റെ വീടിനെന്ന ചിന്തയോടെയാണ് പലരും വീടുപണിക്കിറങ്ങുന്നത്. പണക്കാരനായ അയൽക്കാരനെ അനുകരിച്ച് വീടുപണിത് കടക്കെണിയിലായ നിരവധി കുടുംബങ്ങളുണ്ട് കേരളത്തിൽ. വീട്ടുകാരും അവരുടെ പ്രകൃതവുമാണ് ഒരു വീടിന്റെ ഏറ്റവും വലിയ അലങ്കാരമെന്നോർക്കുക.
വീടുനിർമാണത്തിൽ മിക്കവയും കാഴ്ചയ്ക്കുള്ള ഭംഗിക്കുവേണ്ടി ചെയ്യുന്നവയാണ്. ആവശ്യമുള്ള വീടുകളിൽ മാത്രം ഇവ നൽകിയാൽ മതി. പണം മുടക്കാൻ കഴിവുള്ളവർ മിനുക്കുപണികൾ ചെയ്തോട്ടെ. ഇല്ലാത്ത പണം ഉണ്ടാക്കി ഇവയ്ക്കു പുറകേ പായരുതെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. വീടുപണിയിൽ ഇന്ന് മിക്കവരും പിന്തുടരുന്നതും എന്നാൽ ഒഴിവാക്കാവുന്നതുമായ ചില കാര്യങ്ങൾ മലയാളികളുടെ അറിവിലേക്കായി പങ്കുവയ്ക്കുന്നു.
1. എക്സ്റ്റീരിയർ സങ്കീർണമാക്കണോ?
ആരു കണ്ടാലും ഞെട്ടണം എന്ന ഉദ്ദേശ്യത്തോടെയാണ് പലരും വീടുപണിക്കിറങ്ങുന്നത്. അതിനുവേണ്ടി എക്സ്റ്റീരിയറിൽ സിമന്റ് വർക്കുകൾ, മ്യൂറൽ വർക്കുകൾ, ക്ലാഡിങ്, കോൺക്രീറ്റ് വർക്കുകൾ തുടങ്ങി എണ്ണിയാൽ തീരാത്തത്ര അലങ്കാരപ്പണികൾ കാണിക്കും. ആവശ്യമില്ലാതെവരുത്തുന്ന ചെലവുകളാണ് ഇതെല്ലാം എന്ന് മലയാളി എന്നാണു തിരിച്ചറിയുന്നത്? വീടിനുവേണ്ടി അധികം തുക മാറ്റിവയ്ക്കാനില്ലാത്തവർ എക്സ്റ്റീരിയർ മോടിപിടിപ്പിക്കലുകൾ വേണ്ടെന്നുവയ്ക്കുക.
2. കൂട്ടിച്ചേർക്കലുകൾ ഇരട്ടി നഷ്ടം
വ്യക്തമായ പ്ലാനിങ്ങില്ലാതെ പോകുന്ന എല്ലാവർക്കും സംഭവിക്കുന്ന അബദ്ധങ്ങളാണിവ. പണി പുരോഗമിക്കുമ്പോഴായിരിക്കും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിർദേശങ്ങൾ ധാരധാരയായി ഒഴുകിയെത്തുന്നത്. അതെല്ലാം കേൾക്കുമ്പോൾ വീട്ടുകാരന്റെ മനസ്സിനും ചാഞ്ചല്യം സംഭവിക്കുന്നത് സ്വാഭാവികം. ഉടനെ പ്ലാനിൽ വ്യത്യാസങ്ങളായി, ഇടിച്ചു പൊളിക്കലായി, കൂട്ടിച്ചേർക്കലുകളായി... വീടിന്റെ ബജറ്റ് ആകെ തകിടം മറിയും. പ്ലാൻ തീരുമാനമായാൽ അതിൽ അണുവിട വ്യത്യാസം വരുത്താതിരിക്കുക, പാഴ്ച്ചെലവ് ഒഴിവാക്കാം.
3. തേക്ക് വാതിലും ജനലും സുരക്ഷിതത്വം കൂട്ടുമോ?
വാതിലും ജനലും തേക്കുകൊണ്ടു പണിതില്ലെങ്കിൽ മലയാളിക്ക് ഉറക്കം വരില്ല. എല്ലാ വാതിലും പറ്റിയില്ലെങ്കിലും പ്രധാനവാതിലുകളെങ്കിലും തേക്കുകൊണ്ട് നൽകാൻ ശ്രമിക്കുന്നതാണ് പതിവ്. തേക്കിന്റെ വാതിൽ കൊടുത്തതു കൊണ്ട് കൂടുതൽ സുരക്ഷിതത്വം ലഭിക്കുമെന്നൊരു ധാരണയുമുണ്ട്. എന്നാൽ മോഷ്ടിക്കാൻ ഉറപ്പിച്ചു വരുന്നയാൾക്ക് തേക്കിന്റെ വാതിലും അല്ലാത്ത വാതിലും ഒരുപോലെ തന്നെയാണെന്ന് മനസ്സിലാക്കുക. അതുകൊണ്ട് ചെലവു കുറഞ്ഞ തടി ഉപയോഗിക്കാം.
4. അലങ്കാരവസ്തുക്കളുടെ മ്യൂസിയമാക്കണോ?
വീടുകൾ പലതും കാഴ്ചബംഗ്ലാവുകളാക്കി മാറ്റുകയാണ് മലയാളികൾ. വിദേശങ്ങളിൽ നിന്നുള്ള അലങ്കാരവസ്തുക്കളും വിലപിടിപ്പുള്ള അപൂർവതകളും വീടിനകത്ത് കുത്തിനിറച്ചില്ലെങ്കിൽ ഏതോ പോരായ്മ പോലെയാണ് മലയാളിക്ക്. ഇല്ലാത്ത കാശുണ്ടാക്കി പൂപ്പാത്രങ്ങളും ബൗളുകളും ക്രിസ്റ്റലുകളും വച്ച് വീടു മോടി കൂട്ടുന്നതിനു പകരം വീട്ടുകാരുടെ കഴിവുകൾ തുറന്നുകാട്ടുന്നതാവട്ടെ വീടുകൾ.
5. ലൈറ്റ് ഫിറ്റിങ്ങുകൾ വൈദ്യുതി കളയാനോ?
ഒരു മുറിക്കകത്തുതന്നെ വാം ലൈറ്റ്, കൂൾ ലൈറ്റ്, ഷാൻഡ്ലിയർ... അങ്ങനെ ലൈറ്റ് ഫിറ്റിങ്ങുകളിൽ എന്തെല്ലാം തരമാണുള്ളത്! പക്ഷേ, ഇതെല്ലാം വേണമെന്നു നിർബന്ധം പിടിക്കുമ്പോൾ കറന്റ് ബില്ല് റോക്കറ്റ് പോലെ പോയെന്നിരിക്കും. ആരംഭശൂരത്വത്തിന് പിടിപ്പിക്കുമെങ്കിലും ഇതിൽ പലതും പിന്നീട് മിക്കവരും ഉപയോഗിക്കാറില്ല. ഭംഗിക്കുവേണ്ടി ആവശ്യത്തിൽ കൂടുതൽ ലൈറ്റ് പോയിന്റുകളും ലൈറ്റ് ഫിറ്റിങ്ങുകളും ഉപയോഗിക്കുന്നതിനു മുമ്പ് ഭാവിയിലേക്ക് കണ്ണു തുറന്നു നോക്കണം. വൈദ്യുത ബില്ലിന്റെ കാര്യം മാത്രമല്ല, ഊർജനഷ്ടവും ഭീമമായിരിക്കും എന്നോർക്കണം.
6. കടുംനിറങ്ങൾ തന്നെ വേണോ പ്രസരിപ്പിന്?
നിറങ്ങളില്ലാതെ എന്താഘോഷം എന്നതാണ് നമ്മുടെ മുദ്രാവാക്യം. ഓരോ മുറിക്കും ഓരോ കളർതീം എന്നതും മനോഹരമായ ആശയമാണ്. എന്നാൽ കൃത്യമായ ബജറ്റിൽ വീടുപണി നടത്തുന്നവരെ സംബന്ധിച്ചിടത്തോളം കടുംനിറങ്ങൾ പോക്കറ്റ് കീറുന്നവയാണ്. കാരണം കടുംനിറങ്ങൾക്ക് ഇരട്ടിച്ചെലവാണ്. വെളുത്തനിറത്തിന്റെ ശോഭ വേറൊരു നിറത്തിനുമില്ല. ചെലവും കുറവാണ്. മാത്രമല്ല, വീട്ടകങ്ങളിൽ നിറത്തിനു കുറവു വരുത്താതിരിക്കാൻ ഫർണിഷിങ്ങും മറ്റ് അനുബന്ധ സാമഗ്രികളും നിറമുള്ളത് വാങ്ങുകയും ചെയ്യാം. നിറങ്ങളില്ലെങ്കിലും വീടിന് ഒരു ഭംഗി കുറവും ഉണ്ടാവുന്നില്ലെന്ന് തിരിച്ചറിയണം.
7. ഷോ കിച്ചൻ വെറുതെ ഷോ കാണിക്കാനോ?
കാഴ്ചയ്ക്കായി ഒരു അടുക്കള. ജോലി ചെയ്യാൻ വേറൊരു അടുക്കള. അതും കൂടാതെ വർക് ഏരിയ. ഇങ്ങനെ കാശുള്ളവർ മൂന്നും നാലും അടുക്കളകൾ പണിയാറുണ്ട്. ഇതിനെ അനുകരിച്ച്, സാധാരണക്കാർ വീടുപണിയുമ്പോഴും രണ്ടു അടുക്കള ഇല്ലെങ്കിൽ കുറച്ചിലാണ് എന്ന നിലയിലെത്തിയിട്ടുണ്ട്. സത്യത്തിൽ ഇതിന്റെ ആവശ്യമുണ്ടോ? ഷോ കിച്ചൻ ഒഴിവാക്കാം. രണ്ടു കിച്ചനുകളിലെയും കബോർഡുകളും ഫ്ളോറിങ്ങും ഫർണിച്ചറും എല്ലാം ചേരുമ്പോൾ വലിയ ഒരു തുക തന്നെ മാറ്റിവയ്ക്കേണ്ടി വരും. ഉള്ള ഒരു അടുക്കള വൃത്തിയായി സൂക്ഷിക്കുകയാണ് പ്രധാനം. ഇതിനോടു ചേർന്ന് ഒരു വർക് ഏരിയയുമുണ്ടെങ്കിൽ ധാരാളം. പ്രത്യേകിച്ചും അധികം അംഗങ്ങൾ ഇല്ലാത്ത വീടുകളിൽ വെറുതെ ചെലവ് കൂട്ടേണ്ട കാര്യമില്ല.
8. കർട്ടനുകൾ സിനിമാ തിയറ്റർ പോലെ വേണോ?
കർട്ടനുകൾക്കുവേണ്ടി ആവശ്യത്തിലധികം പൈസ ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരും. ‘ഇന്നർ കർട്ടനും ‘ഔട്ടർ കർട്ടനും പുറമേ തൊങ്ങലുകളും തോരണങ്ങളുമൊക്കെയായി സിനിമാ തിയറ്ററിലെ കർട്ടനോടു സാമ്യപ്പെടുത്താവുന്നവ ഇപ്പോഴും ഉപയോഗിക്കുന്നവരുണ്ട്. ലളിതമായ കർട്ടനുകളാണ് വീടിനു നല്ലത്. ചെലവു കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ വിലയില്ലാത്ത ഭംഗിയുള്ള റെഡിമെയ്ഡ് കർട്ടൻ പല ഡിസൈനുകളിൽ ലഭിക്കും.
9. പുൽത്തകിടി പിടിപ്പിക്കാൻ മരം മുഴുവൻ വെട്ടണോ?
ലാൻഡ്സ്കേപ്പ് ചെയ്യുകയെന്നു വച്ചാൽ വീടിന്റെ മുറ്റത്ത് പുൽത്തകിടി പിടിപ്പിക്കുകയെന്നതാണ് പലരുടെയും ധാരണ. ഇതിനുവേണ്ടി എത്രയോ ചെടികളും മരങ്ങളുമാണ് വെട്ടിക്കളയുന്നത്! പുൽത്തകിടി ശരിയായ രീതിയിൽ പരിപാലിക്കണമെങ്കിൽ ആരുടെയെങ്കിലും സഹായം വേണ്ടിവന്നേക്കാം. ഇല്ലെങ്കിലും വളരെ ശ്രദ്ധാപൂർവ്വമായി കൈകാര്യം ചെയ്യേണ്ടിവരും. പുൽത്തകിടിക്കു ധാരാളം വെള്ളം വേണമെന്നുള്ളത് മറ്റൊരു കാര്യം. ജലദൗർലഭ്യം ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പുൽത്തകിടി ചെലവേറിയ കാര്യം തന്നെ. പോരാത്തതിന് ഒരു മരം പോലും ഇല്ലത്തതിനാൽ ചുവരുകളിൽ അടിക്കുന്ന ചൂടും വളരെ കൂടുതലായിരിക്കും. ഭാവിയിൽ ചെലവും അസൗകര്യവും കൂട്ടുന്ന പുൽത്തകിടിക്കു പകരം കൂടുതൽ നാടൻചെടികളും മരങ്ങളും പൂന്തോട്ടത്തിൽ നിറയട്ടെ!
10. മതിലുകൾ കോട്ടപോലെ വേണോ?
വീടുകളേക്കാൾ മോടിയിൽ മതിലുകൾ പണിയുന്നവർ നമ്മുടെ നാട്ടിൽ കുറവല്ല. വളരെ അധികം പൊക്കത്തിൽ, നിറയെ ഡിസൈൻ വർക്കുകളുമായി ചുറ്റുമതിലുകൾ പലപ്പോഴും ധൂർത്തിന്റെ പ്രതീകങ്ങളാകുന്നു. ഉയരം കൂടിയ മതിലുകൾ പലപ്പോഴും വീടുകളെ കാഴ്ചയിൽനിന്നു മറയ്ക്കുന്നു. വലിയ മതിലുകൾ തണുത്ത കാറ്റിനെ അകത്തേക്കു കടക്കുന്നത് തടയുന്നു. മുറ്റവും വീടും ചൂടുപിടിക്കാനും ഇതു കാരണമാകും. മിതമായ രീതിയിൽ നല്ലൊരു വീട് എന്ന ഉദ്ദേശ്യത്തോടെ പോകുന്നവർക്ക് മതിലിന്റെ കാര്യത്തിൽ ചെലവു നിയന്ത്രിക്കാനാവും. കട്ടയും സിമന്റും കുറയ്ക്കുന്ന തരത്തിൽ ജാളി വർക്കുകളും ജിഐ പൈപ്പുകളും മതിലിന്റെ ഭംഗി വർധിപ്പിക്കുകയേയുള്ളു. അതേസമയം ചെലവിനു കടിഞ്ഞാണിടുകയും ചെയ്യും.