കുട്ടിക്കളിയല്ല ഭവനവായ്പ, ഈ ചെലവുകൾ ശ്രദ്ധിക്കുക
നിങ്ങളുടെ സ്വപ്നഭവനം സ്വന്തമാക്കുന്നതിനുള്ള ആദ്യ പടിയാണ് ഭവനവായ്പ നേടുക എന്നത്. ലളിതമായ പ്രതിമാസ തവണകൾക്കൊപ്പം (ഈസി മന്ത്‌ലി ഇൻസ്റ്റാൾമെൻറ്‌സ്) മറ്റു ചില ചെലവുകൾ കൂടി വായ്പയെടുക്കുമ്പോൾ ഉണ്ടാകും. ഭവന വിലയുടെ 10- 20% നിങ്ങൾ ഡൗൺപെയ്‌മെൻറായി നൽകേണ്ടിവരും. മറ്റു ചെലവുകൾ നോക്കാം:
പ്രോസസിങ് ഫീ
ഭവനവായ്പാ അപേക്ഷയുടെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്ന പ്രോസസിങ് ഫീ തിരികെ ലഭിക്കില്ല. വായ്പയ്ക്ക് അനുമതി ലഭിച്ചാലും ഇല്ലെങ്കിലും ഈ ഫീസ് നൽകേണ്ടിവരും. മുഴുവൻ പ്രോസസിങ് ഫീയും 2 ഭാഗമായി വിഭജിച്ചിരിക്കുന്നു. നിങ്ങളുടെ അപേക്ഷ അനുമതിക്കായി പ്രോസസ് ചെയ്യുന്നതിന് അപേക്ഷാ ഫോമിനൊപ്പം നൽകേണ്ടതാണ് പ്രാരംഭ ലോഗിൻ ഫീ (ഇനീഷ്യൽ ലോഗിൻ ഫീ). അപേക്ഷയിൽേ അനുമതി നൽകുന്നതിനുള്ള വെരിഫിക്കേഷൻ നടപടികൾക്കായി സ്ഥാപനത്തിനുണ്ടാകുന്ന ചെലവുകൾ വഹിക്കാൻ ഈടാക്കുന്ന ഈ തുക സാധാരണ തിരികെലഭിക്കാറില്ല.
അനുവദിച്ച വായ്പ വിതരണം ചെയ്യുന്നതിനായി അപേക്ഷിക്കുമ്പോഴാണ് ബാക്കിയുള്ള പ്രോസസിങ് ഫീ എടുക്കുക. മൊത്തം പ്രോസസിങ് ഫീ 0.5%- 2% വരെ ആയിരിക്കും. ഓരോ സ്ഥാപനത്തിനനുസരിച്ചും വാങ്ങുന്ന വസ്തുവിനെ ആശ്രയിച്ചുമായിരിക്കും ഈ വ്യത്യാസം.
നിയമപരവും സാങ്കേതികവുമായ ചാർജുകൾ
വാങ്ങുന്ന വസ്തുവിന്റെ രേഖകളുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള ചെലവായി ചില ധനകാര്യ സ്ഥാപനങ്ങൾ നിയമ–സാങ്കേതിക ഫീസ് എന്ന നിലയിൽ ചാർജുകൾ ഈടാക്കാറുണ്ട്. എല്ലാ വസ്തുക്കളുടെയും നിയമപരമായ രേഖകൾ 13 വർഷം വരെ പിന്നോട്ട് അന്വേഷണം നടത്തി ബാധ്യതകൾ ഒന്നുമില്ലെന്ന് ഉറപ്പാക്കാറുണ്ട്. അത്തരം വസ്തുക്കളുടെ ന്യായവില നിശ്ചയിക്കുന്നതിനും സംസ്ഥാന മാനദണ്ഡങ്ങൾക്കനുസരിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനും സാങ്കേതിക സൂക്ഷ്മ പരിശോധനയും നടത്താറുണ്ട്. ഈ നിയമപരവും സാങ്കേതികവുമായ കാര്യങ്ങൾക്കുള്ള ഫീസ് 5000 രൂപ മുതൽ 10000 രൂപ വരെയാകാം.
ജിഎസ്ടി ഫീസ്
ഈടാക്കുന്ന എല്ലാ ഫീസ് ഇനങ്ങൾക്കും ജിഎസ്ടി (ഇപ്പോൾ 18%) സ്ഥാപനം ഈടാക്കും.
മുദ്രപ്പത്രത്തിനുള്ള ചെലവ്
വായ്പ അനുവദിച്ചുകഴിഞ്ഞാൽ നിങ്ങളും സ്ഥാപനവും തമ്മിൽ ഔദ്യോഗിക കരാർ എഴുതുന്നതിനു വേണ്ടി ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനം നിങ്ങളോട് മുദ്രപ്പത്രം (സ്റ്റാംപ് പേപ്പർ) വാങ്ങാനാവശ്യപ്പെടും. 300 രൂപ നിരക്കിലാണിതിന്റെ ചെലവു വരുക. ഈ തുക പ്രോസസിങ് ഫീസിൽ ഉൾപ്പെടുത്തില്ല.
ഭവന ഇൻഷുറൻസ് പ്രീമിയം
ഭവനവായ്പ എടുക്കുന്ന എല്ലാവരും വീടിന് ഇൻഷുറൻസ് എടുക്കണമെന്നത് നിർബന്ധമാണെന്ന് ഓർമ്മിക്കണം. നിങ്ങളുടെ വീടിന്റെ വില അനുസരിച്ച് 0.1% മുതൽ 0.2% വരെ സാധാരണ ഗതിയിൽ ഭവന ഇൻഷുറൻസ് പ്രീമിയം തുക വ്യത്യാസപ്പെടും. ഉദാഹരണത്തിന്, നിങ്ങളുടെ വസ്തുവിന്റെ വില 30 ലക്ഷം രൂപയാണെങ്കിൽ പ്രീമിയം നിരക്ക് 0.1% ആയിരിക്കും. അതായത് പ്രീമിയം തുക 3000 രൂപ. വായ്പ അനുവദിച്ചു കഴിയുമ്പോൾ, ഭവന ഇൻഷുറൻസ് പ്രീമിയം ഒറ്റത്തവണ ലംപ്‌സം പേയ്‌മെൻറായിട്ടോ വാർഷിക അടവ് രീതിയിലോ അടയ്ക്കാവുന്നതാണ്. മികച്ച ധനകാര്യ സ്ഥാപനങ്ങളും ഒറ്റത്തവണ വസ്തു ഇൻഷുറൻസ് നൽകുന്ന രീതിയാണുള്ളത്. ഈ പ്രീമിയം തുക വായ്പത്തുകയുടെ ഭാഗമായി ചേർക്കാറുമുണ്ട്.
അടയ്‌ക്കേണ്ട സ്റ്റാംപ് ഡ്യൂട്ടി, വസ്തുവിന്റെ ബ്രോക്കർ ചാർജ് (ബാധകമെങ്കിൽ) തുടങ്ങിയ ചെലവുകളെക്കുറിച്ച് ഇവിടെ പരാമർശിച്ചിട്ടില്ല. സാധാരണ, ഒരു വ്യക്തി എടുക്കുന്ന ഏറ്റവും വലിയ വായ്പയാണ് ഭവന വായ്പ. ഇതൊരു വലിയ, ദീർഘകാല സാമ്പത്തിക ബാധ്യതയുമാണ്. അതുകൊണ്ട്, അത്തരമൊരു വായ്പ എടുക്കുമ്പോഴുണ്ടാകുന്ന ചെലവുകളെക്കുറിച്ച് അറിയുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക പദ്ധതികൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും.
വിവരങ്ങൾക്ക് കടപ്പാട്
ഋഷി ആനന്ദ്
ചീഫ് ബിസിനസ് ഓഫിസർ, ആധാർ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്