കേരളത്തെ നൊമ്പരപ്പെടുത്തിയ ആ കാഴ്ചയ്ക്ക് പരിഹാരം; കിച്ചുവിന്റെ വീടിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഹൈബി
ഒന്നരമാസം മുൻപ് കേരളത്തിന്റെ മനഃസാക്ഷിയെ നൊമ്പരപ്പെടുത്തിയ ഒരു ചിത്രമായിരുന്നു, കൊലപാതകരാഷ്ട്രീയത്തിന്റെ ഇരയായ കല്ല്യോട്ടെ കൃപേഷിന്‍റെ വീട്. മൺതറയിൽ ഓലകെട്ടിമറച്ച ഒറ്റമുറി വീട്ടിലായിരുന്നു വർഷങ്ങളായി ആ കുടുംബം താമസിച്ചിരുന്നത്. വീടിനോടു ചേർന്നുള്ള ചായ്പ്പായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണപ്രിയയുടെ പഠനമുറി. അടച്ചുറപ്പുള്ള വീട് പണിയണം എന്ന സ്വപ്നങ്ങൾക്കിടയിലാണ് ആ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന കൃപേഷ് കൊലക്കത്തിക്ക് ഇരയാകുന്നത്.
ഇതിന് പിന്നാലെയാണ് കുടുംബത്തിന് വീട് നിർമിച്ച് നൽകാൻ ഹൈബി ഇൗഡൻ മുന്നോട്ടുവന്നത്. ആ സ്വപ്നം ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. തണൽ പദ്ധതിയിലുൾപ്പെടുത്തിയാണ് പഴയ വീടിനോട് ചേർന്നു പുതിയ വീടുപണിതത്. ഒപ്പം ഹൈബിയുടെ സുഹൃത്തുക്കളും ധനസഹായം നൽകി. ഇന്നലെയായിരുന്നു ഗൃഹപ്രവേശം.
വെറും 46 ദിവസം കൊണ്ടാണ് മനോഹരമായ വീടു പൂർത്തിയാക്കിയത്. 'കിച്ചുവിന്റെ വീട്' എന്ന തലക്കെട്ടോടെ വീടിന്റെ കൂടുതൽ ചിത്രങ്ങൾ ഹൈബി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. ഹൈബിയുടെ മുപ്പത്തിയാറാം ജന്മദിനം കൂടിയായിരുന്നു ഇന്നലെ.
സ്വീകരണമുറി, ഊണുമുറി, മൂന്ന് കിടപ്പുമുറികൾ, ബാത്റൂം, അടുക്കള എന്നിവയാണ് 1200 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. വെറും 10 ദിവസം കൊണ്ടാണ് സ്ട്രക്ചർ പൂർത്തിയാക്കിയത്. വീട്ടുവളപ്പിൽ കുഴൽ കിണറും നിർമിച്ചുനൽകിയിട്ടുണ്ട്. 19 ലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ചതും ശ്രദ്ധേയമാണ്.
നഷ്‌ടമായ മകന് പകരമാകില്ലെങ്കിലും അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ആ കുടുംബം ചേക്കേറുമ്പോൾ കാണുന്നവരുടെ മനസ്സും നിറയുന്നു.