ഹോ എന്തൊരു ചൂട്... ഇൗ നശിച്ച വെയിൽ... വേനൽക്കാലത്ത് നമ്മൾ സ്ഥിരം പറയുന്ന പതിവ് പല്ലവിയാണിത്. എന്നാൽ വെയിൽ തണലേകുന്ന പ്രതിഭാസമാണ് മലപ്പുറം ജില്ലയിലെ തിരൂരിൽ താമസിക്കുന്ന ഡോക്ടർ ഇജ്ജാസിന് പറയാനുള്ളത്. 3500 ചതുരശ്രയടിയുള്ള സമകാലിക ശൈലിയിലൊരുക്കിയ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വീടാണിത്. ലൈറ്റ്, ഫാൻ, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ, തുടങ്ങി എസി വരെ പ്രവർത്തിക്കുന്നത് സൂര്യന്റെ പിന്തുണയോടെയാണ്. 

വീട് പണിയുടെ തുടക്കത്തിൽ സൈപ്രസ് ഡിസൈനേഴ്സിലെ ഡിസൈനർമാരായ റിയാസും അനീസും സോളാറിന്റെ ഗുണത്തെ പറ്റി വ്യക്തമാക്കിയിരുന്നു. പ്രകൃതി സൗഹാർദ്ദമാണെന്നതോടൊപ്പം ഏറെ ജനപ്രിയവുമായതിനാൽ ഒരു പരീക്ഷണാടിസ്ഥാനത്തിലാണ് വീട്ടിലേക്ക് തിരഞ്ഞെടുത്തത്. ഒരു വീട്ടിലേക്കാവശ്യമായ കറണ്ട് സൗരോർജ്ജം വഴി ഉത്പാദിപ്പിക്കാമെന്ന് പതിയെ പതിയെ മനസ്സിലായി. റൂഫ്ടോപ്പിലൊരുക്കിയ സോളാർ പിവി സിസ്റ്റം ഇൗ വീട്ടിലെ എല്ലാവിധ വൈദ്യുതോപയോഗത്തേയും കവർ ചെയ്യുന്നു. 

ദിനംപ്രതി 20 യൂണിറ്റ് വരെ ഉത്പാദനശേഷിയുള്ള ഒാഫ് ഗ്രിഡ് സോളാർ സിസ്റ്റമാണ് ഇവിടെ തിരഞ്ഞെടുത്തത്. നമുക്കാവശ്യമുള്ള വൈദ്യുതി ഉപയോഗിച്ച് ബാക്കി വരുന്നവ സ്റ്റോർ ചെയ്ത് വയ്ക്കുവാനുള്ള സംവിധാനമാണ് ഇതിലൂടെ സാധ്യമാകുന്നത്. തുടക്കത്തിൽ 3.5 ലക്ഷത്തോളം ചെലവ് വരുന്നുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ ഏറെ ലാഭകരമാണ്. 

ബാറ്ററി ഉള്ള സോളാർ സിസ്റ്റമായതിനാലാണ് മറ്റുള്ളതിനേക്കാൾ 1.5 ലക്ഷം അധികം വേണ്ടി വന്നത്. കൂടാതെ അഞ്ച് വർഷത്തെ റീപ്ലേയ്സ്മെന്റ് വാറന്റി കമ്പനി തരുന്നതിനാൽ ഏകദേശം 10 വർഷത്തോളമെങ്കിലും കേടുകൂടാതെ ഉപയോഗിക്കാം. മൂന്ന് നാല് വർഷം കൊണ്ടു തന്നെ മുടക്കുമുതൽ  തിരിച്ച് പിടിക്കാവുന്നതാണ്. വീട്ടിലേക്കാവശ്യമായ എല്ലാ വൈദ്യൂതോപകരണങ്ങളും സോളാറിലാണ് പ്രവർത്തിക്കുന്നത്. ശക്തിയായി വെയിൽ അടിക്കുന്ന ഒാപ്പൺ ടെറസിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്. 

നിർമ്മാണഘട്ടത്തിൽ ഇതിന്റെ ഉപയോഗത്തെ പറ്റി കാര്യമായ അറിവില്ലാത്തതിനാൽ ഒരു കറണ്ട് കണക്‌ഷൻ എടുത്തിരുന്നു. അതിന്റെ ഉപയോഗം പരിമിതപ്പെടുത്തി സൗരോർജ്ജമാണ് എസി, മോട്ടോർ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കായി ഉപയോഗിക്കുന്നത്. ദിനവും സൗരോർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ ഉൗർജ്ജക്ഷാമം നേരിടേണ്ടി വരുന്നില്ല.  'മഴക്കാലമാകുമ്പോൾ കറണ്ട് പോകുന്നത് സ്ഥിരം പതിവാണല്ലോ. അന്നേരമാണ് ഇതിന്റെ ഗുണം നാം മനസ്സിലാക്കുക. ഇക്കഴിഞ്ഞ പ്രളയത്തിന് അടുത്തുള്ളവരെല്ലാം ഇരുട്ടിന്റെ മറവിലായപ്പോൾ ഞങ്ങളുടെ വീട് പ്രകാശമയമായിരുന്നു.' വീട്ടുടമ ഇജ്ജാസ് വ്യക്തമാക്കുന്നു.

പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് രണ്ട് വർഷത്തോളമായി. അന്നു മുതൽക്ക് തുടങ്ങിയതാണ് സോളാറുമായിട്ടുള്ള കൂട്ടുകെട്ട്. ഇതുവരെ പണിമുടക്കിയിട്ടില്ലെന്ന് മാത്രമല്ല പൊള്ളുന്ന കറണ്ട് ബില്ലിൽ നിന്ന് ആശ്വാസവുമുണ്ട്. ഒാപ്പൺ ടെറസിലോ മേൽക്കൂരയിലോ അല്പം ഇടം കൊടുത്താൽ ഒരായുഷ്കാലം മുഴുവൻ വീടിന് വെളിച്ചമേകുവാൻ ഇവന് സാധിക്കും. വോൾട്ടേജ് കുറവാണെന്നുള്ള പരാതിയും കേൾക്കേണ്ടി വരില്ല. എന്ത് വന്നാലും പഴി ചാരുന്ന വെയിലിനുമുണ്ട് ഗുണങ്ങൾ എന്ന് തന്റെ അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുകയാണ് ഡോക്ടർ ഇജ്ജാസ്. അബദ്ധത്തിൽ പോലും ഇനി വെയിലിനെ കുറ്റം പറയരുതേ....