ഭവനവായ്പ എടുക്കും മുൻപ് അറിയണം ഈ 3 കാര്യങ്ങൾ
ശരാശരി മലയാളികളിൽ ഭൂരിഭാഗവും ഭവനവായ്പ എടുത്താണ് വീടുപണിയുന്നത്. ബാങ്കിങ് നടപടികൾ കൂടുതൽ വേഗത്തിലായെങ്കിലും ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് ആവശ്യമുള്ള രേഖകൾ കയ്യിൽ ഇല്ലെങ്കിൽ, ബാങ്ക് കയറിയിറങ്ങി ചെരിപ്പ് തേയുകയായിരിക്കും ഫലം. ഇത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാക്കണമെങ്കിൽ ബാങ്കിനെ സമീപിക്കും മുൻപേ ചില കാര്യങ്ങൾ മനസ്സിലാക്കണം.
1. എത്ര തുക വരെ കിട്ടും?
വീടിന്റെ/ ഫ്ലാറ്റിന്റെ വിലയുടെ 75–80 ശതമാനം വരെ വായ്പ ലഭിക്കും. വീടു പണിയാനോ അറ്റകുറ്റപ്പണിക്കോ ആണെങ്കിൽ എസ്റ്റിമേറ്റ് തുകയുടെ 75– 80 ശതമാനം വരെയും. പക്ഷേ, ഇവിടെ വായ്പ എടുക്കുന്നയാളുടെ തിരിച്ചടവുശേഷി പരിഗണിച്ചാണ് ബാങ്ക് പരമാവധി നൽകുന്ന തുക നിശ്ചയിക്കുന്നത്. ഏറെ പ്രധാനം ഇഎംഐ ആണ്.
എന്താണ് ഇഎംഐ– തിരിച്ചടയ്ക്കേണ്ട പ്രതിമാസ തവണയാണ് ഇഎംഐ (Equated Monthly Instalment). വായ്പാ തുക, പലിശ, തിരിച്ചടവു കാലാവധി എന്നിവ അടിസ്ഥാനമാക്കിയാണ് ഈ തുല്യമാസത്തവണ നിശ്ചയിക്കുന്നത്. ബാങ്കുകൾ തിരിച്ചടവുശേഷി വിലയിരുത്തുന്നത് രണ്ടു തരത്തിലാണ്. ഇതര കിഴിവുകൾക്കുശേഷമുള്ള മാസശമ്പളത്തിന്റെ 25 മുതൽ 30 മടങ്ങുവരെ ചില ബാങ്കുകൾ നൽകും. മറ്റു ബാങ്കുകൾക്കു തിരിച്ചടവ് തുകയടക്കമുള്ള കിഴിവ് ശമ്പളത്തിന്റെ 50 ശതമാനം കവിയാൻ പാടില്ലെന്നാണു നിബന്ധന.
ഈ രണ്ടു നിബന്ധനകളും അനുസരിച്ച് ഒരാൾക്കു ലഭ്യമാക്കാനാകുന്ന പരമാവധി തുക ഒന്നു കണക്കാക്കാം.
1 35,000 രൂപ മാസശമ്പളവും പ്രൊവിഡന്റ് ഫണ്ട്, പഴ്സനൽ ലോൺ ഇനങ്ങളിൽ 8,000 രൂപ അടവും ഉള്ളയാൾക്ക് ആദ്യ ബാങ്ക് ഭവനവായ്പയായി നെറ്റ് സാലറിയായ 27,000 (35,000– 8,000) രൂപയുടെ 30 മടങ്ങ്– 8,10,000 രൂപ വരെ നൽകും.
2 രണ്ടാമത്തെ ബാങ്ക് കൂടുതൽ തുക വായ്പയായി നൽകും. ഇവിടെ ഇഎംഐ അടക്കമുള്ള കിഴിവ് 17,500 രൂപ (35,000 രൂപയുടെ 50 ശതമാനം)യിൽ കൂടാതിരുന്നാൽ മതി. അതായത്, പരമാവധി ഇഎംഐ 9,500 (17,500– 8,000= 9,500) രൂപയിൽ കവിയരുത്.
8.4 ശതമാനം പലിശയിൽ ഒരു ലക്ഷം രൂപയ്ക്ക് 786 രൂപയാണ് ഇഎംഐ. ഇതിൻപ്രകാരം മേൽപറഞ്ഞ വ്യക്തിക്കു 12 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കാം. അതായത്, കൂടുതൽ തുക വേണമെന്നുള്ളവർ രണ്ടാമത്തെ വിഭാഗത്തിൽപെട്ട ബാങ്കിനെ സമീപിക്കുന്നതാകും ഉചിതം.
വിവിധ െവബ്സൈറ്റുകളിൽ ബാങ്കുകളുടെ പലിശയ്ക്കും തിരിച്ചടവു കാലാവധിക്കും ആനുപാതികമായ ഇഎംഐ ലഭ്യമാണ്. ഇതുവഴി നിങ്ങൾക്കു ലഭിക്കാവുന്ന പരമാവധി തുക കണ്ടുപിടിക്കാം.
ഏറ്റവും പ്രധാനം പലിശ തന്നെയാണ്. പക്ഷേ, ബന്ധപ്പെട്ട മറ്റു ചെലവുകളും ചോദിച്ചറിയണം. പ്രോസസിങ് ഫീ, ഡോക്യുമെന്റേഷൻ ചാർജ്, വാല്യുവേഷൻ ചാർജ്, ലീഗൽ ചാർജസ് എന്നിവ കൃത്യമായി അറിയണം. എന്നിട്ട് താരതമ്യം ചെയ്ത് വായ്പ ഏതു ബാങ്കിൽ നിന്നെന്നു തീരുമാനിക്കുക.
2. ആവശ്യമായ രേഖകൾ
ഇടപാടുകാരന്റെ ഐഡി പ്രൂഫ് (ഇലക്‌ഷൻ ഐഡി, ആധാർ, പാൻ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് മുതലായവ), അഡ്രസ് പ്രൂഫ് (ബാങ്ക് സ്റ്റേറ്റ്മെന്റ്, റേഷൻ കാർഡ്, ലാൻഡ് ഫോൺ ബിൽ മുതലായവ), ഫോട്ടോ എന്നിവ വേണം. ശമ്പളക്കാരനു സാലറി സർട്ടിഫിക്കറ്റും ഫോം നമ്പർ 16ഉം ആവശ്യമാണ്., ബിസിനസുകാരനു മൂന്നു വർഷത്തെ ടാക്സ് റിട്ടേണും ആസ്തി ബാധ്യതാ രേഖകളും വേണം. ബാങ്കിൽനിന്നു നൽകുന്ന അപേക്ഷയും പൂരിപ്പിച്ചു നൽകണം. വായ്പയ്ക്കു സമീപിക്കുന്ന ബാങ്കിന്റെ ഇടപാടുകാരനല്ലെങ്കിൽ ഇടപാടുള്ള ബാങ്കിലെ ഒരു വർഷ ബാങ്ക് സ്റ്റേറ്റ്മെന്റും കൊടുക്കണം. ഒപ്പം വസ്തുവിനെ സംബന്ധിക്കുന്ന രേഖകളും ആവശ്യമാണ്.
∙ വീടു പണിയാനോ അറ്റകുറ്റപ്പണിക്കോ ആണെങ്കിൽ എസ്റ്റിമേറ്റും (അംഗീകൃത എൻജിനീയറുടേത്) അംഗീകരിച്ച പ്ലാനും.
∙ വീട്/ ഫ്ലാറ്റ് വാങ്ങാൻ ആണെങ്കിൽ വിൽപനക്കാരനും നിങ്ങളും തമ്മിലുള്ള കരാർ. അതും നിശ്ചിത തുകയ്ക്കുള്ള സ്റ്റാംപ് േപപ്പറിൽ വേണം.
∙ വീടു വയ്ക്കുന്ന സ്ഥലത്തിന്റെ അഥവാ വാങ്ങുന്ന വീടിന്റെ/ഫ്ലാറ്റിന്റെ/ ആധാരം,
മുന്നാധാരം, സ്ഥലത്തിന്റെ കരമടച്ച രസീത്,വീടോ ഫ്ലാറ്റോ ഉണ്ടെങ്കിൽ അവയുടെ കരം അടച്ച രസീത്, ൈകവശാവകാശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്െകച്ച്, 30 വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.
3. ഇൻഷുറൻസ് രണ്ടുതരം
വായ്പ നൽകുന്ന ബാങ്ക് വീടിനു നിർബന്ധമായും ഇൻഷുറൻസ് പരിരക്ഷ നിഷ്കർഷിക്കും. ഇവിടെ വിവിധ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പ്രീമിയം താരതമ്യം ചെയ്തു മികച്ചതു തിരഞ്ഞെടുക്കാം.
ഇതിനു പുറമേ വായ്പ എടുക്കുന്ന വ്യക്തി വായ്പ തുകയ്ക്കു ആനുപാതികമായി കവറേജ് എടുക്കുന്നതും ഉത്തമമാണ്. അകാലത്തിൽ നിങ്ങൾ മരണപ്പെട്ടാലും വായ്പ കുടുംബത്തിനു തീരാബാധ്യതയാകാതിരിക്കാൻ ഇതു സഹായിക്കും. പ്രീമിയം ഏറ്റവും കുറഞ്ഞ ടേം ഇൻഷുറൻസ് ഇതിനായി തിരഞ്ഞെടുക്കുക