ചുറ്റിലും അകത്തും പച്ചപ്പ്, പ്രകൃതിജീവനം; ആരും കൊതിക്കും ഈ വീടിന്റെ കഥ
Mail This Article
അനബെല്‍ ഫെറോയും ക്ലെമെന്റ് ഡിസില്‍വയും 1991ല്‍ വിവാഹിതരാകുമ്പോള്‍ അവര്‍ക്കൊരു സ്വപ്നമുണ്ടായിരുന്നു. മുംബൈ നഗരത്തില്‍ നിന്നും കുറച്ചകന്ന് പ്രകൃതിയോടു ചേര്‍ന്ന് ഒരു വീട്. എന്നാല്‍ തൊണ്ണൂറുകളില്‍ ഇന്നത്തെ പോലെ വസ്തുക്കള്‍ വാങ്ങുന്നത് എളുപ്പമായിരുന്നില്ല. ഇഷ്ടപെട്ട വസ്തു ലഭിക്കണമെങ്കില്‍ ഒരുപാട് അലയേണ്ടിയിരുന്നു. കാരണം ഇന്നത്തെ പോലെ റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങളോ വെബ്‌സൈറ്റുകളോ അന്നുണ്ടായിരുന്നില്ല.
ആ സമയത്താണ് ആർക്കിടെക്ട് കൂടിയായ ക്ലെമന്റ് മുംബൈയില്‍ നിന്നും 125 കിലോമീറ്റര്‍ അകലെ പവ്വ്ന എന്ന സ്ഥലത്ത് ഒരു പ്രൊജക്റ്റ് ചെയ്യാന്‍ പോകുന്നത്. ആ സ്ഥലത്തിന്റെ മനോഹാരിതയില്‍ മയങ്ങിയ ക്ലെമെന്റ് ഭാര്യ അനബെല്ലിനെയും അവിടേക്ക് കൊണ്ടുവന്നു. അങ്ങനെ പവ്വ്ന അരുവിക്കും തുങ്കി മലകള്‍ക്കും അരികില്‍ ഇരുവരുടെയും സ്വപ്നകൂട് ഒരുങ്ങി. 3,500 ചതുരശ്രയടിയുള്ള വീട് പൂര്‍ണ്ണമായും പ്രകൃതിയോട് ചേര്‍ന്നതാണ്.
സിമന്റ് ഉപയോഗിക്കാതെ കല്ലുകള്‍ കൊണ്ടാണ് ക്ലെമെന്റ് വീട് പൂര്‍ണ്ണമായും നിർമിച്ചിരിക്കുന്നത്. മോഡേണ്‍ ട്രഡീഷണല്‍ ശൈലികള്‍ ചേര്‍ത്താണ് വീടിന്റെ നിര്‍മ്മാണം. റൂഫ് ടോപ് മഴവെള്ളസംഭരണി കൊണ്ടാണ് വീട്ടില്‍ ജലം ശേഖരിക്കുന്നത്. പോരാത്തതിന് വീടിനോട് ചേര്‍ന്ന് ജൈവകൃഷിയും സജീവം. അന്‍പതോളം മാവുകള്‍ ക്ലെമെന്റും അനബെല്ലും നട്ടുവളര്‍ത്തിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ തങ്ങള്‍ വീട്ടിലേക്ക് വൈദ്യുതി പോലും എടുത്തിരുന്നില്ല എന്ന് ക്ലെമെന്റ് പറയുന്നു. പിന്നീട് കുട്ടികളൊക്കെ ആയപ്പോള്‍ ആണ് വീട്ടില്‍ വൈദ്യതി എത്തിയത്.
വലിയ ലിവിങ് , കിടപ്പറകള്‍, സ്റ്റോര്‍ റൂം, അടുക്കള, പോര്‍ച്ച് എല്ലാം ചേര്‍ന്നതാണ് ഈ വീട്. ഇപ്പോള്‍ ഇവിടം ഒരു ഹോംസ്റ്റേ ആയിട്ട് കൂടിയാണ് ക്ലെമെന്റും അനബെല്ലും ഉപയോഗിക്കുന്നത്. പവ്വ്നയുടെ സൗന്ദര്യം ആവോളം കണ്ടും ജൈവവിഭവങ്ങള്‍ കഴിച്ചും ട്രെക്കിംഗ് ഉള്‍പ്പെടെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെട്ടും അതിഥികൾക്ക് ഇവിടം സ്വര്‍ഗ്ഗതുല്യമാക്കാം. അതിഥികൾ എത്തുമ്പോള്‍ അവര്‍ക്ക് സ്വകാര്യത നല്‍കാനായി തങ്ങളുടെ പ്രൈവറ്റ് ക്വര്‍ട്ടേഴ്സിലാണ് ക്ലമന്റും അനബെല്ലും കഴിയുക.
English Summary- Green Homestay in Mumbai