അന്ന് ഒരു ദുരന്തം പ്രതീക്ഷകൾ തകർത്തു; പക്ഷേ തോറ്റില്ല; തിരിച്ചുവന്നത് ഇങ്ങനെ!
Mail This Article
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുൻപ് ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച മേഘവിസ്ഫോടനം വിമലേഷ് പാന്‍വാറിന്റെ ജീവിതത്തെയും മാറ്റി മറിച്ചു. 1990 മുതല്‍ വിമലേഷ് നടത്തി വന്നിരുന്ന മുപ്പതുമുറികളുള്ള ഹോട്ടലും ആ പ്രകൃതിദുരന്തത്തില്‍ തകര്‍ന്നു. പൂക്കളുടെ പറുദീസ എന്നറിയപെട്ടിരുന്ന ബേസ്ക്യാമ്പില്‍ സ്ഥിതിചെയ്തിരുന്ന ഹോട്ടലില്‍ നിന്നും അത്യാവശ്യം നല്ല വരുമാനം ലഭിച്ചിരുന്ന സാഹചര്യത്തിലാണ് പ്രകൃതിദുരന്തം വിമലേഷിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്.
എന്നാല്‍ പരാജയപ്പെട്ട് നിരാശനായി പിന്മാറാൻ വിമലേഷ് ഒരുക്കമായിരുന്നില്ല. പഴയ ഹോംസ്റ്റേ സ്ഥിതി ചെയ്തിരുന്ന ഗോവിന്ദ് ഘട്ടില്‍ നിന്നും 23 കിലോമീറ്റര്‍ അകലെ അദ്ദേഹം മറ്റൊരു സംരംഭം ആരംഭിച്ചു.
2013 ല്‍ സുമിത് കുമാര്‍ അഗർവാൾ സ്ഥാപിച്ച തഞ്ചുന്‍ അസോസിയേറ്റ് ആണ് വിമലേഷിന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായത്. ബാംബൂ , ഫെറോകോണ്‍ക്രീറ്റ്, നാച്ചുറൽ ഫൈബറുകള്‍ എന്നിവ ഉപയോഗിച്ചാണിവർ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. 2014 മേയിൽ ആരംഭിച്ച ഹോട്ടല്‍ നിര്‍മ്മാണംവെറും നാലുമാസം കൊണ്ടുപൂർത്തിയായി.
പണിപൂര്‍ത്തിയായതും തനിക്ക് ആദ്യത്തെ ബുക്കിങ് ലഭിച്ചു എന്ന് വിമലേഷ് പറയുന്നു. ബദരീനാഥിലെ 'ബദരീവില്ലെ റിസോര്‍ട്ട്' ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ലൈറ്റ് വെയിറ്റ് ക്ലയിമറ്റ് റെസിസ്റ്റൻഡ് ബാംബൂ നിര്‍മ്മിതി ആണ് ഈ ഹോട്ടലിന്റെ പ്രധാന ആകര്‍ഷണം. ഏതാണ്ട് 60 ശതമാനം ഭൂകമ്പത്തെ ചെറുക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഈ ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. അഥവാ എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാലും ഒരു മാസം കൊണ്ട് പുനര്‍നിര്‍മ്മിക്കാം എന്നതും എടുത്തു പറയേണ്ടതാണ്.
മുള കൊണ്ടുള്ള നിര്‍മ്മാണം ആയതിനാല്‍ തന്നെ അതിശൈത്യം ഉണ്ടാകുന്ന ബദരീനാഥില്‍ അതൊന്നും അധികം ബാധിക്കാത്ത തരത്തിലാണ് ഹോട്ടലിന്റെ നിര്‍മ്മാണം. പുറത്തെ തണുപ്പിനെ അപേക്ഷിച്ച് 10 ഡിഗ്രി തണുപ്പ് ഉള്ളില്‍ കുറവായേ അനുഭവപ്പെടൂ. ഫെറോസിമന്റ് സ്ലാബുകള്‍ കൊണ്ടാണ് ഹോം സ്റ്റേയുടെ ഫ്ലോറിംഗ് ചെയ്തിരിക്കുന്നത്. ഇതും തണുപ്പിനെ അകറ്റാന്‍ സഹായിക്കും. ബാംബൂ പാനലുകള്‍ കൊണ്ടാണ് ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
English Summary -Earthquake Resistant Bamboo House