കേൾക്കുന്നതെല്ലാം അതേപടി വിശ്വസിക്കരുത്; സിനിമയിലായാലും ജീവിതത്തിലായാലും; അനുഭവം
ഞാൻ ഷൊർണൂർ ടെക്നിക്കൽ ഹൈസ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഞങ്ങളുടെ സ്‌കൂളിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ആ സംഭവം ഉണ്ടാകുന്നത്. കാര്യം വേറൊന്നുമല്ല, എന്റെ സുഹൃത്തും, സഹപാഠിയുമായ അനിൽ ക്ലാസ് കട്ട് ചെയ്തു ഒരു സിനിമയ്ക്ക് പോയി.
ഞാൻ ഷൊർണൂർ ടെക്നിക്കൽ ഹൈസ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഞങ്ങളുടെ സ്‌കൂളിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ആ സംഭവം ഉണ്ടാകുന്നത്. കാര്യം വേറൊന്നുമല്ല, എന്റെ സുഹൃത്തും, സഹപാഠിയുമായ അനിൽ ക്ലാസ് കട്ട് ചെയ്തു ഒരു സിനിമയ്ക്ക് പോയി.
ഞാൻ ഷൊർണൂർ ടെക്നിക്കൽ ഹൈസ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഞങ്ങളുടെ സ്‌കൂളിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ആ സംഭവം ഉണ്ടാകുന്നത്. കാര്യം വേറൊന്നുമല്ല, എന്റെ സുഹൃത്തും, സഹപാഠിയുമായ അനിൽ ക്ലാസ് കട്ട് ചെയ്തു ഒരു സിനിമയ്ക്ക് പോയി.
ഞാൻ ഷൊർണൂർ ടെക്നിക്കൽ ഹൈസ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഞങ്ങളുടെ സ്‌കൂളിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച ആ സംഭവം ഉണ്ടാകുന്നത്. കാര്യം വേറൊന്നുമല്ല, എന്റെ സുഹൃത്തും, സഹപാഠിയുമായ അനിൽ ക്ലാസ് കട്ട് ചെയ്തു ഒരു സിനിമയ്ക്ക് പോയി.
ഒരു പയ്യൻ ക്‌ളാസ് കട്ട് ചെയ്തു സിനിമക്ക് പോകുന്നതൊക്കെ ഇത്ര വലിയ ആനക്കാര്യമാണോ ചേട്ടാ എന്ന് നിങ്ങളിൽ പലരും കരുതുമായിരിക്കും.
എന്നാൽ അങ്ങനെയല്ല.
കർശനമായ അച്ചടക്കം പാലിക്കുന്ന ടെക്നിക്കൽ ഹൈസ്‌കൂളിൽ സുധാകരൻ മാസ്റ്ററുടെയും, ആനി ടീച്ചറുടെയും, സലിം സാറിന്റെയും ഒക്കെ കണ്ണ് വെട്ടിച്ച് ഒരുവൻ സിനിമയ്ക്ക് പോയി എന്ന് പറഞ്ഞാൽ അത് ഒരു തീവ്രവാദി പട്ടാളത്തിന്റെ കണ്ണുവെട്ടിച്ച് ഇവിടേക്ക് നുഴഞ്ഞു കയറുന്നതിനു തുല്യമാണ്.
എന്നാൽ ഇപ്പോഴും കാര്യങ്ങളെ നിങ്ങൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്. അങ്ങനെ ഏതെങ്കിലും ഒരു സിനിമ കാണാനല്ല നമ്മുടെ അനിൽ പോയത്. പിൽക്കാലത്ത് അന്തരിച്ച സിനിമാനടി സിൽക്ക് സ്മിത അഭിനയിച്ച ഒരു സിനിമ കാണാനാണ്. അതുകൊണ്ടുതന്നെ അങ്കം ജയിച്ചു വന്ന ആരോമൽ ചേകവർക്കു ലഭിച്ച സ്വീകരണമാണ് ഞങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ അനിലിന് ലഭിച്ചത്, ചാൾസ് ശോഭരാജിന് പോലും ഇത്രയ്ക്കു ധൈര്യം വരില്ലെന്ന് പലരും അഭിപ്രായപ്പെട്ടു.
എന്തായാലും സിനിമ കണ്ടു വന്ന അന്നുതന്നെ അനിൽ ഞങ്ങളുടെ ബെഞ്ചിൽ അതിന്റെ കഥ പറഞ്ഞു, അവനും ഞാനും ഒരേ ബെഞ്ചിൽ തന്നെ ഇരിക്കുന്നവർ ആയിരുന്നതുകൊണ്ട് റിലീസ് ആയ അന്നുതന്നെ ഞാൻ കഥകേട്ടു. തുടർന്നുള്ള ദിവസങ്ങളിൽ അടുത്ത ബെഞ്ചിലുള്ളവർ കഥപറയാനായി അനിലിനെ അങ്ങോട്ട് ക്ഷണിച്ചു, സാംബശിവൻ ചേട്ടൻ കഥാപ്രസംഗം നടത്തുന്നപോലെ പല വേദികളിലും അവൻ കഥ അവതരിപ്പിച്ചു, വീണ്ടും വീണ്ടും കഥ കേൾക്കാനായി റഷീദും, റോയിയുമൊക്കെ അവനോടൊപ്പം വേദികളിൽനിന്നു വേദികളിലേക്ക് യാത്രയായി.
കാര്യങ്ങൾ അവിടെയും അവസാനിക്കുന്നില്ല, അതോടെ അനിലിന്റെ പ്രശസ്തി കടൽ കടന്നു, സീനിയർ ക്ലാസിലെ പിള്ളേർ കഥ കേൾക്കാനായി ഉച്ചഭക്ഷണസമയത്ത് അവനെ അവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു കൊണ്ടുപോയി.. അവിടെയും അവൻ കഥപറഞ്ഞു. ബസ്സിൽ അവനെ കൂടെ ഇരുത്താനും, ആ സമയം കഥയുടെ പ്രസക്ത ഭാഗങ്ങൾ കേൾക്കാനായി ആളുകൾ മത്സരിച്ചു.
എന്തായാലും ആ ബഹളം ഒന്നടങ്ങാൻ ഏതാണ്ടൊരു മൂന്നുനാലു മാസം എടുത്തു, പഠനം കഴിഞ്ഞു ഞങ്ങൾ വെവ്വേറെ വഴിക്കു പിരിയുകയും ചെയ്തു. കഥാനായകനായ അനിൽ ഇന്ന് സർക്കാർ സർവീസിൽ ഗസറ്റഡ് ഓഫീസറാണ്.
വർഷങ്ങൾ കഴിഞ്ഞു ചെർപ്പുളശ്ശേരി ദേവീ ടാക്കീസിൽ ഈ സിനിമ വീണ്ടും കറങ്ങിത്തിരിഞ്ഞു എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ എന്റെ ഓർമ്മയിലേക്ക് വരുന്നത്. എങ്കിൽ പിന്നെ പണ്ട് കേട്ടതൊക്കെ ഒന്ന് നേരിട്ട് കണ്ടുകളയാം എന്ന ആശയവുമായാണ് തലവഴി മുണ്ടിട്ട് സെക്കൻഡ് ഷോക്ക് കയറിയത്.
കണ്ടുകഴിഞ്ഞപ്പോഴാണ് എനിക്കാ നഗ്നസത്യം മനസ്സിലായത്. പണ്ട് അനിൽ പറഞ്ഞ ഒരു കാര്യവും ആ സിനിമയിൽ ഇല്ല. ഞങ്ങളെ ആവേശം കൊള്ളിക്കാൻ വേണ്ടി അവൻ കയ്യിൽ നിന്നെടുത്തു പറഞ്ഞ കഥയാണ് എല്ലാം. പടം കണ്ടിറങ്ങിയപ്പോൾ, ആ രാത്രിതന്നെ ആർബിഐയിൽ ഓഫീസറായ ഗിരീഷിനെ വിളിച്ചു.
" ഞാനും കണ്ടിരുന്നു. ഓൻ നമ്മളെ പറ്റിച്ചതാണ് "
ഞാൻ ഫോൺ വച്ചു.
ഇതാണ് കഥ.
നമ്മൾ കേൾക്കുന്ന വസ്തുതകളും യാഥാർഥ്യവും തമ്മിൽ യാതൊരു ബന്ധവും പലപ്പോഴും ഉണ്ടാകില്ലെന്ന് നിങ്ങളോടു പറയാനാണ് ഞാനീ ഹൈസ്ക്കൂൾ സിനിമാക്കഥ ഇപ്പോൾ നിങ്ങളോടു പറഞ്ഞത്.
**
മറ്റേതു വിഷയവുംപോലെ വാസ്തുവിദ്യയിലും ഇതുണ്ട്. അങ്ങനെ പറയാൻ ഒരു കാരണമുണ്ട്. ഈയടുത്തകാലത്താണ് ദുബായിൽനിന്നുള്ള ഒരു ദമ്പതികൾ എന്നെ കാണാനായി അബുധാബിയിൽ വരുന്നത്. അവർക്കൊരു പ്ലാൻ വേണം. അങ്ങനെ ദീർഘമായ ചർച്ചകൾക്ക് ശേഷം പ്ലാൻ റെഡിയായി, ത്രീഡിയും അനുബന്ധ ഡ്രോയിങ്ങുകളും ഒക്കെ പൂർത്തിയായി.
പണി ആരംഭിക്കാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെയാണ് നാട്ടിലേക്കയച്ച പ്ലാൻ ചുവരിലേക്കടിച്ച പന്തുപോലെ തിരിച്ചുവരുന്നത്. വാസ്തുവാണ് പ്രശ്നം, അടുക്കളക്ക് മാസ്റ്റർ ബെഡ്റൂമിനെക്കാൾ വലുപ്പം പാടില്ല എന്ന് നാട്ടിലെ ഒരു വാസ്തുവിദ്യക്കാരൻ പറഞ്ഞതാണ് പ്രശ്നം.
എന്തായാലും പന്ത് എന്റെ കോർട്ടിൽ എത്തിയതോടെ ഞാൻ ക്ലയന്റിന്റെ മുന്നിൽ വച്ചുതന്നെ നാട്ടിലെ വാസ്തുക്കാരനെ വിളിച്ചു.
" മാസ്റ്റർ ബെഡ് റൂമിനെക്കാൾ വലുതാവരുത് അടുക്കള എന്നാണു ചട്ടം "
അയാൾ തന്റെ നയം വ്യക്തമാക്കി.
ഇങ്ങനെയൊരു കാര്യം നിങ്ങളും ഒരുപക്ഷേ കേട്ടുകാണും. വാസ്തുവിദ്യ പഠിക്കുന്നതിനു മുൻപേ ഞാനും കേട്ടിട്ടുണ്ട്, പല വാസ്തുവിദ്യക്കാരും എന്നെക്കൊണ്ട് പ്ലാൻ തിരുത്തിച്ചിട്ടും ഉണ്ട് .
കാര്യങ്ങൾ അത്രയുമായതോടെ ഞാനും തിരിച്ചടിച്ചു.
" അനിയാ, നിൽ"
"വാസ്തുവിദ്യയുടെ ഏതു ഗ്രന്ഥത്തിലാണ് ഇങ്ങനെ ഒരു നിയമം ഉള്ളതായി കാണുന്നത് ..?
മറുപടിയില്ല, കാരണം ഇങ്ങനെ ഒരു നിയമം വാസ്തുവിദ്യയുടെ ഒരു ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നില്ല. ഇനി നമുക്ക് വാസ്തുവിദ്യക്കാരനെ വിടാം. യുക്തിയുടെ വഴിക്കു വരാം.
പഴയ തറവാടുകളുടെ അടുക്കളകൾ കണ്ടിട്ടുള്ളവർക്ക് അറിയാം. ആ അടുക്കളകളിൽ നീളമേറിയ, ഒന്നോ രണ്ടോ വിറകടുപ്പുകൾ ഉൾക്കൊള്ളുന്ന ഒരു വർക്ക് ടോപ് ഉണ്ടായിരിക്കും. 'വീതന' എന്നാണു ഞങ്ങൾ വള്ളുവനാട്ടുകാർ ഇതിനെ വിളിച്ചു പോന്നത്. കൂടാതെ കിണറ്റിൽ നിന്നും നേരിട്ട് വെള്ളം കോരാനായി ഒരു സ്ഥലവും ഉണ്ടായിരുന്നു. 'കൊട്ടത്തളം' എന്നാണു ഇതിനെ അവിടെയൊക്കെ വിളിച്ചിരുന്നത്.
തീർന്നില്ല.
ഈ അടുക്കളയുടെ ഒരു മൂലയിൽ തന്നെ ഒരു ഡെസ്കോ, ബെഞ്ചോ ഒക്കെ ഇട്ടാണ് അക്കാലത്തു ആളുകൾ ഊണുകഴിച്ചിരുന്നത്. വാസ്തുവിദ്യാപരമായി ഏറെ മികവ് പുലർത്തിയിരുന്ന കേരളത്തിലെ കോവിലകങ്ങളുടെയും, മനകളുടെയും, ഇല്ലങ്ങളുടെയും കാര്യമാണെങ്കിൽ പറയുകയും വേണ്ട. വളരെ വലിയ അടുക്കളകളാണ് അവയ്ക്കുണ്ടായിരുന്നത്.
നൂറുകണക്കിന് ആളുകൾക്ക് നിത്യേന വച്ചുവിളമ്പിയിരുന്ന എത്രയോ മനകളും കോവിലകങ്ങളും ഇന്നും ചക്കക്കുരുപോലെ യാതൊരു കേടുപാടും സംഭവിക്കാതെ കേരളത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഞാൻ പറയുന്നതിൽ സംശയമുള്ളവർക്ക് അവിടെ പോകാം, നോക്കാം. അതായത് കേരളത്തിലെ പഴയ വീടുകളും തറവാടുകളും എടുത്തു നോക്കിയാൽ ഒരുപക്ഷെ ആ വീടുകളിലെ ഏറ്റവും വലിയ റൂം ആയിരുന്നു അടുക്കള എന്ന് നമുക്ക് കണ്ടെത്താൻ കഴിയും.
ഈ ലോ പോയിന്റുകൾ എടുത്തങ്ങോട്ടു കാച്ചിയതോടെ പുള്ളി ഫ്ലാറ്റ്. ക്ലയന്റിനും സമാധാനമായി, അദ്ദേഹം വന്നവഴിയേ മൂളിപ്പാട്ടും പാടി ദുബായിക്കും പോയി.എനിക്കൊരു സുലൈമാനിയും കിട്ടി.
അതാണ് പറയുന്നത്. ആരും പറയുന്നത് അങ്ങനെ കണ്ണടച്ച് വിശ്വസിക്കരുത്, പ്രത്യേകിച്ച് വീടുപണിയുടെ കാര്യത്തിൽ. അത് ഒരേ ബെഞ്ചിൽ ഒപ്പം ഇരുന്നു പഠിച്ച സഹപാഠിയാണെങ്കിൽ പോലും വിശ്വസിക്കരുത് എന്നാണു എന്റെ തിക്താനുഭവം.
എന്തായാലും ഈ ആഗസ്റ്റിൽ ഞങ്ങൾ ടെക്നിക്കൽ ഹൈസ്‌കൂളിലെ പഴയ സഹപാഠികൾ എല്ലാവരും ഒത്തുചേരുന്നുണ്ട്. റഷീദും, റോയിയും, ഷിബുവും, അഫ്‌സലും, ഗിരീഷും, സുന്ദരനും ഒക്കെ വരുന്നുണ്ട്. ഒപ്പം നമ്മുടെ കഥാനായകനായ അനിലും വരുന്നുണ്ട് ..
പക .. അത് വീട്ടാനുള്ളതാണ് ..
***
ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.
English Summary- Size of Kitchen and Bedroom-Vasthu and Practical Experience