കാണുന്നതെല്ലാം വിശ്വസിക്കരുത്: 'അഴകുള്ള ചക്ക'യും വീടുപണിയും; അനുഭവം
Mail This Article
മൂന്നുവർഷം മുൻപുണ്ടായ സംഭവമാണ്. കൊറോണ മൂലം ലോകം നാലുചുവരുകളിലേക്ക് ഒതുങ്ങിയ സമയം. കൊറോണക്കാലത്തു ഗൾഫിൽനിന്നു നാട്ടിലെത്തി അമ്മാവന്റെ തറവാട്ടിൽ ക്വാറന്റീൻ ഇരിക്കുന്ന ഞാൻ രാവിലെ ഗേറ്റിലേക്ക് ഒന്ന് എത്തിനോക്കിയപ്പോഴാണ് ആ നോട്ടീസ് കാണുന്നത്.
" ഈ വീട്ടിൽ ഒരു വിദ്വാൻ നിരീക്ഷണത്തിൽ ഉണ്ട്, സന്ദർശകർ വഴിമാറിപ്പോകണം."
ആരോഗ്യവകുപ്പിന്റേതാണ്, നല്ലത്.
അങ്ങനെ ചില്ലറ പ്ലാൻ വരപ്പും, ഡിക്ടക്ടീവ് നോവൽ വായനയും ആയി ഏകാന്തവാസം തുടരവെയാണ് ഗേറ്റിൽ ഒരു ആളനക്കം. ഭാഗ്യം, കൊറോണയല്ല. ഒന്നുരണ്ടു നാട്ടുകാരാണ്. പ്രശ്നം പതിവുള്ളതു തന്നെ. ആഗതന്റെ വീടുപണി നടക്കുന്നു, ഞാൻ പ്ലാൻ നോക്കണം, അഭിപ്രായം പറയണം.
പക്ഷേ ഇവിടെ തറപണി പൂർത്തിയായിരുന്നു, ബെൽറ്റും കഴിഞ്ഞു. പോയ ബസ്സിന് കൈകാണിച്ചിട്ടു കാര്യമില്ല. എങ്കിലും പൊതുകാര്യങ്ങൾ ചർച്ച ചെയ്യുന്ന കൂട്ടത്തിലാണ് അവർ അത് പറഞ്ഞത്. വീടിന്റെ ചുവർ കെട്ടുന്നത് കോൺക്രീറ്റ് ബ്ളോക്കിലാണ്. പ്ലാസ്റ്ററിങ് വേണ്ട, ചുവര് നനയ്ക്കേണ്ട കാര്യമില്ല, ഫിനിഷാണെങ്കിൽ അടിപൊളി. മാത്രമല്ല നാട്ടിൽ ധാരാളം ആളുകൾ ഇപ്പോൾ ഇതുപയോഗിക്കുന്നുമുണ്ട്.
സത്യത്തിൽ ഈ ബ്ലോക്കിനെ ഒന്ന് കാണണമെന്നും പരിചയപ്പെടണമെന്നും മുന്നേ ആഗ്രഹിച്ചതായതുകൊണ്ട് ഏകാന്തവാസം കഴിഞ്ഞതും വണ്ടി അവർ പറഞ്ഞ ബ്ലോക്ക് നിർമ്മാണ കമ്പനിയിലേക്ക് വണ്ടി വിട്ടു. വൈകുന്നേരമാണ്, കമ്പനിയിലെ ജോലി സമയം കഴിഞ്ഞിരിക്കുന്നു. ഓണർ സ്ഥലത്തില്ല. ഘടാഘടിയനായ ഒരു ചേട്ടൻ മസിലൊക്കെ പെരുപ്പിച്ചു വാട്ടർ ടാങ്കിന്റെ സമീപത്തുനിന്ന് കുളിക്കുന്നുണ്ട്.
ഹിന്ദുസ്ഥാനി സംഗീതം പഠിക്കാനുള്ള എന്റെ ആഗ്രഹം ഞാൻ സിംഹത്തെ അറിയിച്ചു.
" ഒന്നും പേടിക്കേണ്ട, അടിപൊളി ബ്ലോക്കാണ്"
"ഇതിന്റെ മിക്‌സൊക്കെ ..? ഐ മീൻ അനുപാതം ..?"
"സ്ളാബിനു കൂട്ടുന്ന അതേകൂട്ടാണ്. അതേ ഉറപ്പും."
"പക്ഷേ ഇതിനകത്ത് വേണ്ടത്ര മെറ്റൽ ഇല്ലെന്നു തോനുന്നു. ഒന്ന് പൊട്ടിച്ചു കാണിക്കാമോ ..?"
നിസ്സാരം.
ചേട്ടൻ ഒരു ബ്ലോക്കെടുത്തു, പിന്നെ തന്റെ മസിലുകളിലേക്ക് അഭിമാനത്തോടെ നോക്കിയ ശേഷം ആ ബ്ലോക്ക് ഒരു കരിങ്കല്ലിലേക്ക് ഒറ്റയടി.
ബ്ലോക്ക് ദാ രണ്ടു കഷണം!...
"സ്ളാബിനു കൂട്ടുന്ന മിക്സ് കൊണ്ട് നിർമ്മിച്ച ബ്ലോക്ക് എങ്ങനെ ഒറ്റയടിക്ക് പൊട്ടിക്കാൻ പറ്റും..?"
പണിപാളിയെന്നു ചേട്ടന് മനസ്സിലായി.
മാത്രമല്ല, ബ്ലോക്കിനകത്തു സെക്കൻഡ് ഷോയ്ക്ക് ആളുകൂടിയതുപോലെ അവിടവിടെ ചില മെറ്റൽ കഷണങ്ങൾ അല്ലാതെ ബാക്കി മുഴുവനും സിമെന്റും പാറപ്പൊടിയും ചേർന്ന എൻജിനീയർമാർ 'മോർട്ടാർ' എന്നുവിളിക്കുന്ന ചാന്താണ്. അതും അതിനകത്തെ മെറ്റലിനെ പിടിച്ചു നിർത്താൻ പോലും ത്രാണിയില്ലാത്തത്രയും ദുർബ്ബലമായ ചാന്ത്. ആലങ്കാരികമായി പറഞ്ഞാൽ പുട്ടുപൊടികൊണ്ട് നല്ല ഫിനിഷിങ്ങിൽ ബ്ലോക്കുണ്ടാക്കിയാൽ എങ്ങനെയിരിക്കും, അതുതന്നെ.
മസിലുകാരൻ ചേട്ടന്റെ മറുപടി ഇതാണ്.
"ഇതുവച്ചു എത്രയോ വീടുകൾ ഉണ്ടാക്കുന്നു. പിന്നെന്താണ് കുഴപ്പം ..?"
അപ്പോൾ അതാണ് ന്യായീകരണം. വീട്ടിലെ കറന്റ് പോയാൽ അടുത്ത വീട്ടിലേക്ക് എത്തിനോക്കി അവിടെയും കറന്റില്ലെന്നു കണ്ടാൽ "കുഴപ്പമില്ല" എന്നുപറയുന്ന മലയാളിയുടെ മനഃശാസ്ത്രം.
എന്തുകൊണ്ടാണ് നമ്മുടെ എൻജിനീയർമാർ ഇതൊന്നും ശ്രദ്ധിക്കാത്തത്..?
ഒരു സിമന്റ് ഉത്പന്നം അത് സ്ളാബോ, ബീമോ, ബ്ലോക്കോ, പ്ലാസ്റ്ററിങ്ങോ എന്തുമാകട്ടെ. അതിന്റെ അനുപാതം, നിർമ്മാണ രീതി, ക്യൂറിങ് എല്ലാത്തിലും എൻജിനീയർമാരുടെ ഇടപെടൽ ഉണ്ടാവണം. ക്ലയന്റിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തണം. എന്നിട്ടും ബോധ്യം വരാത്തവരാണെങ്കിൽ സ്ഥലം സ്വന്തം തടി ശുദ്ധമാക്കണം. അല്ലാതെ നാട്ടുനടപ്പനുസരിച്ചല്ല കെട്ടിട നിർമ്മാണത്തിലെ തീരുമാനങ്ങൾ എടുക്കേണ്ടത്. ഇതിനൊക്കെ ഓരോ കയ്യും കണക്കുമുണ്ട്. സിമന്റ് ബ്ലോക്കിന്റെ ഗുണമേന്മയില്ലായ്മയുടെ പല അവസ്ഥാന്തരങ്ങൾ പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ഇത്ര ഭീകരമായ ഒന്ന് ഇതാദ്യമാണ്.
കെട്ടിടത്തിന്റെ ഭാഗങ്ങളെ പൊതുവെ മൂന്നായി തരാം തിരിക്കാം.
ഒന്ന് - സബ് സ്ട്രക്ചർ അഥവാ ഫൗണ്ടേഷൻ.
രണ്ട് - സൂപ്പർ സ്ട്രക്ചർ അഥവാ ചുവരും തൂണും ഒക്കെ അടങ്ങുന്ന ഭാഗം .
മൂന്ന് : റൂഫ് അഥവാ മേൽക്കൂര.
ഒന്നുകൂടെ വ്യക്തമാക്കിയാൽ ഏറ്റവും അടിയിലുള്ളത് സബ് സ്ട്രക്ചർ, തൊട്ടുമുകളിൽ സൂപ്പർ സ്ട്രക്ചർ, ഏറ്റവും മുകളിൽ റൂഫ്.
ഇനിയാണ് ശ്രദ്ധിക്കേണ്ടത്.
ഈ മൂന്ന് ഘടകങ്ങളിൽ എന്തെങ്കിലും പ്രശ്നം വന്നാൽ അത് പരിഹരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതാണ് സബ് സ്ട്രക്ചർ, അഥവാ ഫൗണ്ടേഷൻ. "ഇറ്റീസ് ഇൻക്യൂറബിൾ, അതിനു പരിഹാരം ല്ല്യാ"..
അതുപോലെ ഏറ്റവും അനായാസമായി പ്രശ്നപരിഹാരം നടത്താൻ കഴിയുന്നത് മേൽക്കൂരയിലാണ്. സൂപ്പർ സ്ട്രക്ചർ അഥവാ ഇതിനിടക്കുള്ള ഭാഗത്തു സംഭവിക്കുന്ന പാകപ്പിഴകൾക്കുള്ള പരിഹാരത്തിന്റെ ബുദ്ധിമുട്ട് ഇതിനു രണ്ടിനും ഇടയ്ക്കാണ്. അത്ര എളുപ്പമല്ല, എന്നാൽ അസാധ്യം അല്ലതാനും. എന്നുകരുതി വീട് നിർമ്മിക്കുമ്പോൾ അർഹമായ പ്രാധാന്യം ഭിത്തികൾക്ക് നൽകാതിരിക്കരുത്.
ഭിത്തി നിർമ്മിക്കുന്ന മെറ്റീരിയലിനെ വിലയിരുത്തേണ്ടത് അതിനു ഫിനിഷുണ്ടോ, അല്ലെങ്കിൽ പ്ലാസ്റ്ററിങ് ഒഴിവാക്കാൻ പറ്റുമോ എന്നു മാത്രം നോക്കിയാവരുത്. അതിനു ദീർഘകാലം ഭാരം താങ്ങാനുള്ള കഴിവുണ്ടോ എന്ന് മാത്രമായിരിക്കണം നമ്മുടെ പ്രഥമ പരിഗണന. ബാക്കിയെല്ലാം രണ്ടാമതാണ്. അതിനാൽ ശ്രദ്ധിക്കണം.
വീടുപണിയാൻ നിരവധി പുതിയ ബ്ലോക്കുകൾ ഇപ്പോൾ രംഗത്തിറങ്ങിയിട്ടുണ്ട്. ഇവയെല്ലാം മോശമാണ് എന്ന് പറയാനല്ല ഉദ്ദേശിച്ചത്. സാമാന്യവൽക്കരിച്ചു പറയുന്നില്ലെങ്കിലും 'കോൺക്രീറ്റ് ബ്ലോക്ക്' എന്ന പേരിൽ നമുക്കിടയിൽ കാണുന്ന വലിയൊരു വിഭാഗം ബ്ലോക്കുകളും അവക്ക് വേണ്ടുന്ന യോഗ്യതാ മാനദണ്ഡങ്ങളുടെ ഏഴയലത്തു പോലും പോകുന്നില്ല. ഫലം അതീവ ഗൗരവമുള്ളതാണ്. ആയുസ്സെത്തും മുന്നേ ഭാരം താങ്ങുന്ന ബ്ലോക്കുകളുടെ സിമന്റിങ് ശേഷി നഷ്ടപ്പെട്ടു പോകും. മുകളിലത്തെ ഭാരത്തെ താങ്ങാൻ ഭിത്തിക്ക് കെൽപില്ലാതെ വരും, വീട് അകാലമൃത്യുവിനിരയാവും.
ഇക്കാരണം കൊണ്ടുതന്നെ കോൺക്രീറ്റ് ബ്ലോക്ക് കൊണ്ട് വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഓരോ ലോഡിൽ നിന്നും ഏതാനും സാമ്പിൾ ബ്ലോക്കുകൾ മെറ്റീരിയൽ ടെസ്റ്റിങ് ലാബുകളിൽ കൊണ്ടുപോയി പരിശോധനാവിധേയമാക്കണം. അല്ലാതെ ഭംഗിയും ഫിനിഷും കണ്ടു മാത്രം ഒരു നിർമാണവസ്തുവിനെ വിലയിരുത്തരുത്. 'അഴകുള്ള ചക്കയിൽ ചുളയില്ല' എന്ന ശൈലി ഇവിടെ അന്വർഥമാണ്...
***
ലേഖകന്റെ വാട്സാപ്പ് നമ്പർ- +971 50 731 0906
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്.
English Summary- Ensure Quality of Building Blocks Before House Construction