വീടുപണിയും 'പൃഥ്വിരാജിന്റെ ലംബോർഗിനി'യും...
കുറച്ചുനാളുകൾക്കുമുൻപാണ് ഒരുദിവസം രാവിലെ ദുബായ് നഗരത്തിലെ അമ്പലത്തിന്റെ പരിസരത്തുകൂടി കുടുംബവുമൊത്ത് ചുമ്മാ കറങ്ങി നടക്കുന്ന ഞാൻ ആ കാഴ്ച കാണുന്നത്. ഒരു കാർ. ലോകത്തെ ഏറ്റവും
കുറച്ചുനാളുകൾക്കുമുൻപാണ് ഒരുദിവസം രാവിലെ ദുബായ് നഗരത്തിലെ അമ്പലത്തിന്റെ പരിസരത്തുകൂടി കുടുംബവുമൊത്ത് ചുമ്മാ കറങ്ങി നടക്കുന്ന ഞാൻ ആ കാഴ്ച കാണുന്നത്. ഒരു കാർ. ലോകത്തെ ഏറ്റവും
കുറച്ചുനാളുകൾക്കുമുൻപാണ് ഒരുദിവസം രാവിലെ ദുബായ് നഗരത്തിലെ അമ്പലത്തിന്റെ പരിസരത്തുകൂടി കുടുംബവുമൊത്ത് ചുമ്മാ കറങ്ങി നടക്കുന്ന ഞാൻ ആ കാഴ്ച കാണുന്നത്. ഒരു കാർ. ലോകത്തെ ഏറ്റവും
കുറച്ചുനാളുകൾക്കുമുൻപാണ് ഒരുദിവസം രാവിലെ ദുബായ് നഗരത്തിലെ അമ്പലത്തിന്റെ പരിസരത്തുകൂടി കുടുംബവുമൊത്ത് ചുമ്മാ കറങ്ങി നടക്കുന്ന ഞാൻ ആ കാഴ്ച കാണുന്നത്.
ഒരു കാർ.
ലോകത്തെ ഏറ്റവും ആഡംബരപൂർണ്ണമായ കാറുകൾ ഒഴുകി നടക്കുന്ന ദുബായ് നഗരത്തിൽ 'ഒരു കാർ' എന്നൊക്കെ പറയുന്നത് ഒരു കാഴ്ചയാണോ ചേട്ടാ എന്ന് നിങ്ങളിൽ പലരും സംശയിച്ചേക്കാം. എന്നാൽ ഇതങ്ങനെ ഒരു സാദാ കാർ അല്ല, ഒരു ലംബോർഗിനി കാറാണ്, അടിമുടി സ്വർണ്ണനിറമുള്ള ഒരു ലംബോർഗിനി കാർ.
നമ്മുടെ വിഷയം കാറല്ല.
എങ്കിലും ഈ ലംബോർഗിനി കാറിനെ ഒന്ന് വിശദമായി കാണാൻതന്നെ ഞാൻ തീരുമാനിച്ചു, അതുകൊണ്ടുതന്നെ അതിന്റെ അടുത്തുപോയി മുക്കും മൂലയും ഒക്കെ നോക്കിക്കണ്ടു. മാത്രമല്ല, പൊതുവെ കാർ വിഷയങ്ങളിൽ അത്ര താൽപര്യമില്ലാത്ത ഭാര്യക്ക് ഈ കാറിനെപ്പറ്റി പറഞ്ഞു കൊടുക്കുകയും ചെയ്തു:
" ഇറ്റാലിയൻ സ്പോർട്സ് കാറാണ്, ഇന്ത്യയിൽ മൂന്നുനാലു കോടി രൂപാ വിലവരും, നമ്മുടെ സിനിമാനടൻ പൃഥ്വിരാജിന്റെ കയ്യിൽ ഒരെണ്ണം ഉണ്ട്." (പുള്ളി പിന്നീട് അത് വിറ്റു എന്നും എവിടെയോ വായിച്ചിരുന്നു)
അതോടെ ഭാര്യ ആ കാറിനെ ആദരപൂർവ്വം ഒന്ന് വീക്ഷിച്ചു, പിന്നെ ഒപ്പം നടന്നിരുന്ന മകന് കാറിനെ പരിചയപ്പെടുത്തി.
" ദേ, പൃഥ്വിരാജിന്റേത് പോലുള്ള കാർ"
അവധി ദിവസം ആയതുകൊണ്ട് രാവിലെത്തന്നെ അമ്പലത്തിന്റെ പരിസരമാകെ ഇന്ത്യക്കാർ കയ്യടക്കിയിരിക്കുന്നു. കൂടുതലും മലയാളികളും ഗുജറാത്തികളുമാണ്. അവർക്കിടയിൽ വച്ചാണ് ഞാൻ കുടുംബത്തിന് ഈ കാർ പരിചയപ്പെടുത്തൽ കർമ്മം നടത്തുന്നത്, അതുകൊണ്ടുതന്നെ ഞാൻ പറയുന്നത് കേട്ടുകൊണ്ട് പലരും നിൽപ്പുണ്ട്.
എന്തായാലും കാറിനെ പിന്നിൽ ഉപേക്ഷിച്ചുകൊണ്ട് ഞാൻ മുന്നോട്ടു നടന്നു, ഏതാണ്ടൊരു പത്തമ്പതു മീറ്റർ മുന്നോട്ടു നടന്നപ്പോഴാണ് പിന്നിൽ നിന്നും ഒരാരവം കേൾക്കുന്നത്. പിന്തിരിഞ്ഞു നോക്കിയപ്പോൾ മുൻപ് ഞാൻ നിന്നിടത്ത് ഏതാണ്ടൊരു പത്തഞ്ഞൂറ് ആളുകൾ തടിച്ചു കൂടി നിൽപ്പുണ്ട് .
വല്ല അപകടമോ മറ്റോ ആണെന്ന് കരുതി കാര്യം അറിയാനായി കുടുംബത്തെ അവിടെ നിർത്തി ഞാൻ പുറകോട്ടു നടന്നു, അവിടെ റോഡരുകിൽ ഈന്തപ്പഴ കച്ചവടം നടത്തിയിരുന്ന ഒരു മലയാളി ചേട്ടനോട് കാര്യം തിരക്കി. ചേട്ടൻ എന്നെ പിടിച്ചു റോഡിൽ നിന്ന് മാറ്റി നിർത്തി.
" എന്റെ ചേട്ടാ, അത്ര വലിയ പ്രശ്നം ഒന്നുമല്ല. നമ്മുടെ സിനിമാനടൻ പൃഥ്വിരാജ് മൂപ്പരുടെ ലംബോർഗിനി കാറിൽ ഇപ്പോൾ ഇതുവഴി പോയിരുന്നു, ഭാര്യ സുപ്രിയയാണ് വണ്ടി ഓടിക്കുന്നത്, അമൽ നീരദിന്റെ പുതിയ പടത്തിന്റെ ഷൂട്ടിങ്ങിനു വന്നപ്പോൾ രാവിലെ അമ്പലത്തിൽ തൊഴാൻ വന്നതാണ്, ഇവിടടുത്തു ഹയാത്ത് റീജൻസിയിലാണ് താമസം, ഒരാഴ്ച ദുബായിയിൽ ഉണ്ടാവും. പുള്ളിയെ കാണാൻ കൂടിയ ആൾക്കൂട്ടമാണ്"
എന്റെ കണ്ണ് നിറഞ്ഞുപോയി. അത്രമാത്രം സമഗ്രം, ആധികാരികം, സുവ്യക്തം.
സാമാന്യവൽക്കരിച്ചു പറയുന്നില്ലെങ്കിലും ഒട്ടുമിക്ക മലയാളികളുടെയും അവസ്ഥ ഇതാണ്. ഒരു കാര്യം കേട്ടാൽ അതേപ്പറ്റി വസ്തുനിഷ്ഠാപരമായി അന്വേഷിക്കുകയോ, ചിന്തിക്കുകയോ ഒന്നുമില്ല. ചുമ്മാ എല്ലാവരും ചെയ്യുന്നത് അവരും ചെയ്യും.
ഈ പ്രവണത ഏറ്റവും അധികം കൂടുതലുള്ള ഒന്നാണ് നമ്മുടെ വീട് നിർമാണ മേഖല. അവിടെ പ്രചരിക്കുന്ന കരക്കമ്പികളും, അഭ്യൂഹങ്ങളും എണ്ണിയാലൊടുങ്ങാത്തതാണ്. എന്നാൽ ഇതിനൊക്കെ എന്തെങ്കിലും ശാസ്ത്രീയ പിൻബലമുണ്ടോ എന്ന് ചോദിച്ചാൽ അങ്ങനെയൊന്നും ഉണ്ടാവില്ല, ചുമ്മാ ആളുകൾ പറഞ്ഞു പരത്തുന്നു, മറ്റുള്ളവർ അത് വിശ്വസിക്കുന്നു എന്ന് മാത്രം.
അത്തരത്തിൽ ഒരഭ്യൂഹമാണ് 'ചെരിഞ്ഞ സ്ളാബുകൾ വീടുകൾക്ക് ദോഷം ചെയ്യും' എന്നത്. ഈയിടെ ഞാനും കേട്ടു ഇത്. മുൻപും പലതവണ കേട്ടിട്ടുണ്ട്, നിങ്ങളും കേട്ടുകാണും.
ദുബായിയിൽ ജോലി ചെയ്യുന്ന മധ്യ കേരളത്തിലെ ദമ്പതികൾക്കായി ഞാൻ രൂപകൽപന ചെയ്ത വീടിന്റെ കാര്യങ്ങൾ കോൺട്രാക്ടറുമായി ചർച്ചചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
" സാറേ, ചെരിഞ്ഞ സ്ളാബ് നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റില്ല, ഫ്ലാറ്റ് ആയി വാർക്കാം. പിന്നെ മുകളിൽ ട്രസ് ഇടാം"
ഈ വിഷയത്തിന്റെ ആധികാരികത പരിശോധിക്കും മുൻപ് നമുക്കൽപം പുറകോട്ടു പോകാം. ആദികാലത്ത് മനുഷ്യൻ ഗുഹകളിൽ ആണ് താമസിച്ചിരുന്നത്. എന്നാൽ പ്രകൃതിജന്യമായ ഗുഹകളിൽ തനിക്ക് വേണ്ടുന്ന സൗകര്യങ്ങൾ മുഴുവൻ ഇല്ലെന്നു മനസ്സിലായതോടെ അവൻ സ്വന്തമായ അഭിരുചികൾക്കനുസരിച്ചു വീടുണ്ടാക്കാൻ തുടങ്ങി. മഴയില്ലാത്ത നാടുകളിൽ അവൻ പരന്ന മേൽക്കൂര നിർമിച്ചു. മഴ ഉള്ള സ്ഥലങ്ങളിൽ ചെരിഞ്ഞ മേൽക്കൂര ഉണ്ടാക്കിയെടുത്തു. മഞ്ഞുവീഴുന്ന ഇടങ്ങളിൽ മേൽക്കൂരയിൽ വീണ മഞ്ഞു എളുപ്പത്തിൽ താഴെ വീണുപോകാനായി കൂർത്ത, നല്ല ചെരിവുള്ള മേൽക്കൂരകൾ സൃഷ്ടിച്ചു.
ഇനി നമ്മുടെ കാര്യം നോക്കാം. നമുക്ക് മഴയും വെയിലും ഉണ്ട്, മഞ്ഞു വീഴ്ച ഇല്ല.
അതിനാൽ മീഡിയം ചെരിവുള്ള മേൽക്കൂരകളാണ് നമുക്ക് വേണ്ടത്. ആദികാലങ്ങളിൽ ഇത് തെങ്ങിന്റെയും, പനയുടെയും ഓലകൾ കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. ചിലർ പുല്ലും, വൈക്കോലും ഉപയോഗിച്ച് പോന്നു. പിൽക്കാലത്തു ഓട് വന്നു. പിന്നീടാണ് കോൺക്രീറ്റ് രംഗപ്രവേശം ചെയ്യുന്നത്.
സത്യം പറഞ്ഞാൽ കോൺക്രീറ്റ് എത്തുന്നതുവരെയും നമ്മുടെ മേൽക്കൂരകൾ ചെരിഞ്ഞതായിരുന്നു. കോൺക്രീറ്റ് വന്നതോടെ ഏതു ഷെയ്പ്പിലും മേൽക്കൂരകൾ നിർമ്മിക്കാം എന്നായി. വീണ്ടും നമുക്ക് പഴയ ചോദ്യത്തിലേക്ക് വരാം. ചെരിഞ്ഞ കോൺക്രീറ്റ് മേൽക്കൂരയാണോ, അതോ പരന്ന സ്ളാബ് ആണോ നമുക്ക് നല്ലത്..?
ശാസ്ത്രീയമായി നിർമ്മിച്ചെടുത്താൽ ഈ രണ്ടിനും യാതൊരു കുഴപ്പവും ഇല്ലെന്നാണ് എന്റെ പക്ഷം. എന്നിരുന്നാലും പൂർണ്ണമായും യൂറോപ്യൻ രീതിയിൽ ഉള്ള കുത്തനെയുള്ള മേൽക്കൂര നിർമ്മിക്കാൻ കോൺക്രീറ്റ് വേണ്ട എന്നൊരു അഭിപ്രായം എനിക്കുണ്ട്. എന്നുകരുതി അത് അസാധ്യമാണ് എന്നൊന്നും ഞാൻ പറഞ്ഞില്ല. നമ്മുടെ നാട്ടിൽ ലഭ്യമായ സാങ്കേതിക വിദ്യയെ ആസ്പദമാക്കി അങ്ങനെ ചെയ്യേണ്ട എന്ന് പറഞ്ഞെന്നു മാത്രം.
ചെരിഞ്ഞ കോൺക്രീറ്റ് മേൽക്കൂരയെ എതിർക്കുന്നവർ അതിന്റെ ന്യൂനതയായി പറയുന്നത് അതിൽ ലീക്ക് രൂപപ്പെടാനുള്ള ഒരു സാധ്യതയാണ്.
സംഗതി നേരാണ്, അങ്ങനെ ഒരു സംഭവ്യത ഉണ്ട്. എന്നാൽ കൃത്യമായ കനത്തോടെ, സ്ട്രക്ച്ചറൽ എൻജിനീയറിങ് നിയമങ്ങൾ പാലിച്ചുകൊണ്ട്, വാട്ടർ - സിമെന്റ് റേഷ്യോ അനുസരിച്ചു, കോമ്പാക്ട് ചെയ്യപ്പെട്ടു നിർമിക്കുന്ന കോൺക്രീറ്റ് മേൽക്കൂരകളിൽ ഇതിനുള്ള സാധ്യത തുലോം വിരളമാണ്.
മാത്രമല്ല മേൽപറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന പരന്ന കോൺക്രീറ്റ് മേൽക്കൂരയിൽ ലീക്കിനുള്ള സാധ്യത ഏറെയുമാണ്. അതുമാത്രമല്ല ഒട്ടുമിക്ക ചെരിഞ്ഞ കോൺക്രീറ്റ് മേൽക്കൂരയിലും നാം ഷിംഗിൾസോ, ഓടോ ഒക്കെ വിരിക്കും. അതോടെ സ്ളാബ് പൂർണ്ണമായും സംരക്ഷിക്കപ്പെടും.
ഇനി നമുക്ക് എന്തുകൊണ്ടാണ് കോൺട്രാക്ടർമാർ ഇത്തരം ഒരു വാദഗതി ഉയർത്തുന്നത് എന്ന് നോക്കാം.
ഉത്തരം ലളിതമാണ്. പരന്ന സ്ളാബ് നിർമിക്കുന്നതിനേക്കാൾ കൂടുതൽ സ്‌കിൽ വേണ്ടുന്ന ഒരു ജോലിയാണ് ചെരിഞ്ഞ സ്ളാബിനു തട്ടടിക്കൽ. ഈ സ്‌കിൽ, ചെയ്യുന്ന ജോലിക്കാരനും വേണം, സൈറ്റിൽ ഉള്ള എൻജിനീയർക്കും വേണം. ജോലിക്കാരന് അറിയാത്ത കാര്യം ചെയ്തു കാണിച്ചുകൊടുക്കാൻ എൻജിനീയർ ബാധ്യസ്ഥനാണ് എന്നർത്ഥം.
തീർന്നില്ല, കോൺട്രാക്ടറെ സംബന്ധിച്ചിടത്തോളം വേറൊരു കീറാമുട്ടി ഉണ്ട്. മുൻപൊക്കെ സ്ളാബിനു തട്ടടിക്കാൻ മരപ്പലകകൾ ആണ് ഉപയോഗിച്ചിരുന്നത്. ഇവയെ വിവിധ ഷെയ്പ്പുകളിൽ മുറിച്ചെടുത്താൽ ചെരിഞ്ഞ മേൽക്കൂര ഈസിയായി സെറ്റു ചെയ്യാം. എന്നാൽ ഇക്കാലത്തു പ്രചാരത്തിലുള്ള സ്റ്റീൽ ഷീറ്റുകളിൽ ഇതത്ര എളുപ്പമല്ല.
ഇതെല്ലാം വസ്തുതകൾ തന്നെയാണ്. എന്നാൽ അതിനെ മറികടക്കാനായി ചെരിഞ്ഞ സ്ളാബുകൾ അശാസ്ത്രീയമാണ് എന്ന പ്രചാരണം നടത്തുകയല്ല വേണ്ടത്.
ഇനി അഥവാ കോൺട്രാക്ടർമാർ അങ്ങനെ പറഞ്ഞാലും അതിനെ പ്രതിരോധിക്കേണ്ട ചുമതല എൻജിനീയർമാർക്കുണ്ട്. കാരണം കാഴ്ചയിൽ ഒരു ചെരിഞ്ഞ മേൽക്കൂര സൃഷ്ടിക്കാൻ മാത്രമായി വീടിന്റെ മുകൾ ഭാഗം ട്രസ് ചെയ്യേണ്ടി വരുമ്പോൾ ക്ലയന്റിന്റെ പോക്കെറ്റിൽ നിന്നും ഒലിച്ചു പോകുന്നത് ലക്ഷങ്ങളാണ്.
ഇത് സംബന്ധമായി ചർച്ച ചെയ്യേണ്ട സാങ്കേതിക വിഷയങ്ങൾ, ചോദ്യങ്ങൾ, ഇനിയുമുണ്ട്. അവക്കെല്ലാം ശാസ്ത്രീയമായ, വിശ്വസനീയമായ ഉത്തരങ്ങൾ തേടുക. അതുവഴി തീരുമാനങ്ങൾ എടുക്കുക.
***
എന്തായാലും ഈന്തപ്പഴക്കാരന്റെ വിശദീകരണം കേട്ടശേഷം തിരികെ നടക്കുമ്പോൾ ഞാനും ചിന്തിച്ചു.
" സത്യത്തിൽ നമ്മുടെ പൃഥ്വിരാജ് എങ്ങാൻ ഇനി അതിലേ പോയിക്കാണുമോ ..?"
ഒന്നും പറയാൻ പറ്റാത്ത കാലമാണ് ..
ബിരിയാണി ഏതു വഴിക്കാണ് വരാൻ പോകുന്നതെന്ന് ആർക്കും പറയാനാവില്ല...
English Summary- House Construction Myths Solved- Expert Experience