വീട്ടിലെ ചൂടും ആയുസ്സ് കുറയുന്ന കേരളത്തിലെ വീടുകളും; എന്താണ് പരിഹാരം?
Mail This Article
ഒന്നുരണ്ടു മാസം മുൻപാണ് റാന്നിക്കാരി സിനി എന്നെ വിളിക്കുന്നത്. സിനിക്ക് ഒരു പഴയ വീടുണ്ട്, ഏതാണ്ടൊരു അമ്പതു കൊല്ലം പഴക്കമുള്ള കോൺക്രീറ്റ് വീട്. ആ വീടിന്റെ മുകളിലേക്ക് തന്റെ ബിസിനസ് ആവശ്യങ്ങൾക്കായി ഒരുനില കൂടി പണിയണം, ഈ വിഷയത്തിൽ എന്റെ അഭിപ്രായം അറിയണം.
അമ്പതു കൊല്ലം പഴക്കമുള്ള വീടാണ്; മുകളിലേക്ക് വിപുലപ്പെടുത്തുംമുൻപ് ഒന്നല്ല, ഒൻപതു വട്ടം ചിന്തിക്കണം. എന്നിരുന്നാലും ആദ്യമേ തന്നെ ഞാൻ അവർക്കൊരു വാക്കു കൊടുത്തു. 99 ശതമാനവും ഒരുനിലകൂടി മുകളിലേക്ക് എടുക്കാൻ ആ വീട് പര്യാപ്തമായിരിക്കും. എങ്കിലും ബാക്കി ഒരു ശതമാനം ഉണ്ട്. ആ ഒരുശതമാനം കൂടി ഉറപ്പിക്കാനാണ് ഞാൻ റാന്നിക്ക് വണ്ടി തിരിക്കുന്നത്.
എന്റെ നിഗമനം ശരിയായിരുന്നു, മുകളിലേക്ക് ഒരുനിലകൂടി എടുക്കാനുള്ള ത്രാണി ആ കെട്ടിടത്തിന് ഉണ്ടായിരുന്നു. അതുമല്ല ഇനി ഒരു പത്തുമുപ്പതു കൊല്ലം കൂടി ആ വീട് വലിയ പ്രശ്നം ഒന്നുമില്ലാതെ നിലനിൽക്കുകയും ചെയ്യും. എന്തുകൊണ്ട് എന്ന് പിന്നെപ്പറയാം...
എന്നാൽ നിങ്ങൾ ഇപ്പോൾ താമസിക്കുന്ന, അഥവാ പണിതുകൊണ്ടിരിക്കുന്ന വീടിന് എത്ര ആയുസ്സ് ഉണ്ടാകും എന്ന് ആലോചിച്ചിട്ടുണ്ടോ..?
സാമാന്യവൽക്കരിച്ചു പറയുന്നില്ലെങ്കിലും നിലവിലെ നിർമാണ സംസ്കാരം പിന്തുടരുന്ന നല്ലൊരു ശതമാനം വീടുകളും ഒരു മുപ്പത് വർഷത്തിനപ്പുറം പോവില്ല. എന്തുകൊണ്ട് എന്ന് നമുക്ക് പിന്നീട് വിശദമായി പരിശോധിക്കാം.
ഒരാളുടെ 40 വയസ്സിൽ പണിതുയർത്തുന്ന വീട് ഏതാണ്ട് 70 വയസ്സ് ആവുമ്പോഴേക്കും ജീർണ്ണാവസ്ഥയിൽ എത്തിയിരിക്കും എന്നർഥം. അന്ന് വീണ്ടും ഒരുവീട് പണിയാനുള്ള ആരോഗ്യമോ സാമ്പത്തികമോ ഉണ്ടാകണമെന്നില്ല.
ചുമ്മാ പറയുന്നതല്ല.
15 വർഷം പഴക്കമുള്ള വീടുകളിൽ പോലും ജീർണ്ണതയുടെ ആദ്യപടിയായ, സിവിൽ എൻജിനീയർമാർ 'സ്പാളിങ്' എന്ന് വിളിക്കുന്ന കോൺക്രീറ്റ് അടർന്നുവീഴൽ ആരംഭിച്ച കേസുകൾ നേരിട്ടറിയാം. എന്നുവച്ചാൽ വീടിന്റെ നിർമാണത്തിന് എടുത്ത കടം അടച്ചു തീർക്കും മുൻപേ വീട് ജീർണ്ണാവസ്ഥയിൽ എത്തുന്ന അവസ്ഥ.
ഈ അവസ്ഥയ്ക്ക് പല കാരണങ്ങൾ ഉണ്ടെങ്കിലും വലിയൊരു കാരണം കാലാവസ്ഥയ്ക്ക് യോജിക്കാത്ത ഡിസൈനുകൾ അവലംബിക്കുന്നതാണ്. ഏതൊരു വീടും പ്രകൃതിശക്തികളിൽ നിന്നും സ്വയം സംരക്ഷിക്കുന്നതാവണം, ഈട് നിൽക്കുന്നതായിരിക്കണം. എങ്കിലേ ആ വീടിന് അതിനകത്തു താമസിക്കുന്നവരുടെ സുഖവും സംരക്ഷണവും ഉറപ്പുനൽകാനാവൂ.
പറഞ്ഞു വന്നത് ഇതാണ്: നമ്മുടെ കാലാവസ്ഥയ്ക്ക് നിരക്കാത്ത വീടുകളുടെ അകത്തളങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്ന ചൂട്, ആ വീടുകളുടെ ആയുസ്സിന്റെ സൂചിക കൂടിയാണ്. അതുകൊണ്ടുതന്നെ പലപ്പോഴും ഈ ചൂടിനെ പ്രതിരോധിക്കാനുള്ള സ്വാഭാവിക മാർഗങ്ങൾ വീടിന്റെ ആയുസ്സും, കെട്ടുറപ്പും വർധിപ്പിക്കുന്നതുകൂടിയാണ്.
നമുക്ക് നോക്കാം.
മുഖ്യമായും മൂന്നു വഴികളിലൂടെയാണ് വീടിനകത്തേക്ക് ചൂട് എത്തിച്ചേരുന്നത് എന്ന് നാം കണ്ടു.
ജനാലകൾ, കോൺക്രീറ്റ് മേൽക്കൂര, ഭിത്തികൾ എന്നിവയാണവ.
ഈ മൂന്നിനേയും വെയിലും മഴയും ഏൽക്കാതെ സംരക്ഷിച്ചാൽ ഈ ദൗത്യത്തിന്റെ ആദ്യപടി നാം വിജയിച്ചു. എന്നാൽ ഇതൊന്നും പാലിക്കാതെ നിർമിച്ച വീടുകളിൽ എന്ത് ചെയ്യണം ..?
ജനാലകളെയും ഭിത്തിയെയും സംരക്ഷിക്കാനായി സൺഷെയ്ഡുകൾ നിർമിക്കണം.
എങ്ങനെ..?
നിലവിൽ നിർമാണം പൂർത്തിയായ ഒരു കെട്ടിടത്തിൽ കോൺക്രീറ്റ് ഷെയ്ഡുകൾ സ്ഥാപിക്കുക എന്നത് ധനവാൻ സ്വർഗത്തിൽ കയറുന്നതുപോലെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ട്രെസ്സും ഓടും ഉപയോഗിക്കുന്നതാണ് ബുദ്ധി. കനം കുറവാണ്, ജോലിയും എളുപ്പമാണ്, പുനരുപയോഗ സാധ്യതയും ഏറെയാണ്.
ഇങ്ങനെ ചെയ്യുമ്പോൾ വീടിന്റെ ഭംഗി കുറയില്ലേ എന്ന് സംശയിക്കുന്നവർ ഉണ്ടാകാം. എന്നാൽ ഒരൽപം കലാബോധമുള്ള ഒരു ഫാബ്രിക്കേഷൻ ജോലിക്കാരനോ, കോൺട്രാക്ടർക്കോ ഈ ജോലി ചെയ്യാം, അല്ലെങ്കിൽ ഒരു ആർക്കിടെക്ടിനെയോ, എൻജിനീയറെയോ സമീപിക്കാം.
പിന്നെ ഉള്ളത് മേൽക്കൂരയാണ്. അവിടെയും ഇതുതന്നെ ചെയ്യണം.
ഇങ്ങനെ ചെയ്യും മുൻപേ, എങ്ങനെയാണ് ഈ റൂഫിങ് നടത്താൻ പോകുന്നത് എന്നുകാണിക്കുന്ന റൂഫ് പ്ലാൻ ആവശ്യപ്പെടാം. അതിനെ കലാപരമാക്കി വീടിന്റെ ഭംഗി കൂട്ടാം. നല്ല വെയിൽ വീഴുന്ന ജനാലകളിൽ അത് ഒഴിവാക്കാനായി സൺഷെയ്ഡിനു താഴെയായി ബാംബൂ പ്ലൈ സ്ക്രീനുകൾ സ്ഥാപിക്കാം. വെയിൽ ഇല്ലാത്തപ്പോഴും മഴക്കാലത്തും ഒക്കെ ഇത് ചുരുട്ടിവയ്ക്കാം.
വീടിന് പുറത്തു കടുംനിറങ്ങൾ പൂശിയിട്ടുണ്ടെങ്കിൽ അത് മാറ്റി വെള്ളയോ, ഇളം നിറങ്ങളിലോ ഉള്ള താപപ്രതിഫലന ശേഷി കൂടിയ പെയിന്റുകൾ അടിക്കാം. ഇതുവരെ നാം ചെയ്തത് വീടിനകത്തേക്ക് താപം എത്തുന്നത് തടയാനുള്ള വഴികളാണ്. എന്നാലും ഇതിനെയൊക്കെ മറികടന്നുകൊണ്ട് ചൂട് വീടിനകത്തു കയറും. മൂന്നു തരം. അതിനെ പുറത്തു കളയണം.
എക്സ്ഹോസ്റ്റ് ഫാനുകളാണ് ഏറ്റവും ചെലവ് കുറഞ്ഞ വഴി. വീടിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത്, ചുടുവായു കേന്ദ്രീകരിക്കുന്ന സ്ഥലത്ത് ഒരിടത്തായി ഈ ഫാൻ സ്ഥാപിക്കാം. അവിടെനിന്നും ഈ ചുടു വായുവിനെ പുറംതള്ളണം.
എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ വീടിനുള്ളിലേക്ക് ഒഴുകിയെത്തുന്ന വായുവിന്റെ പ്രവാഹ പാതയെക്കുറിച്ച് ഒരു ധാരണ വേണം. എക്സ്ഹോസ്റ്റ് ഫാനിനു തൊട്ടടുത്തായി തുറന്നു കിടക്കുന്ന ജനാലകൾ ഉണ്ടെങ്കിൽ ഈ പരിപാടി കാര്യമായ ഗുണം ചെയ്യില്ല. ഒന്നോ അതിൽ അധികമോ ഇടങ്ങളിൽ ഈ ഫാൻ രീതി പരീക്ഷിക്കാം.
വലിയ വീടുകളാണെങ്കിൽ സുരക്ഷിതമായ രീതിയിൽ സ്ലാബ് മുകളിലേക്ക് തുറന്നു സ്വാഭാവിക നടുമുറ്റങ്ങൾ ഉണ്ടാക്കാം, അതിനുമുൻപായി പരിചയസമ്പന്നനായ ഒരു എൻജിനീയറുടെ അഭിപ്രായവും മേൽനോട്ടവും സ്വീകരിക്കണം എന്നുമാത്രം. ചുരുക്കിപ്പറഞ്ഞാൽ വീടിനകത്തെ വായുസഞ്ചാരം കൂട്ടണം, ഏതു വിധേനയും.
ആലങ്കാരികമായി പറഞ്ഞാൽ മൂക്കും വായയും അടച്ചു പിടിച്ച രീതിയിലാണ് നിലവിലെ പല വീടുകളും. അവ ശ്വസിക്കുന്നില്ല. വീട് ശ്വസിച്ചാലേ വീടിനകത്തുള്ളവർ ശ്വസിക്കൂ. അതിനായി സ്വീകരിക്കുന്ന നടപടികൾ, പ്ലാനിങ് രീതികൾ ഒക്കെ വീടിന്റെ ശരാശരി ആയുസ്സിനെ വർദ്ധിപ്പിക്കുന്നവ കൂടി ആകണം.
ഒരു കാര്യം കൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം. നിലവിൽ നമ്മുടെ വീട് നിർമാണത്തിൽ സർക്കാർതലത്തിൽ ഉള്ള ചില ഇടപെടലുകൾ ഉണ്ട്. വീടിന്റെ മുറ്റം, വശങ്ങളിൽ നിന്നും അതിരുകളിലേക്കുള്ള അളവുകൾ, ഉയരം, പാർക്കിങ് എന്നീ മേഖലകളിൽ എല്ലാം സർക്കാർ നിയന്ത്രണങ്ങൾ ഉണ്ട്.
പക്ഷേ, നമ്മുടെ വീട് നിർമാണ രീതിയിൽ ഒരു നിയന്ത്രണവും സർക്കാരിന് ഇല്ല. ഇതിന്റെ ബാഹ്യ കാഴ്ചയിലോ, അകത്തെ സ്വാഭാവിക വെന്റിലേഷൻ സംവിധാനത്തിലോ, ഉറപ്പിന്റെ കാര്യത്തിലോ സർക്കാർ കൈ കടത്തുന്നില്ല. അത് മാറണം.
പ്ലാനിന്റെ ഓരോ മുക്കും മൂലയും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാകണം. യൂറോപ്പിൽ ഒക്കെ ഉള്ളവരോട് ചോദിച്ചാൽ മതി, അവർ പറഞ്ഞുതരും.
യൂറോപ്പാണോ ചേട്ടാ കേരളം..?
അല്ല.
എന്നാൽ ഇതുകൊണ്ടു നമുക്കുതന്നെ പല ഗുണങ്ങൾ ഉണ്ട്. നിലവിൽ കേരളത്തിലെ രാത്രികാല വൈദ്യുതി ഉപഭോഗം അതിന്റെ പരകോടിയിലാണ്. വായ്പ എടുത്തുപോലും ആളുകൾ എസി വാങ്ങിക്കുന്ന അവസ്ഥയാണ്. നമ്മുടെ വീടുകളിൽ സ്വാഭാവിക വെന്റിലേഷനും തണുപ്പും നേടിയെടുക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഈ വൈദ്യുതി ഉപയോഗത്തിന്റെയും അധിക ചെലവിന്റെയും വലിയൊരു ശതമാനം ഒഴിവാക്കാമായിരുന്നു.
ആരോട് പറയാൻ ..? ആര് കേൾക്കാൻ ..?
ഒക്കെ ഒരു വെറും ഭ്രാന്തന്റെ കിനാശ്ശേരി സ്വപ്നം...
***
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ, വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്. email- naalukettu123@gmail.com