വീട്ടിലേക്ക് കയറുന്ന സ്റ്റെപ്പുകളുടെ എണ്ണം ഇരട്ട അക്കത്തിൽ അവസാനിച്ചാൽ പ്രശ്നമാണോ?
ഒരു ഗ്ലാസ് ചൂട് കട്ടനുമായി സിറ്റൗട്ടിൽ വന്നിരുന്നു മഴയുംനോക്കി മൊബൈലിൽ കുത്തിയിരിക്കുമ്പോഴാണ് ഞാൻ ആ വിഡിയോ കാണുന്നത്. അത് ഇതിനകം പത്തുപതിനഞ്ചു ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു. വീടുകളുടെ മുന്നിലെ സ്റ്റെപ്പുകളുടെ എണ്ണത്തെപ്പറ്റിയാണ് ഈ വിഡിയോ, അത് ലാഭം, നഷ്ടം, വീണ്ടും ലാഭം എന്നീ കണക്കുകളിലാണ് എന്നും അഥവാ
ഒരു ഗ്ലാസ് ചൂട് കട്ടനുമായി സിറ്റൗട്ടിൽ വന്നിരുന്നു മഴയുംനോക്കി മൊബൈലിൽ കുത്തിയിരിക്കുമ്പോഴാണ് ഞാൻ ആ വിഡിയോ കാണുന്നത്. അത് ഇതിനകം പത്തുപതിനഞ്ചു ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു. വീടുകളുടെ മുന്നിലെ സ്റ്റെപ്പുകളുടെ എണ്ണത്തെപ്പറ്റിയാണ് ഈ വിഡിയോ, അത് ലാഭം, നഷ്ടം, വീണ്ടും ലാഭം എന്നീ കണക്കുകളിലാണ് എന്നും അഥവാ
ഒരു ഗ്ലാസ് ചൂട് കട്ടനുമായി സിറ്റൗട്ടിൽ വന്നിരുന്നു മഴയുംനോക്കി മൊബൈലിൽ കുത്തിയിരിക്കുമ്പോഴാണ് ഞാൻ ആ വിഡിയോ കാണുന്നത്. അത് ഇതിനകം പത്തുപതിനഞ്ചു ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു. വീടുകളുടെ മുന്നിലെ സ്റ്റെപ്പുകളുടെ എണ്ണത്തെപ്പറ്റിയാണ് ഈ വിഡിയോ, അത് ലാഭം, നഷ്ടം, വീണ്ടും ലാഭം എന്നീ കണക്കുകളിലാണ് എന്നും അഥവാ
ഒരുഗ്ലാസ് ചൂട് കട്ടനുമായി സിറ്റൗട്ടിൽ മഴയുംനോക്കി മൊബൈലിൽ കുത്തിയിരിക്കുമ്പോഴാണ് ഞാൻ ആ വിഡിയോ കാണുന്നത്. അത് ഇതിനകം പത്തുപതിനഞ്ചു ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു.
വീടുകളുടെ മുന്നിലെ സ്റ്റെപ്പുകളുടെ എണ്ണത്തെപ്പറ്റിയാണ് ഈ വിഡിയോ, അത് 'ലാഭം, നഷ്ടം, വീണ്ടും ലാഭം' എന്നീ കണക്കുകളിലാണ് എന്നും അഥവാ വീടിന്റെ ഫ്ലോർ ലെവലിൽ എത്തുമ്പോൾ 'നഷ്ട'ത്തിലാണ് നിൽക്കുന്നത് എങ്കിൽ 'വീട്ടിൽ ദുരിതങ്ങൾ ഒഴിയില്ല' എന്നുമാണ് വിഡിയോയിൽ ഉള്ള ചങ്ങാതി പറയുന്നത്.
ഞെട്ടി മാമാ...
കൊച്ചിയിലെ സുകൃതീന്ദ്രാ ഓറിയന്റൽ റിസർച് ഇൻസ്റ്റിട്യൂറ്റ് പഠനകാലത്ത് ഈ വിഷയത്തിൽ എന്റെ അധ്യാപകരായി ഉണ്ടായിരുന്നത് ഇന്ത്യയിലെ വിദഗ്ധരാണ്, അവരാരും ഇങ്ങനെ ഒരു ഗുലുമാൽ ഉണ്ടെന്ന് പറഞ്ഞുകേട്ടിട്ടില്ല. വായിച്ച പുസ്തകങ്ങളിൽ ഒന്നും കണ്ടിട്ടില്ല, ഉണ്ടെങ്കിൽ പറയണം.
അതുകൊണ്ടുതന്നെ ഇരുന്ന ഇരുപ്പിൽ വീടിന്റെ സ്റ്റെപ്പ് ഒന്നെണ്ണി നോക്കി. 5 എണ്ണം, ലാഭത്തിലാണ്. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
അപ്പുറത്തെ വീട്ടിലെ അലവിക്കുട്ടി ഹാജിയുടെ വീട്ടിലെ സിറ്റൗട്ടിൽ ലൈറ്റ് കത്തുന്നുണ്ട്. പോർച്ചിൽ കിടക്കുന്ന ബെൻസ് കാറും അതിനപ്പുറത്തെ സ്റ്റെപ്പും വ്യക്തമായി കാണാം. നാലെണ്ണമേ ഉള്ളൂ.
ഹാജിയുടെ മക്കൾക്ക് ഗൾഫിൽ ബിസിനസ്സാണ്, ഒരു മരുമകൾ ഡോക്ടറാണ്, സ്വന്തമായി കുറെ റബ്ബറും പട്ടണത്തിൽ ഷോപ്പിങ് കോംപ്ലക്‌സുമുണ്ട്. ഹാജിയെ ദൈവം രക്ഷിക്കട്ടെ.
അല്ലെങ്കിൽ തന്നെ ഇക്കാലത്ത് ഒരു കാര്യം അറിയാൻ ഗൂഗിൾ ആശാനോട് ചോദിക്കേണ്ട കാര്യമേ ഉള്ളൂ.
വരിക്കാശ്ശേരി മന, കേരളത്തിലെ വാസ്തു ലക്ഷണം ഒത്തിണങ്ങിയ കെട്ടിടമാണ്. തപ്പിനോക്കി, നാല് റൈസുകളാണ്. സാക്ഷാൽ പെരുന്തച്ചൻ കുറ്റിയടിച്ച ഒരു പഴയ കെട്ടിടത്തിന്റെ തറയിൽ പിന്നീട് നിർമിച്ച കെട്ടിടമാണ് ഈ മനയെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. എന്നാലും എന്റെ പെരുന്തച്ചാ, ഈ ചതി വേണ്ടായിരുന്നു.
ഗേറ്റിൽ ആരോ വന്നു നിൽക്കുന്നുണ്ട്, ഇരുട്ടായതുകൊണ്ടു കാണാനുമില്ല.
" അങ്ങോട്ട് വരാവോ" അനുമതിക്ക് കാത്തു നിൽക്കാതെ ആഗതൻ കടന്നുവന്നു.
വന്നയാൾക്ക് പത്തെഴുപത് വയസ്സ് പ്രായം കാണും. ഷർട്ട് ഇട്ടിട്ടില്ല, തോളത്തെ തോർത്ത് മഴ നനയാതിരിക്കാനായി തലവഴി ഇട്ടിട്ടുണ്ട്. തരക്കേടില്ലാത്ത കുടവയറിന്മേലേക്കു കയറ്റിയുടുത്ത മുണ്ടും.
തലയിൽ നിന്ന് മുണ്ടു മാറിയപ്പോഴാണ് പഴയ രീതിയിൽ കെട്ടിയിട്ട കുടുമ കാണുന്നത്.
" മനസ്സിലായില്ല" എഴുന്നേറ്റു നിന്നുകൊണ്ട് ഞാൻ പറഞ്ഞു.
വന്നയാൾ ഒന്ന് പൊട്ടിച്ചിരിച്ചു, എന്നെ ഇപ്പോൾ മനസ്സിൽ സ്മരിച്ചതല്ലേ ഉള്ളൂ.
കലങ്ങിയില്ല, ഞാൻ വാ പൊളിച്ചു.
" ഞാൻ പെരുന്തച്ചൻ"
എന്റെ കിളി പോയി.
അദ്ദേഹം തോർത്തുകൊണ്ടു പടിയിലെ പൊടി തൂത്തുമാറ്റിക്കൊണ്ട് എനിക്കെതിരെ ഇരുന്നു.
" വീടിന്റെ സ്റ്റെപ്പുകളുടെ എണ്ണത്തെപ്പറ്റി എന്താ അറിയേണ്ടത് ..?"
" ഞാൻ ഒരു വിഡിയോ കണ്ടപ്പോ .." ഞാൻ പകുതിയിൽ നിർത്തി.
" ഞാനും കണ്ടിരുന്നു. മനുഷ്യനെ പറ്റിക്കാനായി ഓരോന്നിറങ്ങിക്കൊള്ളും... " അദ്ദേഹം ധാർമിക രോഷം കൊണ്ടു.
" അപ്പോൾ അങ്ങനെ ഒന്നും ഇല്ല അല്ലേ..?" ഞാൻ തല ചൊറിഞ്ഞു.
" എടോ ഒരു വീടിന്റെ തറ ഉയരം നിർണയിക്കാൻ നിങ്ങൾ എൻജിനീയർമാർ എന്തൊക്കെയാണ് പരിഗണിക്കാറ്..?"
എന്നോട് ഇരിക്കാൻ ആംഗ്യം കാണിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
" പ്രധാനമായും ആ സ്ഥലത്തെ വെള്ളക്കെട്ടിന്റെ ലെവൽ. പിന്നെ വീടിന്റെ വലുപ്പം, കാഴ്ച, ആർക്കിടെക്ച്ചർ ശൈലി, ഇതൊക്കെ..."
" ഭേഷ്, അപ്പൊ പിന്നെ അതിനനുസരിച്ചു സ്റ്റെപ്പിന്റെ എണ്ണവും കൊടുക്കാം, മനുഷ്യന്മാർക്ക് സുഖമായി കയറാൻ കഴിയണം, അത്രയേ ഉള്ളൂ."
" യജമാനന്റെ അഥവാ ഉടമയുടെ ക്ഷേമവും സംതൃപ്തിയും ഉറപ്പു വരുത്തുന്നത് മാത്രമാണ് വാസ്തുവിന്റെ ലക്ഷ്യം. അന്നും, ഇന്നും മനസ്സിലായോ? "
" അതിനുവേണ്ടി സാധാരണ വാസ്തുവിദ്യക്കാർ സഞ്ചരിക്കാത്ത വഴികളിലൂടെ വേണ്ടിവന്നാൽ സഞ്ചരിക്കാം എന്നർഥം, അല്ലേ ..? " ഞാൻ ശരീരം അൽപം ഇടത്തോട്ടു ചെരിച്ചു, ഇടതു കൈപ്പത്തി ശരീരത്തിന് ലംബമായി പിടിച്ചുകൊണ്ടു ചോദിച്ചു.
" സാധാരണ വാസ്തുവിദ്യക്കാർ എന്തൊക്കെയാണ് പറയാറുള്ളത് ..?" അദ്ദേഹം ഒന്ന് പുറകോട്ടു ചാഞ്ഞിരുന്നു.
" ഈ പറയുന്ന സ്റ്റെപ്പിന്റെ എണ്ണം ഒന്ന്, പ്രധാന വാതിലിൽ നിന്ന് ഗോവണി കാണരുത് എന്ന് വേറൊന്ന്, അതെ ഗോവണി ആന്റി ക്ളോക്ക്‌വൈസിൽ ആവരുത് എന്ന് ഇനിയൊന്ന്, കന്നിമൂലയിൽ കക്കൂസ് എന്നല്ല പ്ലമിങ് പൈപ്പ് പോലും കടന്നുപോകരുതെന്ന് മറ്റൊന്ന് ..?
" കന്നിമൂല ..? അതെന്താണ്..? പെരുന്തച്ചൻ നെറ്റി ചുളിച്ചു.
" തെക്കുപടിഞ്ഞാറെ മൂലക്കാണ് 'കന്നിമൂല' എന്ന് കേൾക്കുന്നത്. ഈ മൂലയ്ക്ക് എന്തോ ദിവ്യത്വമുണ്ട് എന്നാണ് ഇവർ പറയുന്നത്"
പെരുന്തച്ചൻ താടിക്കു കൈ കൊടുത്തു.
" ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്"
" മാത്രവുമല്ല ഈ കക്കൂസും, ഗോവണിയും, സ്റ്റെപ്പിന്റെ എണ്ണവും ഒക്കെ നോക്കാൻ ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ പോരെടോ..? എന്തിനാണ് ഇവന്മാരെ കൊണ്ടുവന്നു കാശ് കൊടുക്കുന്നത് ..?"
ഞാൻ ഒന്നും മിണ്ടിയില്ല.
" വാസ്തുവിദ്യ എന്നത് പഴയ നിർമാണശാസ്ത്രമാണ്. അല്ലാതെ വാസ്തുവിദ്യാപ്രകാരം വീട് വച്ചാൽ അത് ഏതെങ്കിലും തരത്തിൽ നമ്മുടെ ജീവിതത്തെ സ്വാധീനിക്കും എന്ന് ഞാൻ കേട്ടിട്ടില്ല."
നേരാണ്. എന്റെ മുന്നിലിരിക്കുന്ന പെരുംതച്ചൻ അനുഭവിച്ച ദുഖമോ, ക്ലേശമോ പറഞ്ഞറിയിക്കാനാവില്ല. മകന്റെ അകാല മരണം, അത് മൂലം കേൾക്കേണ്ടി വന്ന അപഖ്യാതികൾ, രാജകോപം, ദുഃഖം.
ഒരു വീടിന്റെ പ്ലാൻ തിരുത്തുന്നതിലൂടെ ഇതൊക്കെ സോൾവ് ചെയ്യാമായിരുന്നു എങ്കിൽ അദ്ദേഹത്തിന് ഇതൊക്കെ നൈസായി ഒഴിവാക്കാമായിരുന്നല്ലോ ..?
പെരുന്തച്ചൻ തുടർന്നു:
" ഒരു വാസ്തുശില്പി പണി നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തെത്തിയാൽ അവിടെ വസിക്കുന്ന ജീവികളോടും, പക്ഷികളോടും, അമർത്യരോടും മാറിത്താമസിക്കാൻ അഭ്യർഥിക്കണം. ഇവർ ആരെങ്കിലും അങ്ങനെ ചെയ്യാറുണ്ടോ ..?
" ഇല്ല". ഞാൻ പറഞ്ഞു.
"പാടത്തു വീട് വയ്ക്കാൻപാടില്ല എന്ന വാസ്തുവിദ്യാ നിയമം ആരോടെങ്കിലും പറയാറുണ്ടോ ..?"
ഇല്ലെന്നു ഞാൻ തലയാട്ടി.
"വാസ്തുവിദ്യാവിധിപ്രകാരം സ്ഥലത്തെ മണ്ണുപരിശോധന നടത്താറുണ്ടോ ..?"
ഞാൻ ഒന്നും മിണ്ടിയില്ല.
"ഒന്നും വേണ്ട, ഒരു പ്ലാൻ കാണിച്ചാൽ ആ വീടിന്റെ ഉയരം പഞ്ചഭൂതങ്ങളിലെ അഗ്നിയുടെ പരിധിയിൽ വരുന്നുണ്ടോ എന്ന് പരിശോധിക്കാറുണ്ടോ ..?"
എനിക്ക് ഉത്തരം മുട്ടി.
"ഇതൊന്നുമില്ലാതെ ഒരു സ്റ്റെപ്പിന്റെ എണ്ണവും, കന്നിമൂലയും...മനുഷ്യരെ പറ്റിക്കാനായിട്ട്...
അദ്ദേഹം എണീറ്റു.
" പറയാനാണെങ്കിൽ ഒരുപാടുണ്ട്. പിന്നെ വരാം. നമ്മുടെ കൊണ്ടോട്ടിയിലെ ജാഫർ ഭായിയുടെ പ്ലാൻ എന്തായി...?"
" ത്രീഡി നടക്കുന്നു, കേരളത്തിലെ പഴയ മുസ്ലിം തറവാടുകളുടെ ഒരു വീണ്ടെടുപ്പാണ് ലക്ഷ്യം. "
" ഭക്ഷണം കഴിച്ചിട്ട്..." ഞാൻ പതുക്കെ ചോദിച്ചു. അദ്ദേഹം ഇല്ല എന്ന് ആംഗ്യം കാണിച്ചുകൊണ്ട് ചാറ്റൽ മഴയിലേക്കിറങ്ങി. പിന്നെ പഴയപോലെ ആ തോർത്ത് തലയിലേക്കിട്ട് ഇരുട്ടിൽ അപ്രത്യക്ഷനായി.
" ആരോടാണ് ഈ ഇരുട്ടത്തിരുന്നു തനിയെ വർത്തമാനം പറയുന്നത് ..?
പുറകിൽ ഭാര്യയാണ്.
" ഞാൻ നമ്മുടെ പെരുന്തച്ചനുമായി .."
മുന്നിലിരിക്കുന്ന ഗ്ലാസ്സിലേക്കു തുറിച്ചു നോക്കിക്കൊണ്ട് പുള്ളിക്കാരി പറഞ്ഞു.
" മിലിട്ടറിയാണ്, മിലിട്ടറി. അപ്പൊ ഇല്ലാത്ത വെടിയൊച്ചയൊക്കെ കേൾക്കും!"
ഞാൻ ഒന്നും മിണ്ടിയില്ല.
ഞാൻ കണ്ടതാണ്. ഞാനേ കണ്ടുള്ളൂ...
**
കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ, വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്. email- naalukettu123@gmail.com
**
വീടുകളെ സ്നേഹിക്കുന്നവർക്കായി...
Subscribe- https://www.youtube.com/@manoramaveedu