ചുമ്മാ താമസിക്കുന്ന ഇടം മാത്രമായാൽ വീട് അറുബോറാവും: സന്തോഷമായി ഇരിക്കാൻ ഒരിടം നിങ്ങളുടെ വീട്ടിലുണ്ടോ?
Mail This Article
വീടിന്റെ സിറ്റൗട്ടിൽ ഇരിക്കാനാവില്ല. ഇരുന്നിട്ട് പ്രത്യേകിച്ച് കാഴ്ചകളൊന്നും തന്നെയില്ലല്ലോ. റോഡിലെ കാഴ്ചകൾ വിരസം. പോരാത്തതിന് പൊടിയും. ബാൽക്കണിയിലെ കഥയും അതുതന്നെ. അവിടെയിരുന്നാൽ അപ്പുറത്തെ വീട്, ഇപ്പുറത്തെ വീട് പിന്നെ റോഡും കാണാം. ഏകാന്തമായി, സ്വസ്ഥമായി വായിക്കാനോ ചുമ്മാ ഇരിക്കാനോ ഒക്കെയായി ഒരിടം വീട്ടിലുണ്ടോ? ഇല്ലെന്നതാണ് പല വീട്ടിലെയും അവസ്ഥ.
വീടിനകത്ത് കുറേ മുറികളാണല്ലോ പൊതുവേ ഉണ്ടാവുക. അതിനകത്ത് എത്രനേരം ഇരിക്കാനാവും? പുതിയ കാലത്ത് സ്ട്രസ്സുള്ള ജോലി ചെയ്യുന്നവരേറെയാണ്. അവർക്ക് നന്നായൊന്ന് റിലാക്സ് ചെയ്യാൻ വീടിനകത്ത് പറ്റുന്നുണ്ടോ? സംശയമാണ്.
വീട്ടിലേക്ക് വന്നാൽ വലിയൊരു മുറിക്കകത്തേക്ക് വന്ന പ്രതീതിയായിരിക്കും മിക്കവാറുമുണ്ടാവുക. മുറികളും ഭിത്തികളും കൊണ്ട് നിറച്ച വീടുകൾക്കകത്ത് എത്ര നേരം ഇരിക്കാനാവും? വീടിന്റെ ഡിസൈനിങ്ങിൽ ഒരു തുറസ്സുണ്ടാവണമെന്ന് പറയുന്നതിന്റെ കാരണം വീടൊരു റിലാക്സിങ് കേന്ദ്രം കൂടിയാവണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ്.
ചുമ്മാ താമസിക്കുന്ന ഇടം മാത്രമായാൽ ഏത് വീടും അറുബോറാവും. ഭക്ഷണം പാചകം ചെയ്ത് ഉണ്ടുറങ്ങുന്ന ഇടം മാത്രമല്ലല്ലോ വീട്. ലിവിങ് എന്ന് പറയുന്ന ഒരു ഇടമുണ്ടല്ലോ ഏത് വീട്ടിലും. പക്ഷേ അവിടെ എത്രനേരം ഇരിക്കാനാവും? ഇന്നത്തെക്കാലത്ത് ടിവി കാണുന്നത് പോലും കുറച്ചുനേരം മാത്രമാണ്.
ഇനിയുള്ള കാലത്ത് വീടിനകത്ത് എവിടെങ്കിലും ഒരു തുറസ്സ് നിർമിക്കേണ്ട ആവശ്യം കൂടിവരുകയാണ്. ചുമ്മാ കുറച്ച് നേരം ഇരിക്കാൻ പറ്റുന്ന ഇടം. വെയിലും മഴയും മഞ്ഞും കാറ്റും ഒക്കെ വീടിനകത്ത് അൽപം ഇറങ്ങിവന്നോട്ടെ. രാത്രി ഇത്തിരി നിലാവും വന്നോട്ടെ. ചന്ദ്രനും നക്ഷത്രങ്ങളും മേഘങ്ങളും വീട്ടിനകത്തിരുന്ന് കാണാനാവുന്ന തരത്തിൽ ഒരു ചെറിയ ഇടം രൂപകൽപന ചെയ്യുന്നത് അത്ര വലിയ നഷ്ടമാവില്ലെന്നാണ് എനിക്ക് തോന്നുന്നത്.
അവിടെ ചിലയിനം ചെടികളും ചട്ടിയിലാക്കി വയ്ക്കാം. അതിന്റെ ഓരത്തിരുന്ന് സംസാരിച്ച് സമയത്തെ സുന്ദരമായി ഉപയോഗിക്കാം. ലിവിങ്ങും ഡൈനിങ്ങും അടുക്കളയും ഒക്കെ ഈ തുറസിലേക്ക് തുറന്നിരുന്നാൽ ഗംഭീരമാവും. കുട്ടികൾക്ക് അവിടെയിരുന്ന് പഠിക്കാം. മഴയത്ത് ഇറങ്ങി കുളിക്കാം. തുറസ്സ് എന്നത് കോർട്യാർഡ് തന്നെയാണ് ഉദ്ദേശിക്കുന്നത്. അതൊരു ശ്വാസനാളിയും ചിമ്മിനിയുമാണെന്ന് തോന്നിയിട്ടുണ്ട്. അത്രയൊന്നും സ്ഥലം അതിനായി ആവശ്യവുമില്ല. അമ്പത് ചതുരശ്ര അടി മതി വീടിനകത്ത് നല്ലൊരു തുറസ്സുണ്ടാക്കാൻ. ഏറ്റവും നന്നായി ഡിസൈൻ ചെയ്താൽ ഏതൊരു വീടിന്റെയും ഹൈലൈറ്റാവും ഓരോ കോർട്യാർഡും. ഇനിയുള്ള കാലത്ത് ഏത് വീടിനും സിറ്റൗട്ടിന് പകരം സിറ്റ്- ഇൻ എന്തുകൊണ്ടും നല്ലതാണ്.