നിർമാണച്ചെലവു കുറയ്ക്കാൻ പുതിയ സാങ്കേതികവിദ്യകൾ

വീടുപണിയിലെ കുതിച്ചുയരുന്ന ചെലവ് സാധാരണക്കാരെ വിഷമത്തിലാക്കുന്നതാണ്. എന്നാൽ നിർമാണസമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ചെലവുകൾ നന്നേ കുറയ്ക്കാൻ കഴിയും. അസ്തിവാരത്തിന്റെ ആഴവും വണ്ണവും മണ്ണിന്റെ ബലത്തിന് അനുസരിച്ച് ആവശ്യത്തിനുമാത്രം മതി. മണ്ണിനു നല്ല ഉറപ്പുണ്ടെങ്കിൽ അടിസ്ഥാനം പാറച്ചെളി ഉപയോഗിച്ചു കെട്ടാം. എല്ലാ അവസരങ്ങളിലും ഫൗണ്ടേഷൻ കോൺക്രീറ്റ് കൊടുക്കണമെന്നില്ല. ചെങ്കല്ല്, ചുടുകട്ട മുതലായവയും ഉപയോഗിക്കാവുന്നതാണ്. ബേസ്മെന്റ് പാറയോ ചെങ്കല്ലോ ചുടുകട്ടയോ ഉപയോഗിച്ച് കെട്ടാം. ചെളി ഉപയോഗിച്ചു കെട്ടുന്ന അവസരങ്ങളിൽ നല്ല രീതിയില്‍ സിമന്റ് ചാന്തുപയോഗിച്ച് പോയിന്റ് ചെയ്യേണ്ടതാണ്.

അസ്തിവാരത്തിനുവേണ്ടി മണ്ണിന്റെ പണി നടക്കുമ്പോൾ തന്നെ വെട്ടിയെടുക്കുന്ന മണ്ണ് മുറിയുടെ ഉൾവശത്ത് ഇടുകയാണെങ്കിൽ ഒരു പരിധിവരെ ബേസ്മെന്റ് ഫില്ലിങ്ങും പ്രത്യേക ചെലവില്ലാതെ തന്നെ പൂർത്തിയാകും.

ഉപരിതലത്തിൽ ഉറച്ച പാറക്കെട്ടുള്ള സ്ഥലങ്ങളിൽ അടിസ്ഥാനത്തിന്റെയോ ബേസ്മെന്റിന്റെയോ ആവശ്യമില്ലാതെ ഭിത്തി വരുന്ന ഭാഗങ്ങളിൽ ചെറിയ അനേകം ദ്വാരങ്ങൾ ഉണ്ടാക്കി (zing-zag) അതിൽ ചെറിയ കമ്പിത്തുണ്ടുകൾ ഇറക്കി ഒരു ബെൽറ്റ് മാത്രം പണിതാൽ മതി.

ഭിത്തിയുടെ നിർമാണം

ഉപയോഗത്തിനനുസരിച്ച് ചുവരുകൾ പലവിധമുണ്ട്. ഓരോന്നും അനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്തു നിർമിക്കുന്നതാണു നല്ലത്. നാടൻ ശൈലികൾ തന്നെയും ശാസ്ത്രീയമായി ഉപയോഗിക്കും.

നനയാതെ സൂക്ഷിക്കാൻ കഴിഞ്ഞാല്‍ ഒറ്റനിലയുള്ള വീടുകളുടെ ചുവരുകൾക്ക് മണ്ണുകൊണ്ടുള്ള കട്ടകള്‍ മതിയാകും. നാടൻ, ചുടുകട്ട, ചെളി ഉപയോഗിച്ച് കെട്ടി ചാന്തുപയോഗിച്ച് പൂശുകയോ, പോയിന്റ് ചെയ്തോ ഉപയോഗിക്കാം. നല്ല ചെങ്കല്ല് രണ്ടുനില വീടുകൾക്ക് സുരക്ഷിതമായി ഉപയോഗിക്കാം. ഒറ്റനില വീടുകൾക്ക് ചെങ്കല്ല് ചെളി ഉപയോഗിച്ച് കെട്ടിയാലും മതിയാകും. എന്നാൽ ചെളി ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ ചിതലിന്റെ ശല്യം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനുവേണ്ട മുൻകരുതലുകൾ കൂടി നിർമാണഘട്ടത്തിൽ സ്വീകരിക്കേണ്ടതാണ്.

ഇഷ്ടിക ചുമരുകൾ ഡിസൈൻ ചെയ്ത് ഉപയോഗിച്ചാൽ മൂന്നുനില വരെയുള്ള കെട്ടിടങ്ങൾക്ക് 9 ഇഞ്ച് ചുമരു മതിയാകും.

∙ റി ഇൻഫോഴ്സ്ഡ് (Reinforced Brick Work) (കട്ടകൾക്കിടയിൽ കമ്പിയിട്ടു പണിയുന്ന രീതി ഭൂകമ്പ സാധ്യത പ്രദേശങ്ങളിൽ കൂടുതലായി നിർമിക്കുന്നു) ഗ്രൗട്ടഡ് റീ ഇൻഫോഴ്സ്ഡ് ഇഷ്ടികപ്പണികൾ (grouted reinforced brick work) മുതലായവയും വളരെ ഫലപ്രദമായി ഉപയോഗിക്കാം.

∙ Stabilized Mud Block – സാധാരണ മൺകട്ടകളിൽ 4–5 ശതമാനം സിമന്റോ 4:2 അനുപാതത്തിൽ സിമന്റും കുമ്മായവും ചേർത്തു നിർമിക്കുന്ന മൺകട്ടകൾ 25 ശതമാനം വരെ ചെലവു കുറയ്ക്കുന്നു.

∙ Rubble Filler Block മിച്ചം വരുന്ന പാറക്കഷണങ്ങൾ മോൾഡിൽ നിരത്തി 30–20–15 കനത്തിൽ നിർമിച്ചെടുക്കുന്ന കട്ടകൾ. ഇവയ്ക്ക് 20 ശതമാനത്തോളം വിലക്കുറവുണ്ട്.

∙ Inter Lock Bricks കട്ടകൾക്കു വില കൂടുമെങ്കിലും തേപ്പ് വേണ്ടതില്ലാ എന്നതുകൊണ്ട് മൊത്തത്തിൽ ചെലവു കുറയും.

∙ Lato Blocks ചെങ്കല്ലു പൊടികൊണ്ടു നിർമിച്ചെടുക്കുന്ന കട്ടകൾ. ഈടും ഉറപ്പും കൂടുകയും വില 15 ശതമാനത്തോളം കുറയുകയും ചെയ്യും. (ഇവയെല്ലാം തന്നെ ലഭ്യമായ സ്ഥലങ്ങള്‍ക്ക് അനുസരിച്ചു വില വ്യത്യാസം വരുന്നതുമാണ്.)

ഇതുപോലുള്ള നൂതന നിർമാണവസ്തുക്കൾ ഗുണമേന്മയിൽ മെച്ചവും ചെലവു കുറഞ്ഞതുമാണ്. ചുടുകട്ട ഉപയോഗിച്ച്, non-conventional bond അനുസരിച്ച് ചുവരുകൾ നിർമിച്ചാൽ ചുവരിന്റെ കനം കുറയ്ക്കാൻ കഴിയും. എന്നാൽ അകം പൊള്ളയായ ടെറാകോട്ടാ ഹോളോബ്ലോക്കുകൾ (കളിമൺ കട്ടകൾ), പൊള്ളക്കെട്ട് (rat trap bond), ഹോളോ കോൺക്രീറ്റ് ബ്ലോക്കുകൾ (hollow concrete blocks) മുതലായവ ചുവരിന്റെ ചെലവു കുറയ്ക്കുന്നതോടൊപ്പം ചൂടു നിയന്ത്രിക്കുന്നതിലും സഹായിക്കും.

പ്രീഫാബ്രിക്കേറ്റഡ് ഐറ്റംസ് ആയ ഇഷ്ടിക പാനലുകൾ, യൂണിവേഴ്സൽ കോൺക്രീറ്റ് പാനലുകൾ, ജിപ്സം ബോർഡുകൾ, ബൈസൺ ബോര്‍ഡുകള്‍ തുടങ്ങിയവ ചെലവു കുറയ്ക്കുന്നതിനോടൊപ്പം സമയം ലാഭിക്കുന്നതിനും ഗുണമേന്മ വർധിപ്പിക്കുന്നതിനും ഉത്തമമാണ്.

20–25 ശതമാനം വരെയാണ് ഇവ നൽകുന്ന ലാഭം കണക്കാക്കുന്നത്. വിദഗ്ധരുടെ മേൽനോട്ടത്തിൽ മാത്രമേ ഇത്തരം സാങ്കേതികവിദ്യകൾ തിരഞ്ഞെടുക്കാവൂ.