രൺബീറിന്റെ പുതിയ വീട്; ഇന്റീരിയർ ചെയ്തത് മിസ്സിസ് ഖാൻ

വാസ്തു എന്ന് പേരിട്ടിരിക്കുന്ന ബാച്ച്ലർ ഫ്ലാറ്റിന്റെ ഇന്റീരിയർ ചെയ്തത് ഷാരൂഖ് ഖാന്റെ പത്നി ഗൗരി ഖാനാണ്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

ബോളിവുഡിലെ യുവതാരം രൺബീർ കപൂർ വാങ്ങിയ പുതിയ വീട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. അതിന്റെ പ്രധാന കാരണം വീടിന്റെ ഇന്റീരിയർ ഡിസൈനറാണ്. വാസ്തു എന്ന് പേരിട്ടിരിക്കുന്ന ഈ വീടിന്റെ ഇന്റീരിയർ ചെയ്തത് സാക്ഷാൽ ഷാരൂഖ് ഖാന്റെ പത്നിയും ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാനാണ്. 

കത്രീന കൈഫുമായുള്ള ബ്രേക്കപ്പിനുശേഷം രൺബീർ കപൂർ, ഇരുവരും ഒരുമിച്ചു താമസിച്ചിരുന്ന വീട്ടിൽ നിന്ന് മാതാപിതാക്കളുടെ വീട്ടിലേക്കു താമസം മാറിയിരുന്നു. കഴിഞ്ഞ വർഷാവസാനമാണ് മുംബൈയിലെ പാലി ഹിൽസിൽ തനിക്കു മാത്രമായി ഒരു ബാച്ച്ലർ ഫ്ലാറ്റ് രൺബീർ മേടിച്ചത്. പിന്നീട് ഇതിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഗൗരി ഖാനെ ഏൽപ്പിക്കുകയായിരുന്നു. 

കത്തിച്ചുവെച്ച മെഴുകുതിരി പോലെയുള്ള മനോഹരമായ ഷാൻലിയറാണ് ഇന്റീരിയറിലെ താരം. ഇതിലൂടെ അകത്തളങ്ങളിൽ ലഭിക്കുന്ന ആംബിയൻസ് മനോഹരമാണ്. ഫർണിച്ചറെല്ലാം കസ്റ്റം മെയ്ഡാണ്. ജനലുകളിൽ പ്രിന്റഡ് വർക്കുള്ള വെള്ളകർട്ടനുകളും തറയിൽ കാർപ്പറ്റുകളും വിരിച്ചിരിക്കുന്നു. 

കഴിഞ്ഞ ദിവസം പുതിയ വീട്ടിൽ താമസം തുടങ്ങിയ ശേഷം, തന്റെ ആഗ്രഹങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് ഇന്റീരിയർ ചെയ്തുനൽകിയ ഗൗരിക്ക് നന്ദി പറഞ്ഞുകൊണ്ട് രൺബീർ എഴുതിയ കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.  രൺബീറിന്റെ മാതാപിതാക്കളായ ഋഷി കപൂറും നീതുവും ഗൗരി ഖാന്റെ ഡിസൈൻ മികവിനെ അഭിനന്ദിച്ച് രംഗത്തു വന്നിരുന്നു.