കോയമ്പത്തൂർ– മേട്ടുപ്പാളയം റോഡിൽനിന്നു ചുരം കയറിയാൽ കോത്തഗിരിയായി. അവിടെനിന്നു 12 കിലോമീറ്റർ ദൂരം മാത്രം, കൊടനാട് എസ്റ്റേറ്റ്. അതൊരു എസ്റ്റേറ്റല്ല, സാമ്രാജ്യമാണ്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെന്ന ചക്രവർത്തിനിയുടെ വിജയഗാഥയുടെ സ്മാരകം. വഴിയിലുടനീളം സൂചനാ ബോർഡുകൾ. ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കും 25 ഡിഗ്രിക്കു താഴെ താപനില. ടാറിട്ടു മിനുക്കിയ മനോഹരമായ റോഡ്. കോത്തഗിരിയിൽ നിന്ന് അഞ്ചു മുടിപ്പിൻ വളവുകൾ താണ്ടിയാൽ എസ്റ്റേറ്റിലെത്താം. കൊടനാട് വ്യൂ പോയിന്റിലേക്കുള്ള വഴിയിലാണിത്. ദുരൂഹതകൾ എന്നും ഈ പ്രദേശത്തെ വലയം ചെയ്തു നിന്നിട്ടുണ്ട്. ഒപ്പം വിവാദങ്ങളും.
ജയലളിതയ്ക്ക് ഏറെ പ്രിയപ്പെട്ട സങ്കേതമായിരുന്നു ഇത്. നീലഗിരി മലനിരകളിലെ ഹരിതഭംഗിയും കോടമഞ്ഞിന്റെ കുളിരുമൊക്കെ അതിനു കാരണങ്ങളായി. ആരോഗ്യനില മോശമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടും മുമ്പ് ഇവിടെ വന്നു വീണ്ടും താമസിക്കാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവത്രേ. ആ മോഹം സഫലമാകാതെയാണു യാത്രയായത്. അതിനു പരിഹാരമായി ആത്മശാന്തിക്കുള്ള പ്രത്യേക പൂജകൾ ഇവിടെ നടത്താനുള്ള ആലോചനകൾ സജീവമായിരുന്നെന്നു വാർത്തയുണ്ടായിരുന്നു.
അയ്യായിരം ചതുരശ്ര അടിയുള്ള കൊട്ടാരമാണിത്. വെളുത്ത മാർബിളിൽ തീർത്ത ഒരു മിനി ‘സെക്രട്ടേറിയറ്റാ’ണിത്. മുതിർന്ന ഉദ്യോഗസ്ഥർക്ക് സെക്രട്ടേറിയറ്റിലുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 18 മുറികളുള്ള ഈ കെട്ടിടത്തിൽ ഓഫിസുകളും വിശ്രമമുറികളുമുണ്ട്. ഡൈനിങ്ഹാളും വിശാലമായ സ്വീകരണ മുറിയും. വിശാലമായ പുഷ്പോദ്യാനം, തടാകം, ആശുപത്രി, ഫാക്ടറി, തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള വാസസ്ഥലങ്ങൾ എന്നിവയുമുണ്ട്. 1600 ഏക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റിനു പതിനൊന്നു കവാടങ്ങളുണ്ട്. ഇവ കനത്ത സുരക്ഷയിലാണ്. കവാടത്തിന്റെ പുറത്ത് ഒരിടത്തുനിന്നു നോക്കിയാലും കെട്ടിടം കാണാനാവില്ല.
വിശ്രമത്തിനും ആയുർവേദ ചികിത്സയ്ക്കുമായിരുന്നു അമ്മ ഇവിടെ എത്തിയിരുന്നത്. ജ്യോതിഷികളെ വിളിച്ചുവരുത്തി ദോഷപരിഹാര കർമങ്ങളും ചെയ്യുമായിരുന്നു. ഈ സമയത്ത് തമിഴ്നാട് ഭരണത്തിന്റെ സിരാകേന്ദ്രം കൊടനാട് ആയിരുന്നു. ഇവിടെനിന്നാണു രാഷ്ട്രീയ തീരുമാനങ്ങൾ പലതും കൈക്കൊണ്ടിരുന്നത്. എസ്റ്റേറ്റിലേക്കു വരുമ്പോൾ ഹെലികോപ്റ്ററിൽ നിന്നു പുറത്തിറങ്ങി റോഡ് മാർഗം രണ്ടു കിലോമീറ്റർ യാത്ര ചെയ്ത് പത്താം നമ്പർ ഗേറ്റിലൂടെയാണ് അകത്തു കയറിയിരുന്നത്. പാർട്ടി പ്രവർത്തകരെയും പൊതുജനങ്ങളെയും നേരിട്ടു കാണാനാണിത്. അമ്മയുടെ രാജകീയ ഘോഷയാത്രയെ അവർ വാദ്യഘോഷങ്ങളൊരുക്കിയും ആരതി ഉഴിഞ്ഞുമൊക്കെയാണു വരവേറ്റിരുന്നത്.
കനത്ത സുരക്ഷാ വലയത്തിൽ കാറിനുള്ളിലിരുന്ന് പ്രത്യഭിവാദ്യം ചെയ്യുമ്പോൾ വികാരം അണപൊട്ടും. ‘അമ്മാ’ വിളികൾ ഉയരും. പ്രധാനപ്പെട്ട നേതാക്കൾ പത്താം നമ്പർ ഗേറ്റിനു സമീപമാണു നിൽക്കുക. കാറിന്റെ ഗ്ലാസ് താഴ്ത്തി അവരോടു കുശലാന്വേഷണം ചെയ്യും. അവർക്കും അത്രയേ വേണ്ടൂ. പിന്നീട് സമീപത്തുതന്നെയുള്ള പത്താം നമ്പർ പ്രത്യേക വാതിലിലൂടെ അകത്തു പ്രവേശിക്കും.
ആദ്യമൊക്കെ പ്രഭാത–സായാഹ്ന നടത്തത്തിനിടെ തങ്ങളെ നേരിട്ടുകാണുമായിരുന്നെന്നു തൊഴിലാളികൾ പറയുന്നു. പിന്നീട് ബാറ്ററി കാറിലേക്കു മാറി. കെട്ടിടത്തോടു ചേർന്ന ചെറിയ തടാകത്തിലെ ബോട്ട് സവാരി ജയ ഏറെ ആസ്വദിച്ചിരുന്നു. ജയലളിതയുള്ള കാലത്ത് അനുവാദമില്ലാതെ ഒരു ഈച്ച പോലും മൂളിയെത്തിയിരുന്നില്ല ഇവിടേക്ക്. ആ സുരക്ഷകൾ മറികടന്നാണു അടുത്തിടെ പതിനൊന്നാം ഗേറ്റിലൂടെ കവർച്ചാ സംഘം എസ്റ്റേറ്റിലേക്കു കടന്നത്.
ഇതെങ്ങനെയെന്ന ചോദ്യം ചെറിയ അലോസരമൊന്നുമല്ല തമിഴകത്തുണ്ടാക്കിയിരിക്കുന്നത്. 2015 ഒക്ടോബർ 14 നാണ് അവസാനമായി ജയലളിത കൊടനാട്ടിലെത്തിയത്. തിരക്കുകളൊഴിഞ്ഞ ശേഷം ഇവിടേക്കു തിരിച്ചെത്തുമെന്നും കൂടുതൽ ദിവസം താമസിക്കുമെന്നുമൊക്കെ മടക്കയാത്രയിൽ പറഞ്ഞിരുന്നതാണ്. പക്ഷേ....