3 ലക്ഷം, 5 മാസം; പ്രകൃതിയോട് ചേർന്ന് മൺവീട്!

ഭാരതപ്പുഴയുടെ തീരത്തെ പച്ചപ്പ് നിറഞ്ഞ രണ്ടര ഏക്കറിൽ വീട്ടുകാർ തനിയെ നിർമിച്ച മൺവീടിന്റെ വിശേഷങ്ങൾ.

സുന്ദരമായ ജീവിതം പ്രശ്നസങ്കീർണമാകുന്നത് വീടു പണിയുന്നതോടെയല്ലേ? ശിഷ്ടകാലം കടക്കെണിയിലകപ്പെടുത്തി നരകിപ്പിക്കുകയും, പ്രകൃതിക്കു മറകെട്ടി കോൺക്രീറ്റ് മുറിയിലെ തടവുകാരനാക്കുകയുമല്ലേ മിക്ക വീടുകളും ചെയ്യുന്നത്? ‘അതെ’ എന്ന തിരിച്ചറിവാണ് വീടിന്റെ കാര്യത്തിൽ വഴിമാറിച്ചിന്തിക്കാൻ സാംസ്കാരിക പ്രവർത്തകനായ മോഹൻ ചവറയെ പ്രേരിപ്പിച്ചത്.

പച്ചപ്പിലൂടെ ഊർന്നിറങ്ങി

ഷൊർണൂർ ഒറ്റപ്പാലം റൂട്ടിൽ മാന്നന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തുകൂടിയുള്ള നാട്ടിടവഴിയിലൂടെ അര കിലോമീറ്ററോളം നടന്നാൽ ‘തൈതൽ ഗ്രാമ’ത്തിലെത്താം. മരങ്ങളും വള്ളിപ്പടർപ്പുകളുമൊക്കെയായി പച്ചപുതച്ചു കിടക്കുന്ന രണ്ടര ഏക്കർ. നടന്നു തെളിഞ്ഞ ഒറ്റയടിപ്പാത വീട്ടിലേക്കുള്ള വഴികാട്ടും.

സമാനചിന്താഗതിക്കാരായ 14 സുഹൃത്തുക്കൾ ചേർന്നാണ് ഭാരതപ്പുഴയുടെ തീരത്തുള്ള ഈ സ്ഥലം വാങ്ങിയത്. മോഹന്റെ സ്ഥലത്തു മാത്രമേ വീട് പണിതിട്ടുള്ളൂ. ബാക്കിയിടങ്ങളിലൊക്കെ പച്ചക്കറിക്കൃഷി ചെയ്യുന്നുണ്ട്. കുറേയിടത്ത് കരനെല്ലും കൃഷിയിറക്കിയിട്ടുണ്ട്.

“രാഷ്ട്രീയം, ജാതി എന്നുവേണ്ട, ജൈവക്കൃഷിയെപ്പറ്റിവരെ ചർച്ച ചെയ്യാൻ ഇവിടെ നൂറ് സംഘടനകളുണ്ട്. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ പാർപ്പിടത്തിന്റെ കാര്യം ചർച്ച ചെയ്യാൻ ഒരു വേദിയുമില്ല. എടുത്താൽ പൊങ്ങാത്ത തുക കടം വാങ്ങി എല്ലാവരും കോൺക്രീറ്റ് കാടുണ്ടാക്കുന്നു. വീട് പുനർനിർവചിക്കാനുള്ള സമയമായി. അതിനാണ് ഞങ്ങളീ സൗഹൃദക്കൂട്ടായ്മ രൂപപ്പെടുത്തിയത്.” മോഹൻ പറയുന്നു.

മണ്ണ്, മുള, ഓല...

മുൻവിധികളെല്ലാം മായ്ച്ചുവേണം ‘കല്ല്യ’യുടെ മുറ്റത്തേക്കെത്താൻ. കൃഷിയിടത്തോടു ചേർന്ന് തെളിച്ചെടുത്ത സ്ഥലത്ത് മണ്ണും മുളയും പനമ്പും കൊണ്ട് മെനഞ്ഞെടുത്തൊരു സുന്ദരൻ വീട്. ഓടുമേഞ്ഞതാണ് മേൽക്കൂര. മുകൾ നിലയിലെ മുറിക്ക് ഓലമേഞ്ഞിരിക്കുന്നു. ശിൽപങ്ങളാൽ അലംകൃതമാണ് മൺചുവരുകളിൽ മിക്കതും. മുറ്റത്തുനിന്നാൽ നിളയൊഴുകുന്നതു കാണാം.

മണ്ണുകൊണ്ടു വീടുണ്ടാക്കിയതെന്തേ എന്ന ചോദ്യത്തിന് ഉത്തരമായി വന്നത് ഒന്നല്ല, ഒരുപാട് ഉത്തരങ്ങൾ.

“ഒന്നോർത്താൽ ജീവിതത്തിലെ ഏറ്റവും കോംപ്ലിക്കേഷൻ നിറഞ്ഞ പ്രവൃത്തിയല്ലേ വീടുപണി. അതങ്ങനെയല്ല വേണ്ടത്. വീടിനെ ഒരിക്കലും സങ്കീർണമാക്കരുത്. കളിവീടുണ്ടാക്കുന്നതുപോലെ രസകരമായിരിക്കണം വീടുപണി. ലളിതവും അപ്പോഴേ അതിലെ താമസവും സുഖകരമാകൂ.”

മാവേലിക്കര രവിവർമ ഫൈൻ ആർട്സ് കോളജിൽനിന്ന് ചിത്രകലയിൽ ബിരുദം നേടിയ ആളാണ് മോഹൻ. വരയേക്കാൾ ശിൽപനിർമാണത്തോടാണ് താൽപര്യം. കളിമണ്ണാണ് ഇഷ്ട മാധ്യമം.

“ഏതുരീതിയിലും വഴങ്ങുന്ന മാധ്യമമാണ് കളിമണ്ണ്. മാറ്റം വരുത്തണമെന്ന് തോന്നിയാൽ അതുമാകാം. വീട്ടുകാരന്റെ കൈപ്പിടിയിൽ നിൽക്കുന്ന വീട്ടിൽ താമസിക്കുമ്പോൾ ലഭിക്കുന്ന സുഖവും ആത്മവിശ്വാസവും അനുഭവിച്ചുതന്നെ അറിയണം.”

വീട്ടുകാരുടെ വീട്

മോഹനനും ഭാര്യ രുക്മിണിയും മക്കളായ സൂര്യയും ശ്രേയയും ചേർന്നാണ് വീടുപണിതത്. ചെറിയൊരു ഷെഡ് കെട്ടി അതിൽ താമസിച്ചായിരുന്നു വീടുപണി. ഇതിനായി രുക്മിണി നീണ്ട അവധിയെടുത്തു. സ്കൂളിൽ നിന്നല്ലാതെ പ്രകൃതിയിൽനിന്ന് കാര്യങ്ങൾ പഠിച്ചെടുക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് സൂര്യയും ശ്രേയയും പിന്തുടരുന്നത്. അതിനാൽ ഇരുവരും മുഴുവൻ സമയവും രംഗത്തുണ്ടായിരുന്നു. മേൽക്കൂരയുടെ നിർമാണത്തിനും വയറിങ്ങിനും മാത്രമേ പുറമേനിന്നുള്ള പണിക്കാരുടെ സഹായം തേടിയുള്ളൂ. അഞ്ചുമാസംകൊണ്ട് വീടുപണി പൂർത്തിയായി. എണ്ണൂറ് ചതുരശ്രയടി വലുപ്പമുള്ള വീടിന് മൂന്ന് ലക്ഷം രൂപയിൽ താഴെയേ ചെലവ് വന്നിട്ടുള്ളൂ.

“വീട്ടിലെ ഓരോ മൂലയ്ക്കും ഞങ്ങളോട് അടുപ്പമുണ്ട്. ഓരോ തവണ കാണുമ്പോഴും ഒരുപാട് കാര്യം പറയാറുണ്ട്.” ഭാവസുന്ദരമാണ് സൂര്യയുടെയും ശ്രേയയുടെയും വീടുപണിയോർമകൾ.

പ്ലാൻ’ ഇല്ലാതെ തുടക്കം

കടലാസിൽ വരച്ച പ്ലാൻ ഒന്നുമില്ലാതെയായിരുന്നു വീടുപണിയുടെ തുടക്കം. മനസ്സിൽ വിരിഞ്ഞത് അതേപോലെ മണ്ണിലും തെളിഞ്ഞു. അത്രമാത്രം.

കരിങ്കല്ലുകൊണ്ടുള്ള അടിത്തറയൊന്നും ഒരുക്കിയില്ല. മണ്ണ്, ശർക്കര, ചുണ്ണാമ്പ്, ഉലുവ കലക്കിയ വെള്ളം എന്നിവചേർത്ത് തയാറാക്കിയ സുർക്കി മിശ്രിതം ഉപയോഗിച്ചാണ് തറകെട്ടിപ്പൊക്കിയത്. ഇതിന്റെ മുകളിൽ തേനീച്ചക്കൂടിന്റെ മെഴുകുകൊണ്ട് പോളിഷ് ചെയ്ത് മിനുസം വരുത്തി.

മുറികളുടെ നാല് മൂലകളിലും തേക്കിന്‍കഴ ഉറപ്പിച്ച ശേഷം ഇവയ്ക്കിടയിലുള്ള ഭാഗത്ത് രണ്ടിഞ്ച് അകലത്തിൽ മുള ഉറപ്പിക്കുന്നതായിരുന്നു ഭിത്തി നിർമാണത്തിന്റെ ആദ്യഘട്ടം. അതിനുശേഷം തേക്കിന്‍കഴയും മുളയുമെല്ലാം ഉള്ളിലാകുംവിധം കളിമണ്ണ് പൊതിയും. ഉമിയും കുമ്മായവും ചേർത്ത കളിമണ്ണിൽ കുറ്റിപ്പാണൽ, ആര്യവേപ്പ്, ആടലോടകം എന്നിവയുടെ ഇലകൾ അരച്ച് ചേർത്ത് ചവിട്ടിക്കുഴച്ച ശേഷം മൂന്ന് ദിവസം പുളിക്കാനിടും. അതിനുശേഷമാണ് മണ്ണ് തേച്ച് പിടിപ്പിക്കുന്നത്. ഏകദേശം ആറിഞ്ച് കനത്തിലാണ് മണ്ണ് പൊതിഞ്ഞിട്ടുള്ളത്.

ഭിത്തിയിലുള്ള മയിലിന്റെയും മരത്തിന്റെയുമൊക്കെ ശിൽപങ്ങളും മണ്ണുകൊണ്ടുതന്നെ രൂപപ്പെടുത്തിയതാണ്. മുറികൾ വേർതിരിക്കാൻ ചിലയിടത്ത് മുളകൊണ്ട് മാത്രമായുള്ള ഭിത്തികളുമുണ്ട്. പനമ്പുകൊണ്ടാണ് മുകൾനിലയിലെ ഏക മുറിയുടെ ഭിത്തി. ഇവിടേക്കുള്ള സ്റ്റെയർകെയ്സും മുളകൊണ്ടുതന്നെ. മുളയും കാറ്റാടിക്കഴയുംകൊണ്ടാണ് മേൽക്കൂരയുടെ കഴുക്കോലും പട്ടികയുമെല്ലാം.

നമ്മുടെ ജീവിതം അതിനൊത്ത വീട്

വരാന്ത, സ്വീകരണമുറി, അടുക്കള, ബാത്റൂം, കിടപ്പുമുറി എന്നിവയുണ്ട് കല്ല്യയുടെ താഴത്തെ നിലയിൽ. സ്വീകരണമുറിയോട് ചേർന്നുതന്നെയാണ് അടുക്കള. പ്രത്യേകിച്ച് മറയൊന്നുമില്ല. നിലത്തുള്ള വിറകടുപ്പിലാണ് പാചകം കൂടുതലും. സംസാരിച്ചും ടിവികണ്ടും പാചകം ചെയ്യാം.

“പാചകം ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അത് മറഞ്ഞുനിന്ന് രഹസ്യമായി ചെയ്യേണ്ടതല്ല. പാചകത്തിൽ ഞങ്ങളെല്ലാവരും പങ്കാളികളാണ്.” മോഹൻ വ്യക്തമാക്കുന്നു.

ഊണുമേശ മനഃപൂർവം ഒഴിവാക്കി. പായ വിരിച്ച് അതിലിരുന്നാണ് ഭക്ഷണം. പറമ്പിൽ വിളയിച്ചെടുത്ത വിഭവങ്ങളാണ് ഉപയോഗിക്കുന്നതിൽ കൂടുതലും. ജൂൺ 16 നായിരുന്നു പാലുകാച്ചൽ. ഇപ്പോഴും വീട് പൂർത്തിയായിട്ടില്ല എന്നേ വീട്ടുകാർ പറയൂ.

“കുട്ടിയെപ്പോലെയാണ് വീട്. മാറ്റങ്ങൾ വരും. അത് വളർന്നുകൊണ്ടേയിരിക്കും. വീടിനതിൽ സന്തോഷമേയുള്ളൂ.”

ചിത്രങ്ങൾ: സരിൻ രാംദാസ്

Read more on Mud House Plans Low Cost House Plan