വികൃതി കാട്ടിയാൽ പൊലീസിനെ വിളിക്കും... പൊലീസ് ഇടിക്കും.. കുട്ടിക്കുറുമ്പൻമാരെ തളയ്ക്കാന്‍ പൊലീസിനെയാണ് മിക്ക രക്ഷിതാക്കളും കൂട്ടുപിടിക്കുക. പൊലീസ് എന്നു കേട്ടാൽ എതു കുറുമ്പനും മര്യാദരാമനായി മാറും. പക്ഷേ, പൊലീസിന് ഈയിടെയായി അതത്ര പിടിക്കുന്നില്ല! ചെറുപ്പത്തിലേ തുടങ്ങുന്ന പൊലീസ് പേടി കുട്ടികൾക്കൊപ്പം വളരുന്നു. മുതിർന്നാൽപോലും പ്രശ്നങ്ങൾ തുറന്നുപറയാൻ മടിക്കുന്നുണ്ടെന്നാണ് പുതിയ കാലത്തെ നിയമപാലകർ പറയുന്നത്. ജനമൈത്രി പൊലീസ് സ്റ്റേഷനുകൾ മുതിർന്നവരുടെ മനസ്സിലെ ചിത്രം മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. കുട്ടികളെകൂടി ‘പൊലീസ് ഫ്രണ്ട്‌ലി’ ആക്കിയാലേ സമൂഹത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരമാകൂ എന്ന് അധികൃതർ ഉറച്ചു വിശ്വസിക്കുന്നു.
കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള ആറ് പൊലീസ് സ്റ്റേഷനുകളെ ശിശുസൗഹൃദപൊലീസ് സ്റ്റേഷനുകളാക്കി മാറ്റിയാണ് ഇതിനു പോംവഴി കണ്ടെത്തിയിരിക്കുന്നത്. കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷനാണ് അത്തരത്തിൽ ചൈൽഡ് ഫ്രണ്ട്‌ലി ആക്കിയെടുത്ത ഒരു സ്ഥാപനം. “വീട്ടിലും സ്കൂളിലും പുറത്തും ശാരീരികവും മാനസികവുമായി പലവിധത്തിലുള്ള പീഡനങ്ങളും കുട്ടികൾ അനുഭവിക്കുന്നുണ്ട്. പലപ്പോഴും ഇതൊന്നും തുറന്നു പറയാൻ വീട്ടിലെ സാഹചര്യങ്ങൾ അനുവദിക്കാറില്ല. അത്തരം അവസരങ്ങളിൽ ധൈര്യമായി പൊലീസ് സ്റ്റേഷനിലേക്ക് കയറിച്ചെല്ലാനും പൊലീസിനോട് തങ്ങളുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കാനും കുട്ടികളെ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം.” എസ്ഐ എസ്. വിജയശങ്കർ പറയുന്നു.
കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷന്റെ മതിൽ മുതൽ തുടങ്ങുന്നു കുട്ടികളെ ആകർഷിക്കാനുള്ള വിദ്യകൾ. മതിലിൽ ഡോറയും മിക്കി മൗസും നെമോയുമെല്ലാം വരച്ചിട്ടുണ്ട്. കൂടാതെ, ഒരു കുഞ്ഞു പൂന്തോട്ടവും. കണ്ടാൽ ഒരു പാർക്കോ കിൻഡർഗാർടനോ ആണോ എന്നു സംശയം തോന്നും. പൊലീസ് സ്റ്റേഷന്റെ പുറംഭിത്തിയിലും ടോമും ഛോട്ടാ ഭീമും മറ്റു കാർട്ടൂൺ കഥാപാത്രങ്ങളുമെല്ലാമുണ്ട്. സന്ദർശകമുറിയും കുട്ടികളുടെ മുറിയുടെ തീമിൽ ക്രമീക്രരിച്ചിരിക്കുന്നു. മനോഹരമായ ഡിസൈനുള്ള വോൾപേപ്പറും ബ്ലൈൻഡുകളുമെല്ലാമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
മുലയൂട്ടുന്ന അമ്മമാരെ ഉദ്ദേശിച്ച് ഇവിടെ കട്ടിലും തൊട്ടിലുമെല്ലാം സജ്ജീകരിച്ചിട്ടുമുണ്ട്. കൂടാതെ, പൊലീസ് സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കു വരുന്നവർക്ക്, സമയം ചെലവഴിക്കാൻ മാസികകളും പുസ്കങ്ങളും ഈ മുറിയില്‍ ക്രമീകരിച്ചിരിക്കുന്നു. കടവന്ത്ര പൊലീസ് സ്റ്റേഷനോടു തൊട്ടുകിടക്കുന്ന പ്ലോട്ടിൽ അധികം വൈകാതെ ഒരു പാർക്കും വരും.
കഴിഞ്ഞ ശിശുദിനത്തിലാണ് പുതുക്കിയ സ്റ്റേഷന്റെ ഉദ്ഘാടനം നടന്നത്. കെ.വി തോമസ് എംപി, കൊച്ചി റേഞ്ച് ഐജി പി.വിജയൻ, അസിസ്റ്റന്റ് കമ്മീഷണർ കെ. ലാല്‍ജി, സിഐ അനന്തലാൽ എന്നിവരെല്ലാം സന്നിഹിതരായിരുന്നു. ഇപ്പോൾ എറണാകുളം പരിസരത്തുള്ള കുട്ടികൾക്ക് സന്ദർശിക്കാവുന്ന സ്ഥലങ്ങളുടെ ലിസ്റ്റിൽ പോലീസ് സ്റ്റേഷനുമായി!