Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഷീർ ബഷിയുടെ വീട്ടുവിശേഷങ്ങൾ

basheer-family മിനിസ്‌ക്രീനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ബഷീർ ബഷി വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം

എറണാകുളം ജില്ലയിലെ കുമ്പളത്തായിരുന്നു എന്റെ തറവാട്. ബാപ്പയ്ക്കും ഉമ്മയ്ക്കും ഞങ്ങൾ എട്ടുമക്കളാണ്. കടുത്ത ദാരിദ്ര്യത്തിലൂടെയാണ് എന്റെ ബാല്യം കടന്നു പോയത്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ബാപ്പയെ കണ്ടാണ് ഞാൻ വളർന്നത്. കുമ്പളം ലക്ഷം വീട് കോളനിയിൽ അഞ്ചു സെന്റിലുള്ള ഒരു കുടിലായിരുന്നു ഞങ്ങളുടെ വീട്. മഴക്കാലത്ത് വീടിനകം മുഴുവൻ ചോർന്നൊലിക്കും. അതിനുള്ളിൽ ഞങ്ങൾ 10 ജന്മങ്ങൾ വർഷങ്ങൾ സ്നേഹത്തോടെ കഴിഞ്ഞു. 

ബാപ്പയ്ക്കു കപ്പലണ്ടി കച്ചവടമായിരുന്നു. മുതിർന്നപ്പോൾ ചേട്ടന്മാരും ബാപ്പയ്ക്കൊപ്പം കൂടി. ഞാനും വൈകുന്നേരം സ്‌കൂൾ വിട്ടാൽ അവർക്കൊപ്പം കൂടും. എറണാകുളം ഹൈക്കോർട്ട്, മറൈൻ ഡ്രൈവ് ഭാഗത്ത് ഞങ്ങൾ വർഷങ്ങളോളം കച്ചവടം നടത്തി. ഞാൻ പത്താം ക്‌ളാസ് വരെയേ പഠിച്ചുള്ളൂ..പിന്നെ ചേട്ടന്മാരുടെയൊപ്പം കൂടി. അങ്ങനെ പടിപടിയായി കച്ചവടം കൂടി. ഞാൻ ചെറിയൊരു തുണിക്കട തുടങ്ങി. ഇതിനിടയ്ക്ക് ജീവിക്കാനായി പല വേഷങ്ങൾ അണിഞ്ഞു. ഡിജെ, മോഡൽ, സീരിയൽ നടൻ... 

പഴയ കുടിൽ മാറ്റി രണ്ടുനില വീട് പണിതു. പക്ഷേ അധികകാലം അവിടെ കഴിയാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ബാപ്പയും ഉമ്മയും മരിച്ചു. അഞ്ചു പെങ്ങന്മാരെ കെട്ടിച്ചയച്ചപ്പോഴേക്കും വീടു വിറ്റു. ഓരോരുത്തരായി ഭാഗം മേടിച്ചു പിരിഞ്ഞു. ഇതിനിടയ്ക്ക് ഞാൻ വിവാഹം കഴിച്ചു. ഞങ്ങൾ കലൂരുള്ള ഒരു വാടകവീട്ടിലേക്ക് മാറി. ഞാൻ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ സുഹാന ബഷി. എനിക്ക് രണ്ടു മക്കളുണ്ട്.  ആറുവയസുകാരി സുനൈനയും ഒരുവയസുകാരൻ മുഹമ്മദ് സൈഗവും. രണ്ടാം ഭാര്യയുടെ പേര് മഷൂര. ഇപ്പോൾ ബി ഫാം വിദ്യാർഥിനിയാണ്‌.

bashir

എനിക്ക് അൽപം ഫാഷൻ ഭ്രമം ഉണ്ട്. മോഡലിങ് ചെയ്യാറുണ്ട്. അതുകൊണ്ട് സമൂഹമാധ്യങ്ങളിൽ ഞാനിടുന്ന ഫോട്ടോകൾ കണ്ടു ഞാൻ വലിയ കാശുകാരൻ ആണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. ഞാൻ സാധാരണക്കാരിൽ സാധാരണക്കാരനാണ്. സ്വന്തമായി ഒരു വീട് പണിയാനുള്ള സമ്പാദിക്കലിലാണ് ഞങ്ങൾ ഇപ്പോൾ. സ്വപ്നവീടിനെക്കുറിച്ച് അധികം മോഹങ്ങൾ ഒന്നുമില്ല. അത്യാവശ്യം ജീവിക്കാനുള്ള സൗകര്യങ്ങൾ മാത്രമുള്ള ഒരു വീട്. വലിയ ആഡംബരങ്ങൾ ഒന്നും സ്വപ്നത്തിൽ പോലുമില്ല. രണ്ടു ഭാര്യമാരെയും നന്നായി നോക്കണം. കഴിയുമെങ്കിൽ സിനിമയിൽ കഴിവ് തെളിയിക്കണം,  തട്ടിമുട്ടി ജീവിച്ചു പോകണം...തൽക്കാലം അത്രയൊക്കെയുള്ളൂ ആഗ്രഹങ്ങൾ...