അച്ഛൻ സതീശൻ നായർ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്നു. അമ്മ സൂര്യകല വീട്ടമ്മ. അച്ഛൻ മരിച്ചു പോയി. ഭാര്യ വിനീത നായർ. ഞങ്ങൾക്ക് രണ്ടു പെണ്മക്കൾ. മൂത്തവൾ മാളവിക ഒൻപതിൽ പഠിക്കുന്നു. ഇളയവൾ മീനാക്ഷി രണ്ടാം ക്‌ളാസിലും...
സ്‌കൂൾ കാലഘട്ടത്തിൽതന്നെ ഞാൻ നാടകവേദികളിൽ സജീവമായിരുന്നു. അങ്ങനെയാണ് മിനിസ്ക്രീനിലേക്കെത്തുന്നത്. ഞാനൊരു സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ്. രജിസ്‌ട്രേഷൻ വകുപ്പിലാണ് ജോലി.
വേദനയാണ് ആ വീട്...
അച്ഛന്റെ നാട് ഉള്ളൂരായിരുന്നു. അമ്മയുടെ നാട് കരകുളവും. അവിടെ അച്ഛൻ വച്ച വീട്ടിലാണ് ഞാൻ ജനിച്ചുവളർന്നത്. അച്ഛന് പിന്നീട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ഭാരിച്ച ചികിത്സചെലവുകൾ പരിഹരിക്കാൻ ആ വീടു വിൽക്കേണ്ടിവന്നു. ബാല്യത്തിലെ ഓർമകൾ നിറയുന്ന വീട് വിട്ടിറങ്ങുക...ജീവിതത്തിലെ വേദനയേറിയ ഒരധ്യായമായിരുന്നു അത്.
ഞാൻ ഇപ്പോൾ സ്റ്റാച്യൂ ജങ്ഷന് സമീപമുള്ള ശാന്തിനഗർ കോളനിയിലെ വീട്ടിലാണ് താമസിക്കുന്നത്. ഭാര്യയുടെ വീടാണ്. മുകളിൽ ഞങ്ങൾ നാലു മുറികൾ നിർമിച്ചു താമസം മാറുകയായിരുന്നു. നമ്മൾ കൂടുതൽ സമയവും ഷൂട്ടിങ്ങുമായി വീടിനു പുറത്തായിരിക്കും. ഭാര്യയാണ് വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്.
സ്വപ്നമാണ് സ്വന്തം വീട്...
ഞാൻ മിനിസ്ക്രീനിലെത്തിയിട്ട് പതിനെട്ടു വർഷങ്ങൾ കഴിഞ്ഞു. സീരിയൽ താരം എന്നുകേൾക്കുമ്പോൾ വലിയ പണക്കാരൻ എന്നാണ് പലരുടെയും ധാരണ. എന്നാൽ ജീവിച്ചു പോകാനുള്ള പണമല്ലാതെ വലിയ സമ്പാദ്യമൊന്നും ഇതുവരെ ആയിട്ടില്ല. എല്ലാ മലയാളികളെയും പോലെ സ്വന്തമായി വീട് പണിയുക എന്നത് എന്റെയും സ്വപ്നമാണ്. മനസ്സിൽ ചെറിയ പദ്ധതികളൊക്കെയുണ്ട്. കുറച്ചുവർഷങ്ങൾക്കുള്ളിൽ ആ സ്വപ്നം സഫലമാകും എന്നു ഞാൻ പ്രതീക്ഷിക്കുന്നു.