തൃശൂരാണ് എന്റെ സ്വദേശം. എല്ലാവർക്കും വിശാലമായ മുറ്റവും മരങ്ങളും പറമ്പുമൊക്കെയുള്ള വീടിന്റെ ബാല്യകാല സ്മരണകൾ പറയാൻ കാണും. എന്നാൽ എനിക്ക് നേരെ തിരിച്ചാണ്. ഞാൻ ചെറുപ്പത്തിൽതന്നെ ആകാശത്തേക്ക് ചേക്കേറി. ഞാൻ ജനിച്ചു വളർന്നതും ഇപ്പോൾ താമസിക്കുന്നതും ഫ്ലാറ്റിലാണ്. അതുകൊണ്ടുതന്നെ വീടുകളോട് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഇല്ല. അച്ഛൻ പി ജി വെയ്ൽസ്, അമ്മ സുദീന വെയ്ൽസ്. അച്ഛൻ ചാർട്ടേഡ് അക്കൗണ്ടന്റാണ്. റിയൽ എസ്റ്റേറ്റ് ബിസിനസും ചെയ്തിരുന്നു. എനിക്കൊരു ചേട്ടൻ. മിഥുൻ. ചേട്ടനും അക്കൗണ്ടന്റാണ്. കുടുംബമായി തൃശൂരാണ് താമസം.
എനിക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ് അച്ഛൻ ഈ ഫ്ലാറ്റ് മേടിക്കുന്നത്. അന്നൊക്കെ ഫ്ലാറ്റുകൾ സജീവമായി വരുന്നതേയുള്ളൂ. 13 ഫ്ളാറ്റുകളുള്ള കോംപ്ലക്‌സാണ്. ഞങ്ങളുടേത് 3 BHK ഫ്ലാറ്റാണ്. പതിനാറാം വയസ്സിൽ ഞാൻ മിസ് കേരള മത്സരത്തിൽ പങ്കെടുത്തിരുന്നു. ആ ഫോട്ടോ കണ്ടാണ് വിനീത് ശ്രീനിവാസൻ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. പിന്നീട് മിനിസ്‌ക്രീനിൽ സജീവമായി.
ഫേവറിറ്റ് കോർണർ...
ബാൽക്കണിയാണ് ഫേവറിറ്റ് കോർണർ. തൃശൂരുള്ള ഫ്ലാറ്റിൽ വിശാലമായ ബാൽക്കണിയാണ്. അമ്മ അവിടെ നല്ലൊരു പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. ഞാൻ ഒരു ഊഞ്ഞാലും ബാൽക്കണിയിൽ തൂക്കിയിട്ടുണ്ട്. എത്ര ദൂരയാത്ര കഴിഞ്ഞു വന്നാലും ഒരു കാപ്പിയുമായി ബാൽക്കണിയിൽ കാറ്റുകൊണ്ട് കാഴ്ചകൾ കണ്ടുകൊണ്ടിരുന്നാൽ ക്ഷീണമെല്ലാം പമ്പകടക്കും.
ഫ്ളാറ്റുകളോടാണ് ഇഷ്ടം...
ഷൂട്ടിന്റെ സൗകര്യത്തിനായി ഞങ്ങൾ ഇപ്പോൾ കൊച്ചിയിലേക്ക് കൂടുമാറി. ഫ്ലാറ്റ് റെന്റിനെടുത്താണ് താമസം. എനിക്ക് ഫ്ളാറ്റുകളോടാണ് ഇഷ്ടം. കമ്യൂണിറ്റി ലിവിങ്ങിന്റെ സാധ്യതകൾ, സുരക്ഷിതത്വം, പരിപാലിക്കാനുള്ള സൗകര്യം..അങ്ങനെ കുറെ ഗുണങ്ങളുണ്ട് ഫ്ളാറ്റുകൾക്ക്. അതുകൊണ്ട് ഭാവിയിൽ സ്ഥലം മേടിച്ചു വീടുവയ്ക്കാനൊന്നും പ്ലാനില്ല...