എന്റെ മുത്തച്ഛൻ വീരയ്യ റെഡ്ഢിയാരുടെ വീട് ആലപ്പുഴയിലായിരുന്നു. പാലസ് റോഡിലെ ആ വീട്ടിൽ നിന്നാണ് എന്റെ വീടോർമകൾ തുടങ്ങുന്നത്. ഒരേക്കർ സ്ഥലത്തുള്ള ഒരു വലിയ ബംഗ്ലാവായിരുന്നു. കാലാകാലങ്ങളായി പല മുറികളും കൂട്ടിച്ചേർത്തിരുന്നു. മുത്തച്ഛന്റെ മുറിയെ ഞങ്ങൾ കൊട്ടക എന്നായിരുന്നു വിളിച്ചിരുന്നത്. കുടുംബത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനവും മറ്റു കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തോടുള്ള ബഹുമാനവുമൊക്കെ കണ്ടാണ് ഞാൻ വളർന്നത്.
കോട്ടയത്തുള്ള അച്ഛന്റെ വീട്ടിലാണ് ഞാൻ ജനിച്ചത്. ഞാൻ ഏകമകളായിരുന്നു. ബാല്യകാലം മുഴുവനും ചെലവിട്ടതും കോട്ടയത്തുള്ള ശീമാട്ടി സദനം എന്ന വീട്ടിലായിരുന്നു. ഞാനും അച്ഛനും അമ്മയും കോട്ടയത്തുള്ള വീട്ടിൽ നിന്നും എല്ലാ വെള്ളിയാഴ്ചയും ആലപ്പുഴയിലെ തറവാട്ടിൽ എത്തുമായിരുന്നു. മൂന്നു കടത്തു കടന്നാണ് യാത്ര. ഓരോ സമയത്തും ഓരോ കാഴ്ചകളാണ്. കൊയ്ത്തിനു പാടമൊരുക്കുമ്പോൾ ഒരു കാഴ്ച, പിന്നെ കാണുമ്പോൾ വയൽ മുഴുവൻ പച്ചപ്പട്ടണിഞ്ഞു നിൽക്കുന്നതായിരിക്കും. കൊയ്ത്ത് അടുക്കാറാകുമ്പോൾ വയൽ മുഴുവൻ സ്വർണനിറമാകും. കൊയ്ത്തു സമയത്തു സ്ത്രീകൾ ഒരുമിച്ച് പാട്ടൊക്കെ പാടി കൊയ്യുന്നത് ഇന്നും ഓർമയിലുണ്ട്.
കടത്തു വള്ളത്തിൽ പോകുമ്പോൾ ഓരത്തായി ചെറുവീടുകൾ കാണും. മഴയത്ത് പോകുമ്പോൾ പല കൂരകളും ചോർന്നൊലിക്കുന്നത് കാണാം. അതിനുള്ളിൽ ഒരുപാട് ആളുകൾ തിങ്ങി ഞെരുങ്ങി ഇരിപ്പുണ്ടാകും. ഞാൻ എത്ര ഭാഗ്യവതിയാണ് എന്ന ചിന്ത ചെറുപ്പത്തിലേ മനസ്സിൽ ഉറയ്ക്കാൻ ഈ കാഴ്ചകൾ സഹായകരമായിട്ടുണ്ട്. വീട്ടിൽ എത്തിയാൽ പിന്നെ കസിൻസിനൊപ്പം കളിചിരികളുമായി പറമ്പ് മുഴുവൻ ഓടിനടക്കും. അടുത്തുള്ള ബീച്ചിൽ കറങ്ങാൻ പോകും.
വിവാഹശേഷവും പത്തു വർഷങ്ങൾ കോട്ടയത്തെ വീട്ടിൽ താമസിച്ചു. പിന്നീട് ഞങ്ങൾ സമീപം ഒരു വീട് പണിതുമാറി. മാനസരോവർ എന്നായിരുന്നു ആ വീടിന്റെ പേര്. 1991 ൽ ആ വീട് പണിതുനൽകിയ കെ ആർ കെ മേനോൻ തന്നെയാണ് 'എർത്' എന്ന എന്റെ പുതിയ വീടിന്റെ ശിൽപിയും. ശീമാട്ടിയുടെ കോട്ടയത്തെയും കൊച്ചിയിലെയും ഷോറുമുകൾ ഡിസൈൻ ചെയ്തു തന്നതും മേനോൻ സാറാണ്.
കൊച്ചിയിലെ കടയുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാനായി സമീപം ഒരു വീട് വേണം എന്ന ആഗ്രഹത്തിൽ നിന്നാണ് എർത്തിന്റെ പിറവി. വീട്ടിലെ ഓരോ ഇടങ്ങളും വളരെ സൂക്ഷ്മതയോടെ ഞങ്ങൾ ഒരുക്കിയതാണ്.
ബീന കണ്ണന്റെ വീടിന്റെ കാഴ്ചകളുമായി പുതിയ ലക്കം സ്വപ്നവീട് Nov 5 (തിങ്കൾ) റിലീസ് ചെയ്യും....കാത്തിരിക്കൂ!...