Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടാണ് എന്റെ സ്വർഗം: റെബേക്ക സന്തോഷ്

rebeca-santhosh മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയയായ റെബേക്ക സന്തോഷ് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു... ചിത്രത്തിന് കടപ്പാട്- സമൂഹമാധ്യമം

തൃശൂരാണ് എന്റെ നാട്. അച്ഛൻ സന്തോഷിനു ബിസിനസാണ്. അമ്മ ജയ വീട്ടമ്മയും. എനിക്കൊരു സഹോദരി ഗീത. ഇപ്പോൾ വിവാഹം കഴിഞ്ഞു ബഹ്‌റിനിൽ സെറ്റിൽ ചെയ്തു. അച്ഛന്റെയും അമ്മയുടെയും തറവാട് കോട്ടയം ഈരാറ്റുപേട്ടയാണ്. ബിസിനസിനായി തൃശൂർ വന്നു താമസമാക്കിയതാണ്. കൂട്ടുകുടുംബമായിരുന്നു ഇരുവരുടെയും. പിന്നീട് ഭാഗം പറ്റി ഓരോ വഴിക്ക് പിരിഞ്ഞു. കസിൻസ് കൂടുതലും കോട്ടയത്താണ്. അവധിക്കാലത്തും ആഘോഷവേളകളിലും ഞങ്ങൾ ഒത്തുകൂടും. ഞാൻ ജനിച്ചതും വളർന്നതും തൃശൂരാണ്. 

കരിയർ... 

rebeca-santhosh

നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു പരസ്യത്തിന്റെ മോഡലായാണ് അഭിനയ രംഗത്തേക്കെത്തിയത്. പിന്നീട് സീരിയലുകളിലേക്കെത്തി. ഇപ്പോൾ  എറണാകുളം സെന്റ് തെരേസാസിൽ അവസാനവർഷ ഡിഗ്രി വിദ്യാർഥിനിയാണ്. ഷൂട്ടും പഠനവും വലിയ കുഴപ്പമില്ലാതെ ബാലൻസ് ചെയ്തു കൊണ്ടുപോകുന്നുണ്ട്. തിരുവനന്തപുരത്താണ് ഇപ്പോൾ ഷൂട്ട് നടക്കുന്നത്. താമസം അവിടെ ഒരു വീട്ടിലാണ്. അൽപം ഹോംസിക്കാണ് ഞാൻ.  ഇടവേളകളിൽ ഞാൻ നേരെ തൃശൂരേക്ക് വണ്ടികയറും.

തൃശൂർ വീട്...

rebeca-home

തൃശൂരിൽ  ആദ്യമൊക്കെ വാടകവീടുകളിലായിരുന്നു താമസം. എട്ടു വർഷം മുൻപാണ് ഇപ്പോൾ താമസിക്കുന്ന വീട് പണിതത്. നല്ലംകര എന്ന സ്ഥലത്താണ് ഇരുനില വീട്. ടൗണിനു സമീപം തന്നെ എന്നാൽ അധികം ബഹളങ്ങൾ ഒന്നും ഇല്ലാത്ത ഇടത്താണ് വീട്. സമീപം പാടമാണ്. നല്ല കാറ്റ്  എപ്പോഴും വീടിനുള്ളിൽ ലഭിക്കും. ചെറിയ മുറ്റത്തും പൂന്തോട്ടമുണ്ട്. അമ്മയാണ് അതിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്.

താഴെ രണ്ടു കിടപ്പുമുറി, ലിവിങ്, ഹാൾ, കിച്ചൻ എന്നിവയാണുള്ളത്. മുകളിൽ ഒരു കിടപ്പുമുറി, ഹാൾ, ബാൽക്കണി എന്നിവയും ഒരുക്കി.റെഡ്, ബ്ലാക് നിറങ്ങളോട് പ്രത്യേക ഇഷ്ടമുണ്ട്. വീടിന്റെ തീം ആയി തിരഞ്ഞെടുത്തതും ഈ നിറങ്ങളാണ്. ഡൈനിങ് ഏരിയയുടെ ഭിത്തിയിൽ ഹൈലൈറ്റർ നിറമായി റെഡ് നൽകി. ഇതുപോലെ പലയിടത്തും റെഡ്, ബ്ലാക് നിറങ്ങൾ കൊടുത്തിട്ടുണ്ട്. എനിക്ക് കിട്ടിയ ചെറിയ പുരസ്കാരങ്ങളൊക്കെ കൊണ്ട് മുറികൾ അലങ്കരിക്കുന്നു.

ഫേവറിറ്റ് കോർണർ...

എന്റെ കിടപ്പുമുറിയും ബാൽക്കണിയുമാണ് പ്രിയ ഇടങ്ങൾ.  ലിവിങ്ങിലും എന്റെ മുറിയിലുമൊക്കെ ഡിസ്പ്ളേ ഷെൽഫ് നൽകിയാണ് ട്രോഫികൾ സൂക്ഷിക്കുന്നത്. ഷൂട്ട് കഴിഞ്ഞു നേരെ മുറിയിലേക്ക് എത്തുമ്പോൾ തന്നെ മനസ്സ് ടെൻഷൻ ഫ്രീയാകും. മുകളിലെ ബാൽക്കണിയിൽ സമീപത്തെ പാടത്തിന്റെ കാഴ്ചയൊക്കെ കണ്ടുകൊണ്ട് കാറ്റേറ്റ് നിൽക്കാൻ ഇഷ്ടമാണ്.

സ്വപ്നവീട്...

എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷവും സമാധാനവും അനുഭവിക്കുന്ന ഇടമാണ് വീട്. പ്രിയപ്പെട്ടവർ ഒരുമിച്ചുള്ള സ്ഥലങ്ങൾ എല്ലാം എനിക്ക് വീടാണ്. എനിക്ക് ഇരുപതു വയസ്സ് കഴിഞ്ഞതേ ഉള്ളൂ. ഇപ്പോഴേ ഭാവി വീടിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. ഫ്ളാറ്റുകളോട് വലിയ താൽപര്യമില്ല...സമയമാകുമ്പോൾ വീട് നമ്മളെ തേടി വരട്ടെ...