മൂന്ന് നഗരങ്ങളിലൂടെയാണ് ജീവിതം കറങ്ങുന്നത്: ശ്രീറാം രാമചന്ദ്രൻ

മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ ശ്രീറാം വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

കോഴിക്കോട് ചാലപ്പുറമാണ് എന്റെ വീട്. ഒരു കലാകുടുംബമാണ് എന്റേത്. അച്ഛൻ സി കെ രാമചന്ദ്രൻ കർണാടിക് സംഗീതജ്ഞനാണ്. അമ്മ ജയശ്രീ വീട്ടമ്മയും. എനിക്കൊരു ചേട്ടൻ. ജയറാം. ആർട് ഡയറക്ടറായി ജോലി ചെയ്യുന്നു. ഇപ്പോൾ കുടുംബമായി ചെന്നൈയിലാണ്. എന്റെ ഭാര്യ വന്ദിത സ്പീച്ച് തെറാപ്പിസ്റ്റാണ്. ഞങ്ങൾക്കൊരു മകൾ വിസ്മയ. ഇപ്പോൾ എൽകെജിയിൽ പഠിക്കുന്നു.

നിരവധി വർഷങ്ങൾ പഴക്കമുള്ള തറവാടു വീടിനെ പഴമ നിലനിർത്തിക്കൊണ്ടുതന്നെ പുതുക്കിപ്പണിതു സംരക്ഷിച്ചു പോരുന്നു. പരമ്പരാഗത ശൈലിയിൽ ഓടിട്ട മേൽക്കൂര സംരക്ഷിച്ചു പുതുക്കിപ്പണിതതുകൊണ്ട് വീടിനുള്ളിൽ ചൂട് വളരെ കുറവാണ്. ചേട്ടൻ നല്ലൊരു ഡിസൈനറും പെയിന്ററും ശിൽപിയുമൊക്കെയാണ്. ചേട്ടന്റെ കലാവിരുതിൽ രൂപം കൊണ്ട ചിത്രങ്ങളും ശിൽപങ്ങളുമാണ് വീട് അലങ്കരിക്കുന്നത്.

കരിയർ... 

കോഴിക്കോട് തന്നെയായിരുന്നു സ്‌കൂൾ കോളജ് പഠനം. അതുകൊണ്ട് അത്യാവശ്യം ഹോംസിക്കാണ്. കോളജിനു ശേഷം ചെന്നൈയിൽ ആർട് അസിസ്റ്റന്റായി പ്രവർത്തിച്ചു. അതിനുശേഷമാണ് മലവാടി ആർട്സ് ക്ലബിലൂടെ സിനിമയിലേക്കെത്തുന്നത്. തട്ടത്തിൻ മറയത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. സീരിയലുകളാണ് ഇപ്പോൾ കരിയറിന് ബ്രേക്ക് തന്നത്. ഒപ്പം പരസ്യചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്. ഇപ്പോൾ കേരളത്തിലെ മൂന്ന് നഗരങ്ങളിലൂടെയാണ് ജീവിതം കറങ്ങുന്നത്. നാട് കോഴിക്കോട്, താമസിക്കുന്നത് കൊച്ചിയിൽ. ഷൂട്ട് തിരുവനന്തപുരത്തും.

ഫ്ലാറ്റ് ജീവിതം...

ഞങ്ങൾ കൊച്ചിയിലേക്ക് മാറിയിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു. കാക്കനാട് ഒരു ഫ്ലാറ്റിലാണ് താമസം. നഗരത്തിൽ തന്നെ, എന്നാൽ അതിന്റെ ബഹളങ്ങൾ അധികം എത്താത്ത ഇടത്താണ് ഫ്ലാറ്റ്. അതുകൊണ്ട് വീടിന്റെ അന്തരീക്ഷമാണിവിടെ. 2 BHK ഫ്ലാറ്റാണ്. സിനിമകളിൽ ആർട് അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ളതുകൊണ്ട് ഫ്ലാറ്റിന്റെ ഇന്റീരിയറും ഞാൻ തന്നെയാണ് ഒരുക്കിയത്.

സ്വപ്നവീട്...

കോഴിക്കോട് തറവാടിനടുത്ത് സ്വന്തമായി ഒരു വീട് പണിയണം എന്നാണ് ആഗ്രഹം. തറവാടു പോലെതന്നെ ഓടിട്ട, കാറ്റും വെളിച്ചവും നിറയുന്ന ഒരു വീട്. അത്യാവശ്യം സമ്പാദ്യം ആയിക്കഴിഞ്ഞു അതിന്റെ പണിപ്പുരയിലേക്ക് കടക്കണമെന്നാണ് ആഗ്രഹം.