'ഇത് തള്ള് അല്ല ബാബ്വേട്ടാ, എന്റെ ജീവിതം': നിർമൽ പാലാഴി

നിർമൽ പാലാഴിയും കുടുംബവും

'ഇങ്ങള് ഇത് എന്ത് തള്ളാണ് ബാബ്വേട്ടാ'...കോഴിക്കോടൻ ഭാഷയിൽ നിർമൽ പാലാഴി ഈ ഡയലോഗ് പറയുമ്പോൾതന്നെ ചിരി വിടരും. ഒരുപക്ഷേ മാമുക്കോയയ്ക്ക് ശേഷം കോഴിക്കോടൻ ഭാഷ കൈമുതലാക്കി മിനിസ്ക്രീനിലും സിനിമയിലും കയ്യടി നേടിയ ജോഡികളാണ് ഹരീഷ് കണാരനും നിർമൽ പാലാഴിയും. ഹരീഷിന്റെ വീട്ടുവിശേഷങ്ങൾ ഹോംസ്‌റ്റൈൽ മുൻപ് പങ്കുവച്ചിരുന്നു. ഇത്തവണ നിർമൽ പാലാഴിയുടെ വീട്ടുവിശേഷങ്ങൾ വായിക്കാം...

കോഴിക്കോട് പാലാഴിയാണ് സ്വദേശം. അച്ഛൻ ബാലൻ. അമ്മ സുജാത. അച്ഛന് ചെറിയ കടകളിൽ കണക്കെഴുത്തായിരുന്നു പണി. അമ്മ വീട്ടമ്മയും. ഞങ്ങൾ നാലു മക്കൾ. എനിക്ക് ചേട്ടനും താഴെ രണ്ടു ഇരട്ട സഹോദരിമാരുമുണ്ട്. ദാരിദ്ര്യം കഷ്ടപ്പാടും നന്നായി അനുഭവിച്ചാണ് വളർന്നുവന്നത്.

കഷ്ടപ്പാടിന്റെ കാലം...

ഓർമ വച്ചകാലം മുതൽ ഒരു ചെറിയ കൂരയായിരുന്നു വീട്. വെട്ടുകല്ല് കൊണ്ട് കെട്ടിയ, തേയ്ക്കാത്ത ചുവരുകളുള്ള വീട്. പാലാഴിയിൽ അൽപം താഴ്ന്ന പ്രദേശത്തായിരുന്നു ആ വീട്. മഴക്കാലത്ത് വീടിനകം മുഴുവൻ വെള്ളം കയറും. അപ്പോൾ ഞങ്ങൾ വീടൊഴിഞ്ഞു ഉയരെയുള്ള ബന്ധുവീടുകളിലേക്ക് പോകും. 12 വർഷം മുൻപ്, ഞങ്ങൾ ആ വീടും സ്ഥലവും വിറ്റു. വെള്ളം കയറാത്ത അൽപം ഉയർന്ന സ്ഥലത്ത് 13 സെന്റ് സ്ഥലവും പഴയ വീടും വാങ്ങി. വീട് മിനുക്കിയെടുത്തു.

സ്‌കൂൾ കാലഘട്ടത്തിൽ ഞാൻ അൽപം മിമിക്രിയും സ്റ്റേജ് പരിപാടികളും ചെയ്യുമായിരുന്നു. അതിനുശേഷം ജീവിക്കാൻ വേണ്ടി പല പണികൾ ചെയ്തു തുടങ്ങി. ഇഷ്ടികപ്പണി, കൽപ്പണി ഒടുവിൽ സ്വർണപ്പണി...ഇതിനിടയ്ക്ക് ട്രൂപ്പിൽ മിമിക്രി ആർട്ടിസ്റ്റായും പോകുമായിരുന്നു. പിന്നീട് ഹരീഷ് കണാരന്റെയും വിനോദ് കോവൂരിന്റെയും കൂടെ വിവിധ ട്രൂപ്പുകളിൽ ചേർന്നു പ്രവർത്തിച്ചു. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്. അതിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. സിനിമകളിൽ അവസരം ലഭിച്ചു തുടങ്ങി.

ഭാര്യ അഞ്ജു വീട്ടമ്മയാണ്. മകൻ നിരൻജ് യുകെജിയിൽ പഠിക്കുന്നു. രണ്ടാമത്തെ കുട്ടിക്ക് ഇപ്പോൾ എട്ടു മാസമായതേ ഉള്ളൂ.

കോഴിക്കോട് വിട്ടൊരു പരിപാടിയില്ല...

നാടുമായും വീടുമായും വളരെ ആത്മബന്ധമുണ്ട് എനിക്ക്. അങ്ങനെയാണ് പാലാഴിയെ പേരിനൊപ്പം ചേർത്തത്. പണ്ടൊക്കെ ദൂരെ സ്ഥലങ്ങളിൽ സ്‌റ്റേജ് പരിപാടികൾക്ക് പോകുമായിരുന്നു. പരിപാടി തീരുമ്പോൾ പലപ്പോഴും രാത്രിയാകും. പക്ഷേ എത്ര വൈകിയാലും ലോറി പിടിച്ചായാലും ഞാൻ വീട്ടിലെത്തും. ഇപ്പോൾ സിനിമകൾ കൂടുതലും കൊച്ചിയിലാണ് ചിത്രീകരണം. നമ്മുടെ ഭാഗം കഴിഞ്ഞാൽ എങ്ങനെയെങ്കിലും നാട്ടിലേക്കുള്ള വണ്ടി പിടിക്കും. സ്വന്തം വീട്ടിലെ മുറിയിൽ ഉറങ്ങുമ്പോൾ കിട്ടുന്ന സുഖവും സന്തോഷവും മറ്റെങ്ങും കിട്ടില്ല. ഹരീഷ് കണാരനും അതുപോലെയാണ്. പുള്ളിയും ഏകദേശം എന്റെ അതേ പശ്‌ചാത്തലത്തിൽ നിന്നും വന്നയാളാണ്. ഞങ്ങളെ വളർത്തിയത് കോഴിക്കോടും കോഴിക്കോടൻ ഭാഷയുമാണ്. അതുകൊണ്ട് ഇവിടം വിട്ട് ഒരു പരിപാടിയുമില്ല. 

സ്വപ്നവീട്...

ഇപ്പോൾ അത്യാവശ്യം സിനിമകൾ ലഭിക്കുന്നുണ്ട്. ചെറിയ തോതിൽ സമ്പാദിക്കുന്നുണ്ട്. കുറച്ചുകൂടി സമ്പാദ്യമായാൽ റോഡ് സൗകര്യമുള്ള ഇടത്ത് കുറച്ചു സ്ഥലം വാങ്ങി വീട് വയ്ക്കണം. ഒരുപാട് വർഷങ്ങൾ ചെറിയ കൂരയിൽ താമസിച്ചതുകൊണ്ട് വലിയ ആഡംബരമോഹങ്ങളൊന്നുമില്ല. എന്റെ പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കൊച്ചുവീട്. ഏതെങ്കിലും സുഹൃത്ത് വീട്ടിൽവന്നാൽ അയാളെയും താമസിപ്പിക്കാൻ പാകത്തിൽ സൗകര്യമുള്ള ഒരു വീട്. അത്രയേ ഉള്ളൂ ആഗ്രഹം.