Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇപ്പോഴും മധുരമുണ്ട് ആ ഓർമകൾക്ക്: മാനസ

manasa-radhakrishnan

ബാലതാരമായി സിനിമയിലെത്തി ഇപ്പോൾ നായികാസ്ഥാനത്ത് തന്റെ സ്ഥാനം ഉറപ്പിക്കുന്ന മാനസ രാധാകൃഷ്ണൻ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

നാലു നാടുകളാണ് പ്രധാനമായും എന്റെ വീടോർമകളിൽ നിറയുന്നത്. തിരുവനന്തപുരം, കോട്ടയം, ദുബായ് ഇപ്പോൾ കൊച്ചി. അച്ഛൻ രാധാകൃഷ്ണൻ ദുബായിൽ എൻജിനീയറായിരുന്നു. അമ്മ ശ്രീകല വീട്ടമ്മയാണ്. അച്ഛന്റെ നാട് പാലായും അമ്മയുടേത് തിരുവനന്തപുരവുമാണ്. ഞാൻ രണ്ടു വയസ്സ് മുതൽ പതിനഞ്ചു വയസ്സ് വരെ ദുബായിലാണ് ജീവിച്ചത്. അവിടെ ആദ്യമൊക്കെ വീട്- സ്‌കൂൾ- വീട് ലൈഫായിരുന്നു. പിന്നെ പതിയെ ബസ് സ്‌റ്റോപ്പിൽ കൊണ്ടുവിടാൻ വരുന്ന അമ്മമാർ പരസ്പരം കമ്പനിയായി. ഓരോ വാരാന്ത്യത്തിലും ഓരോരുത്തരുടെ വീട്ടിൽ ഞങ്ങൾ കൂടും. കളിയും ചിരിയും ഭക്ഷണവുമൊക്കെയായിട്ട്. അതൊരു രസമുള്ള കാലമായിരുന്നു.

നാട്ടിലെത്തുമ്പോൾ  അമ്മയുടെ വീടിനെക്കുറിച്ചാണ് കൂടുതലും ഓർമകൾ. ധാരാളം മരങ്ങളും ചെടികളുമൊക്കെയുള്ള വീടായിരുന്നു. കസിൻസെല്ലാം അവധിക്ക് തറവാട്ടിലെത്തും. പിന്നെ കളിയും ചിരിയും മരത്തിൽ കയറ്റവും ഒക്കെയായിട്ട് അടിപൊളിയായിരിക്കും. മുറ്റത്ത് നല്ല മധുരമുള്ള മാമ്പഴം നിറയുന്ന മാവുണ്ടായിരുന്നു. അച്ഛന്റെ പാലായിലുള്ള വീടും കേരളാശൈലിയിൽ പണികഴിപ്പിച്ച വീടാണ്.

manasa-memories

2008 ൽ രഘുനാഥ് പാലേരി സംവിധാനം ചെയ്ത കണ്ണുനീരിനും മധുരം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. വികടകുമാരനാണ് അവസാനം റിലീസ് ചെയ്ത ചിത്രം. ഇപ്പോൾ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിനിയാണ്. 

ചെറുപ്പം മുതൽ ഫ്ലാറ്റിൽ വളർന്നതുകൊണ്ട് ഫ്ളാറ്റിനോട് ഇഷ്ടം കൂടുതലുണ്ട്. സുരക്ഷിതത്വമുണ്ട്, സ്വകാര്യതയുണ്ട്. കമ്യൂണിറ്റി ലിവിങ്ങിന്റെ സുഖമുണ്ട്.  2014 ലാണ് കൊച്ചിയിൽ ഫ്ലാറ്റെടുത്ത് താമസം മാറുന്നത്. ചെമ്പുമുക്കിലാണ് 3 BHK ഫ്ലാറ്റ്. അമ്മയാണ് ഇന്റീരിയർ കാര്യങ്ങൾ ഒക്കെ ഒരുക്കിവയ്ക്കുന്നത്. ഫ്ലാറ്റിന്റെ ഹാളാണ് എന്റെ ഇഷ്ടഇടം. സോഫയിൽ ഇരുന്നു ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാനാണ് ഇഷ്ടം.

manassa

ഭാവിയിൽ എന്തായാലും വീട് വയ്ക്കണം. ഇപ്പോൾ കൂടുതലും ഫാന്റസിയായിട്ടുള്ള ഇഷ്ടങ്ങളാണ്. കണ്ടിട്ടുള്ളതിൽ ഇഷ്ടമുള്ള ഒരു വീട്  സംവിധായകൻ ഷാഫി സാറിന്റെ ഇടപ്പിള്ളിയിലുള്ള വീടാണ്. നഗരത്തിനു നടുക്ക് വിശാലമായ അകത്തളങ്ങളുള്ള വീട്. ഭാവിയിൽ എന്നെങ്കിലും അതുപോലെ ഒരു വീട് വയ്ക്കണം എന്നാണ് ആഗ്രഹം.