വീട്ടിൽ പാട്ടില്ല, പക്ഷേ...ദീപക് ദേവിന്റെ വീട്ടുവിശേഷങ്ങൾ

ദീപക് ദേവ് സിനിമാസംഗീതരംഗത്തെത്തിയിട്ട് 16 വർഷങ്ങൾ കഴിഞ്ഞു. മധുരസുന്ദരമായ ഗാനങ്ങളും ത്രസിപ്പിക്കുന്ന ഈണങ്ങളും തനിക്ക് വഴങ്ങുമെന്ന് ദീപക് തെളിയിച്ചു. പൃഥ്വിരാജ്-മോഹൻലാൽ ചിത്രം ലൂസിഫറിന്റെ സംഗീതം നിർവഹിച്ചതിന്റെ ത്രില്ലിലാണ് ദീപക്, ഒപ്പം ഒരുപിടി ചിത്രങ്ങളുടെ സംഗീതം ഒരുക്കുന്നതിന്റെ പണിപ്പുരയിലും. വാടക വീടുകളിൽ നിന്നും സ്വന്തം വീട്ടിലേക്ക് ഒരു ചേക്കേറലിനു പദ്ധതിയിടാൻ ഒരുങ്ങുകയാണ് ദീപക്കും കുടുംബവും. ദീപക് തന്റെ വീടോർമകൾ പങ്കുവയ്ക്കുന്നു.

വീട് ഓർമകൾ...

തലശ്ശേരിയാണ് എന്റെ സ്വദേശം. അച്ഛൻ ദേവരാജ് കോമത്ത്. അമ്മ ആശ. എനിക്കൊരു സഹോദരൻ ദീക്ഷിത് ദേവ്. ഇതായിരുന്നു കുടുംബം. അച്ഛൻ വർഷങ്ങളായി പ്രവാസിയായിരുന്നു. ഞങ്ങൾ കുടുംബമായി ദുബായിലായിരുന്നു താമസം. സ്‌കൂൾകാലം മുഴുവൻ ദുബായിലായിരുന്നു. 

അച്ഛനും അമ്മയ്ക്കുമൊപ്പം (ഫയൽ ചിത്രം)

അവധിക്കാല ഓർമകളിലൂടെയാണ് അച്ഛന്റെ തലശ്ശേരിയിലുള്ള തറവാട് വീട് മനസ്സിൽ നിറയുന്നത്. കേരളീയശൈലിയിൽ ഓടിട്ട വീട്. ചുറ്റും മരങ്ങളും പച്ചപ്പുമൊക്കെയുള്ള ഇടം. കോളജ് കുമാരനായിട്ടാണ് പിന്നീട് നാട്ടിൽ സ്ഥിരമായി ലാൻഡ് ചെയ്യുന്നത്.

ചെറുപ്പത്തിൽ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ട്. പിന്നീട് താൽപര്യം കീബോർഡിലേക്കായി. തേവര സേക്രഡ് ഹാർട്സിലായിരുന്നു കോളജ് കാലം. ആ സമയത്ത് ഞങ്ങൾക്കൊരു മ്യൂസിക് ബാൻഡ് ഉണ്ടായിരുന്നു. ആ പരിചയമാണ് സിനിമയിലേക്ക് അവസരങ്ങൾ തുറന്നത്. ചെന്നൈയിൽ 14 വർഷങ്ങൾ താമസിച്ചു. സംഗീതസംവിധായകൻ എന്ന മേൽവിലാസം നൽകിയത് ആ നഗരമാണ്.

വീട്ടിൽ പാട്ടില്ല, മൂളിപ്പാട്ട് മാത്രം...

ദീപക്, ഭാര്യ സ്മിത, മക്കൾ ദേവിക, പല്ലവി (ഫയൽ ചിത്രം)

ഇപ്പോൾ എറണാകുളത്ത് ഒരു വാടകവീട്ടിലാണ് താമസം. ഭാര്യ സ്മിത ഗിരിജൻ. ഞങ്ങൾക്ക് രണ്ടു മക്കൾ. ദേവിക പത്തിലും പല്ലവി ഏഴിലും പഠിക്കുന്നു. ജോലിയും ജീവിതവും രണ്ടായി കാണാനാണ് താൽപര്യം. അതുകൊണ്ടുതന്നെ പാട്ടിന്റെ ചിട്ടപ്പെടുത്തലും മറ്റും സ്റ്റുഡിയോയിൽ ചെയ്യാറാണ് പതിവ്. വീട്ടിൽ വന്നു കുടുംബത്തോടൊപ്പം മൂളിപ്പാട്ടും പാടിയിരിക്കാമല്ലോ! വീട്ടിലെ അടുക്കിപ്പെറുക്കലൊക്കെ ഭാര്യയുടെ ഡിപ്പാർട്മെന്റാണ്. എനിക്ക് കിട്ടിയ പുരസ്‌കാരങ്ങൾ ഒരു ഷെൽഫിൽ സ്നേഹത്തോടെ സൂക്ഷിച്ചിട്ടുണ്ട്.

വീട്- താൽപര്യങ്ങൾ എതിർചേരിയിൽ 

ജീവിതത്തിലെ നല്ലൊരുകാലം വാടകവീടുകളിലാണ് കഴിഞ്ഞുപോയത്. സ്വന്തമായി ഒരു വീടിന്റെ തണലിലേക്ക് ചേക്കേറാനുള്ള പദ്ധതികൾ മനസ്സിൽ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഭാവിയിൽ നിർമിക്കാനിരിക്കുന്ന വീടിനെകുറിച്ചുള്ള എന്റെയും ഭാര്യയുടെയും സങ്കൽപ്പങ്ങൾ വിരുദ്ധചേരിയിലാണ്.

ഞാൻ ജീവിതത്തിലെ നല്ലൊരു കാലം ചെലവഴിച്ചത് ദുബായിലെ ഫ്ലാറ്റിലാണ്. എന്നാൽ ഓർമകളിൽ നിറയുന്നത് അവധിക്കാലത്ത് വരുമ്പോൾ താമസിച്ചിരുന്ന പരമ്പരാഗത ശൈലിയിൽ നിർമിച്ച അച്ഛന്റെ തറവാട് വീടും. അതുകൊണ്ട് എനിക്ക് പരമ്പരാഗത ശൈലിയിലുള്ള ഒരു വീട് പണിയണം എന്നാണ് ആഗ്രഹം. എന്നാൽ ഭാര്യ കൂടുതൽ കാലം നാട്ടിലെ വീടുകളിൽ ജീവിച്ചതുകൊണ്ട് സുരക്ഷയെക്കരുതി ഫ്ളാറ്റുകളോടാണ് താൽപര്യം. ഈ കാര്യത്തിൽ  വീട് പണിയുന്നതിന് മുൻപ് കുടുംബത്തിൽ ഉള്ളവരുമായി ചർച്ച ചെയ്യുന്ന പതിവുണ്ട്. അതുകൊണ്ട് ഒരു സമവായം ആയതിനുശേഷം കാര്യങ്ങൾ മുന്നോട്ടു നീക്കാം എന്നാണ് പദ്ധതി. വീട് ഒരു യോഗമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. സമയമാകുമ്പോൾ അത് തേടിയെത്തുകതന്നെ ചെയ്യും.