മലയാളത്തിന്റെ പ്രിയ സംവിധായകൻ ലാൽ ജോസിന്റെ പിറന്നാളാണ് ഇന്ന്. ഗ്രാമീണജീവിതത്തിന്റെ ഇണക്കങ്ങളിലേക്കും പിണക്കങ്ങളിലേക്കുമാണ് അദ്ദേഹത്തിന്റെ ക്യാമറ ഇറങ്ങിച്ചെന്നത്. മറവത്തൂർ കനവ് മുതൽ തട്ടുംപുറത്ത് അച്യുതൻ വരെയുള്ള അദ്ദേഹത്തിന്റെ ഭൂരിഭാഗം സിനിമകളും ഇടത്തരക്കാരന്റെ ജീവിതസംഘർഷങ്ങൾ പങ്കുവച്ചവയാണ്.
സിനിമകൾക്കായി അദ്ദേഹം തിരഞ്ഞെടുക്കുന്ന ലൊക്കേഷനുകൾക്കുമുണ്ടാകും ഒരു ആർക്കിടെക്ചർ ഭംഗി. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം കുടുംബത്തിലേക്ക് രണ്ടു സന്തോഷങ്ങൾ ഒരുമിച്ചെത്തുന്നതിന്റെ കാത്തിരിപ്പിലാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ. ലാൽ ജോസ് വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
തൃശൂർ ജില്ലയിലെ വലപ്പാട് എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. അച്ഛൻ ജോസ്. അമ്മ ലില്ലി. ഇരുവരും അധ്യാപകരായിരുന്നു. അച്ഛൻ സർക്കാർ സ്‌കൂളിൽ പല സ്ഥലങ്ങളിലും മാറിമാറി ജോലി ചെയ്തു. അമ്മ ഒറ്റപ്പാലം സ്‌കൂളിലാണ് സ്ഥിരമായി സേവനം ചെയ്തത്. അങ്ങനെ ഞങ്ങൾ ഒറ്റപ്പാലത്ത് ഒരു വാടകവീടെടുത്ത് താമസം തുടങ്ങി. സ്‌കൂൾ-കോളജ് പഠനം ഒറ്റപ്പാലത്തായിരുന്നു. പിന്നീടുള്ള എന്റെ സിനിമയിലെ കാഴ്ചകളും കാഴ്ചപ്പാടുകളും രൂപപ്പെടുത്തുന്നതിൽ ബാല്യത്തിലെ ഗ്രാമീണ ജീവിതാനുഭവങ്ങൾ ഏറെ പങ്കുവഹിച്ചിട്ടുണ്ട്.
അപ്പന്റെയും അമ്മയുടെയും വീട് വലപ്പാടായിരുന്നു. അപ്പന്റെ മാതാപിതാക്കൾ നേരത്തെ മരിച്ചത് കാരണം അമ്മയുടെ തറവാട്ടിലാണ് ഞാൻ ബാല്യകാലം കൂടുതലും ചെലവഴിച്ചത്. എനിക്ക് രണ്ടു സഹോദരങ്ങളുണ്ട്. അനിയത്തി ലിജോയും അനിയൻ ലിന്റോയും. കർശനമായ ചിട്ടവട്ടങ്ങളോടെയാണ് അച്ഛനുമമ്മയും ഞങ്ങളെ വളർത്തിയത്. അതിൽ നിന്നുള്ള മോചനമായിരുന്നു അവധിദിവസങ്ങളിൽ തറവാട്ടിൽ ചെലവഴിക്കുന്ന ദിവസങ്ങൾ.
ചെന്നൈയിലേക്ക്....
കോളജ് കഴിഞ്ഞു ഫിലിം പ്രോസസിങ് പഠിക്കാനായി ഞാൻ ചെന്നൈയിലേക്ക് വണ്ടി കയറി. സുഹൃത്തുക്കളുടെ കൂടെയായിരുന്നു പിന്നീടുള്ള കുറെ വർഷങ്ങൾ ജീവിതം. ഇത്തിരിവട്ടത്തിലും പരിഭവങ്ങളില്ലാതെ സ്നേഹം പങ്കുവച്ചുള്ള ജീവിതം. പണ്ടൊക്കെ വീടുകളുടെ അകത്തളം ചെറുതായിരുന്നു, പക്ഷേ മനസ്സ് വിശാലമായിരുന്നു. ഇപ്പോൾ വീടുകളുടെ അകത്തളം വിശാലമായപ്പോൾ നമ്മുടെ മനസ്സ് വല്ലാതെ ഇടുങ്ങിപ്പോയതായി തോന്നിയിട്ടുണ്ട്. കമൽ സാറിന്റെ അസിസ്റ്റന്റായി 16 സിനിമകൾ ചെയ്തു. ആ കാലയളവിലായിരുന്നു വിവാഹം. പിന്നീട് ഒരു മറവത്തൂർ കനവിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.
ഹിറ്റുകളുടെ വീട്....
എന്റെ സിനിമകളുമായി കൂട്ടിയിണക്കിയാണ് പിന്നീടുള്ള എന്റെ വീടോർമകൾ. ചന്ദ്രനുദിക്കുന്ന ദിക്കിനു ശേഷം പാലക്കാട് ജില്ലയിലെ തോട്ടക്കരയിൽ ഞാൻ ആദ്യമായി ഒരു വീട് പണിതു. അന്നത്തെ ചെറിയ സമ്പാദ്യം സ്വരുക്കൂട്ടിയുണ്ടാക്കിയ ഒരു ചെറിയ വീടായിരുന്നു അത്. മൂന്നു വർഷം അവിടെ താമസിച്ചു. രണ്ടാം ഭാവം എന്ന സിനിമയ്ക്കുശേഷം മീശമാധവന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് ആ വീട് ഞാൻ വിറ്റു. തോട്ടക്കര തന്നെ കുറച്ചു കൂടി വലിയ ഒരു വീട് മേടിച്ചു താമസം തുടങ്ങി. ആ വീട്ടിലാണ് 2002 മുതൽ ഞാൻ താമസിക്കുന്നത്. 17 വർഷങ്ങൾ താമസിച്ചതുകൊണ്ട് എന്റെ സിനിമാജീവിതത്തിലെ കൂടുതൽ ഹിറ്റുകളും പിറന്നത് അവിടെ വച്ചാണ്. വീടിന്റെ ടെറസിൽ ഞാനൊരു ലൈബ്രറി ഒരുക്കിയെടുത്തു. വീട്ടിലുള്ളപ്പോൾ എന്റെ പ്രിയ ഇടവും ലൈബ്രറിയാണ്.
ഫ്രയിമിൽ നിറയുന്ന സിനിമാവീടുകൾ...
സിനിമകളുടെ ലൊക്കേഷൻ തേടിയുള്ള യാത്രകളിൽ ഒരുപാട് വീട് ഓർമകൾ നിറയുന്നുണ്ട്. മീശമാധവനിൽ ജഗതിയുടെ കഥാപാത്രത്തിന്റെ വീട് കണ്ടെത്തിയത് ഒരുപാട് അന്വേഷണത്തിനുശേഷമാണ്. പാലക്കാട് മങ്കരയുള്ള ഒരു ഇല്ലമായിരുന്നു അത്. കാലക്രമേണ ക്ഷയിച്ചുപോയ ഇല്ലം വിൽപ്പനയ്ക്ക് വച്ചിരിക്കുകയായിരുന്നു. മീശമാധവനിൽ പ്രത്യക്ഷപ്പെട്ട ശേഷം അവിടേക്ക് സിനിമാചിത്രീകരണങ്ങളുടെ ഒഴുക്കായിരുന്നു.
തട്ടുംപുറത്ത് അച്യുതനിൽ നായികയുടെ വീടായി കാണിച്ചത് കണ്ണൂർ തളിപ്പറമ്പിലുള്ള കുറുമാത്തൂർ ഇല്ലമാണ്. 150 വർഷത്തിലധികം പഴക്കമുള്ള മനോഹരമായ മന. ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് മനയുടെ തട്ടിൻപുറം. ഇതുപോലെ ക്‌ളാസ്മേറ്റ്സ് എന്ന ചിത്രം ഇത്രയും ഓർത്തിരിക്കപ്പെടാൻ കാരണം സിഎംഎസ് കോളജിന്റെ മനോഹാരിത കൂടിയാണ്. നീലത്താമര, പുള്ളിപ്പുലികളും ആട്ടിൻകുട്ടികളും തുടങ്ങിയ ചിത്രങ്ങളിലൊക്കെ അത് ചിത്രീകരിച്ച സ്ഥലത്തിന്റെ പ്രതിനിധികളായ വീടുകളുണ്ട്.
സ്വപ്നവീട്ടിലേക്ക്...
സിനിമകളിൽ ഗ്രാമീണഭംഗിയുള്ള പ്രദേശങ്ങളും വീടുകളുമൊക്കെ ദൃശ്യവത്കരിക്കുമ്പോൾ അതുപോലെ ഒരു വീട് വയ്ക്കണം എന്ന മോഹം മനസ്സിൽ അവശേഷിച്ചിരുന്നു. ആ സ്വപ്നത്തിന്റെ പൂർത്തീകരണത്തിലേക്ക് നടന്നടുക്കുകയാണ് ഇപ്പോൾ ഞാനും കുടുംബവും. തൃശൂർ ജില്ലയിലെ മായന്നൂരിൽ ഭാരതപ്പുഴയ്ക്ക് സമീപം പുഴയും പാടവും മരങ്ങളും ഒത്തുചേരുന്ന ഇടത്താണ് എന്റെ വീടുപണി പുരോഗമിക്കുന്നത്.
മൂന്നു കാര്യങ്ങളിൽ എനിക്ക് നിഷ്കർഷ ഉണ്ടായിരുന്നു. കേരളത്തനിമയുള്ള പുറംകാഴ്ചയും വീതിയുള്ള വരാന്തയും വേണം, എന്റെ സുഹൃത്തുക്കൾ വരുമ്പോൾ സ്വീകരിച്ചിരുത്താൻ വിശാലമായ ഒരു സ്വീകരണമുറി ഉണ്ടാകണം, ഒരു വായനാമുറിയും ഹോം തിയേറ്ററും വേണം...ഇത് മൂന്നും പുതിയ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. രണ്ടു മൂന്നു മാസങ്ങൾക്കുള്ളിൽ ഗൃഹപ്രവേശം നടത്താമെന്നു പ്രതീക്ഷിക്കുന്നു.
പിന്തുണയുമായി കുടുംബം...
ഭാര്യ ലീന. അദ്ദേഹം ഇപ്പോൾ അമ്മ പഠിപ്പിച്ച അതേ സ്‌കൂളിലെ അധ്യാപികയാണ്. മൂത്ത മകൾ ഐറിൻ ഇപ്പോൾ പിഎച്ച്ഡി റിസർച്ച് ചെയ്യുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഐറീന്റെ വിവാഹനിശ്‌ചയം. ഇളയ മകൾ കാതറീൻ പോണ്ടിച്ചേരിയിൽ എംബിബിഎസ് വിദ്യാർഥിനിയാണ്. പുതിയ വീട്ടിൽ നടക്കുന്ന ആദ്യത്തെ ശുഭകർമം ഐറീന്റെ വിവാഹമായിരിക്കും. ആ കാത്തിരിപ്പിന്റെ സന്തോഷത്തിലാണ് ഞാനും കുടുംബവും..