വീടുകൾക്കെല്ലാം ഒരേ സ്വഭാവം; അടിമുടി സ്ത്രീവിരുദ്ധം: ശാരദക്കുട്ടി

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ശാരദക്കുട്ടി  തന്റെ വീടോർമകൾ പങ്കുവയ്ക്കുന്നു...

കോട്ടയത്ത് തിരുനക്കരയിലാണ് ജനനം. അമ്മയുടെ തറവാട്ടിലാണ് ജനനമെങ്കിലും വളർന്നതും ഓർമവച്ചപ്പോൾ മുതൽ താമസിച്ചതും തിരുനക്കര ക്ഷേത്രത്തിന്റെ തെക്കേനടയിലുള്ള മുല്ലപ്പള്ളിൽ എന്ന വീട്ടിലാണ്. ബാല്യവും കൗമാരവും യൗവനകാലത്തിന്റെ ആദ്യഘട്ടവും ആ വീട്ടിലായിരുന്നതുകൊണ്ട് ഇന്നും എന്റെ വീടേതെന്നു ചോദിച്ചാൽ അതു തന്നെയാണ്. എന്റെ സ്വപ്നങ്ങളും സങ്കൽപങ്ങളും രൂപപ്പെടുത്തിയ ആ വീടിനേക്കാൾ മനോഹരമായ മറ്റൊരു വീടില്ല. കോട്ടയത്തെ സംഗീതസഭകളും കഥകളിയരങ്ങുകളും ക്ഷേത്രമൈതാനവും സിനിമാതിയറ്ററുകളും ഒക്കെ ആ വീടിനോടു ചേർന്നായിരുന്നു. പുസ്തക അലമാരകൾ നിറഞ്ഞ മുൻവശത്തെ മുറി എന്റെ സാമ്രാജ്യമായിരുന്നു. ഒരു പെൺകുട്ടിക്കു സാധ്യവും അസാധ്യവുമായ എല്ലാത്തരം സ്വാതന്ത്ര്യവും അനുഭവിച്ചത് ആ പുസ്തക മുറിയിൽ നിന്നാണ്.

കുറേക്കാലം ഹരിജൻ ഹോസ്റ്റലായിരുന്ന ആ വീട്ടിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, തന്റെ സി എം എസ് കോളജ് വിദ്യാഭ്യാസ കാലത്ത് താമസിച്ചിരുന്നതായി അമ്മൂമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. തമിഴിലെ ആധുനികതയുടെ എഴുത്തുകാരനായ സുന്ദര രാമസ്വാമി ബാല്യകാലം ചെലവഴിച്ച വീടാണത്. അദ്ദേഹത്തിന്റെ ആത്മകഥയിൽ ആ വീടുണ്ട്. എന്റെ അമ്മൂമ്മ സുന്ദരരാമസ്വാമിയുടെ അച്ഛന് വാടകയ്ക്കു കൊടുത്തിരുന്ന വീട്, പിന്നീട് എന്റെ അമ്മയ്ക്കു താവഴിയിൽ ലഭിച്ചതാണ്.

ഒരിക്കൽ സുന്ദരരാമസ്വാമി മകനോടൊപ്പം ആ വീടുകാണാൻ വന്നതും, ഓർമകളിൽ സ്വയം മറന്ന് ചുവരുകളിൽ തൊട്ട് വരാന്തയിലും അടുക്കളയിലും പൂജാമുറിയിലും മറ്റും ബാല്യത്തിന്റെ മണങ്ങൾ പിടിച്ചെടുത്ത് ഒരു കുട്ടിയെപ്പോലെ ഓടി നടക്കുമ്പോൾ ഞാനവിടെ ഉണ്ടായിരുന്നു. ഭൗതികമായി എന്തെല്ലാം കുറവുകളുണ്ടായിരുന്നുവെങ്കിലും ആ വീടിന് ഓർമകളുടെ, സാംസ്കാരികതയുടെ വലിയ സമൃദ്ധിയുണ്ട്. 'എന്റെ വീട്' എന്ന് ഞാനതിനെ അഭിമാനത്തോടെ വിളിക്കുന്നു.

പരിവർത്തനങ്ങളുടെ വീട്...

വിവാഹശേഷം വാകത്താനം എന്ന ചെറിയ ഗ്രാമത്തിലേക്ക് വീടുമാറുന്നു. 12 വർഷം അവിടെ. ദീർഘദൂരം യാത്ര ചെയ്ത് മൂന്നും നാലും വണ്ടികൾ മാറിക്കയറി തലയോലപ്പറമ്പു വരെ യാത്ര. ഗർഭം, പ്രസവം കുട്ടികളെ വളർത്തൽ, വീട്ടുത്തരവാദിത്തങ്ങൾ... ഏതൊരു പെൺകുട്ടിയെയും പോലെ എന്നെയും ഭാരിച്ച ജീവിത ക്ലേശങ്ങളിലേക്ക് എടുത്തിട്ട കാലമാണത്. എത്ര സ്നേഹം കിട്ടിയാലും അന്ന് പോരാ പോരാ എന്നായിരുന്നു. കാരണം അതൊരു വലിയ ട്രാൻസിഷൻ പീരീഡായിരുന്നു. യാഥാർഥ്യബോധത്തോടെ, ശാരീരികവും മാനസികവുമായ പലതരം സംഘർഷങ്ങളിലൂടെ, സങ്കീർണ്ണതകളിലൂടെ ഒരു പെൺകുട്ടി സ്ത്രീയായി മുതിർന്നത് ആ വീട്ടിൽ വെച്ചാണ്. സ്വപ്ന സങ്കൽപങ്ങളുടെ രാജകുമാരിയെ ഇന്നു കാണുന്ന, എന്തിനും പോന്ന പെണ്ണാക്കി മാറ്റിയ ആ വീടിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. അവിടെ നിന്നുകൊണ്ടാണ് പുതിയ, സ്വന്തമായ ഒരു വീടെന്ന സ്വപ്നത്തിലേക്കു ഞങ്ങൾ പണവും സങ്കൽപങ്ങളും അടുക്കിത്തുടങ്ങിയത്.

ചങ്ങനാശേരിയിൽ ഏഴര സെന്റ് സ്ഥലം വാങ്ങി. അതിലൊരു കൊച്ചുവീട് പണി തുടങ്ങി. ഓരോ കല്ലുവെക്കുമ്പോഴും ഞാൻ 'എന്റെ എന്റെ' എന്ന് തുള്ളിച്ചാടിക്കൊണ്ടിരുന്നു. ജനാല വെച്ചപ്പോൾ എനിക്കായി മാത്രം കടന്നുവരുന്ന കാറ്റിനെ ഞാൻ കണ്ണടച്ചു നിന്നാസ്വദിച്ചു. തത്കാലത്തേക്കാവശ്യമായ പരിമിതസൗകര്യങ്ങളോടെ പണി തീർത്ത് ഒരോണക്കാലത്ത് ആ വീട്ടിൽ താമസം തുടങ്ങി. അമ്മയേയും സഹോദരങ്ങളെയും വിട്ടു പോന്ന വേദനയിൽ എന്റെ ഭർത്താവ് വേദനിച്ചു. എനിക്കങ്ങനെയൊരു വേദനയൊന്നും തോന്നിയില്ല. കാരണം, ഞാൻ രണ്ടാമതായി വിട്ടു പോന്ന വീടായിരുന്നുവല്ലോ അത്. എങ്കിലും പ്രത്യേകതരം കാരണങ്ങളാൽ ഞാനിപ്പോഴും ആ രണ്ടു വീടുകളെയും വിട്ടു പോന്നിട്ടില്ലല്ലോ. ജീവിതത്തിലേക്ക് വരിഞ്ഞു കെട്ടുന്ന, വെളിച്ചമുരുക്കിത്തീർത്ത ഒരു കയറാണു വീടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

രൂപഭംഗി കൊണ്ടോ വലുപ്പം കൊണ്ടോ ഒരു വീടും ഇന്നുവരെ മോഹിപ്പിച്ചിട്ടില്ല. പ്രകൃതിരമണീയ പശ്ചാത്തലം കൊണ്ടും മോഹിപ്പിച്ചിട്ടില്ല. കാരണം ഞാൻ കണ്ട വീടുകളിലൊന്നിൽ പോലും മനുഷ്യർ സംതൃപ്തരോ സന്തുഷ്ടരോ ആയിരുന്നില്ല. ഇതൊന്നുമല്ല അവരാഗ്രഹിക്കുന്ന ജീവിതമെന്നാണ് ഓരോ വീടും എന്നോടു പറഞ്ഞത്. ഗാർഹികവത്കരണത്തിനെതിരെ സംസാരിക്കാനും എഴുതാനും ഞാൻ തുടങ്ങിയതു തന്നെ 40 വയസ്സിൽ സ്വപ്നങ്ങളിലെ എന്റെ സ്വന്തം വീട് സാധ്യമാക്കിയതിനു ശേഷമാണല്ലോ.

എന്റെ വീട് എന്റെ ശരീരം മാത്രമാണെന്നും എന്റെ സിരാപടലങ്ങളാണ് അതിന്റെ ചുവരുകളെന്നും അപ്പോഴേക്കും ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. വീട് രാവും പകലും തനിച്ചിരിക്കുന്നതിന് ഞാൻ തെരഞ്ഞെടുത്ത ഒരു കെട്ടിടം മാത്രമാണ്. എന്റെ കൂടി സമ്പാദ്യം നിക്ഷേപിച്ചിരിക്കുന്നതിനാൽ എനിക്കു കൂടി പൂർണ്ണാവകാശമുള്ള ഒരു സ്ഥാപനം. അവിടെ തീർച്ചയായും എനിക്കു ചില അധികാരങ്ങളും സ്വകാര്യതയുമുണ്ട്. വൈകാരികമായി എപ്പോൾ വേണമെങ്കിലും എന്നെ അതിനു കീഴ്‌പ്പെടുത്താൻ കഴിയും. അതുകൊണ്ട് അതിന് എന്നെ രക്ഷിക്കാനും ശിക്ഷിക്കാനും അപമാനിക്കാനും നോവിക്കാനും കഴിയും. സൂക്ഷിക്കണം വീടുകളെ, അവ നിന്നെ വിഴുങ്ങിക്കളയുമെന്ന് അവ എന്നെ പഠിപ്പിക്കുന്നു. പുറത്ത് തനിയെ താമസിക്കേണ്ടി വരുന്ന അവസരങ്ങളിൽ സുഹൃത്തുക്കളുടെ വീടുകളിൽ പോകാതിരിക്കാനും ഹോട്ടൽ മുറികളിൽ തന്നെ താമസിക്കാനും ഞാൻ ശ്രദ്ധിക്കാറുണ്ട്. കാരണം വീടുകൾക്കെല്ലാം ഒരേ പൊതു സ്വഭാവമാണുള്ളത്. അത് അടിമുടി സ്ത്രീവിരുദ്ധമാണ്. ഒരു വീട്ടിൽ നിന്നെന്തിന് മറ്റൊരു വീട്ടിലേക്കു പോകണമെന്ന് എന്റെ അന്തരംഗം ചോദിക്കുന്നു.

വീട്ടിലെ പ്രിയപ്പെട്ടയിടങ്ങള്‍...

എനിക്ക് സന്തോഷമുള്ളപ്പോൾ എല്ലാ ഇടവും ഇഷ്ടം. അല്ലാത്തപ്പോൾ ഒരിടവും ഇഷ്ടമല്ല. പാചകം വലുതായി ആസ്വദിക്കുന്നതിനാൽ അടുക്കള ചില നേരങ്ങളിൽ പ്രിയപ്പെട്ട ഇടം. ഞാനുണ്ടെങ്കിലേ ഭക്ഷണമുള്ളു എന്നു വരുമ്പോൾ അടുക്കള ഏറ്റവും വെറുക്കുന്ന ഇടം. ഇപ്പോൾ മൊബൈൽ കയ്യിലുള്ളതിനാൽ ലോകം മുഴുവൻ കയ്യിലാണല്ലോ. അപ്പോൾ ഫെയ്സ്ബുക് എന്റെ വീടാകാറുണ്ട്. ഞാൻ പാർക്കുന്ന എന്റെ ഭൗതിക ഗൃഹത്തിൽനിന്ന് എന്നെ രക്ഷിക്കുന്ന മറ്റൊരു വീടാണ് ഫെയ്സ്ബുക്. അവിടെ ഞാൻ സ്വകാര്യ ജീവിതവും പൊതുജീവിതവും ഒരേയളവിൽ ആസ്വദിച്ചു ജീവിക്കുന്നു. അതെന്റെ വായനമുറിയും അടുക്കളയും നൃത്തശാലയും രാഷട്രീയവേദിയും ആകാൻ ശേഷിയുള്ള വീടാണ്. വെല്ലുവിളികളുണ്ട്, സ്വകാര്യതയുണ്ട്, മത്സരങ്ങളുണ്ട്. അപകടകരമായി ജീവിക്കാനുള്ള ആ സാധ്യതകളെ ഞാനേറെ ഇഷ്ടപ്പെടുന്നു. മൊബൈലുമായി ഞാൻ സ്വയം മറന്നിരിക്കുന്ന ഏതു സ്ഥലവും എന്റെ പ്രിയപ്പെട്ട മുറിയാണ്.

എന്റെ പ്രിയപ്പെട്ട വായനാമുറി...

പുസ്തകങ്ങൾ മുകളിലെ നിലയിലെ ഒരു മുറിയിലാണ്. വീട്ടിൽ വരുന്നവർ കാണാത്ത, എത്താത്ത ഒരു മുറി. എനിക്കു സൗകര്യത്തിനായി അതിൽ ചില അടുക്കും ചിട്ടയുമുണ്ട്. ഏതു രാത്രിയിൽ കണ്ണുകെട്ടി വിട്ടാലും എനിക്കു വേണ്ട പുസ്തകങ്ങൾ അതിലെവിടെ എന്നെനിക്കറിയാം. അതിനോടു ചേർന്ന മുറിയിൽ ടെലിവിഷനും കംപ്യൂട്ടറും. എഴുത്തും വായനയും അവിടെത്തന്നെ. ഒരുപക്ഷേ ആകെ അടുക്കും ചിട്ടയും തീർച്ചയും തീരുമാനവുമുള്ള രണ്ടു മുറികൾ അവ മാത്രമെന്നു പറയാം.

'മേബിൾ അമ്മായിയുടെ വീട്', എന്റെ സ്വപ്നഭവനം...

സാറാ ജോസഫിന്റെ 'മേബിൾ അമ്മായിയുടെ വീട്' എന്ന കഥയിലെപ്പോലെ ഒരു വീട് ഞാനുള്ളിൽ പണിതു കഴിഞ്ഞു. "മേബിൾ അമ്മായിയുടെ വീടിന് ചുവരുകളില്ല. കനം കുറഞ്ഞതും മനോഹരവുമായ വിചിത്രമറകൾ കൊണ്ടാണ് അതുണ്ടാക്കപ്പെട്ടിട്ടുള്ളത്. അതിന് ഗ്രില്ലുകളോ സാക്ഷകളോ ഇല്ല. ഞരമ്പുകളാണുള്ളത്. ത്രസിക്കുന്ന സിരാപടലം. എഴുതാനും വായിക്കാനുമായി ചക്രവാളം ദൃശ്യമാകുന്ന മൂന്നു ജാലകങ്ങളുള്ള ഒരു മുറി എനിക്കവിടെ സ്വന്തമായുണ്ട്. എന്റെ ചിന്തകളിന്മേൽ വിഴുപ്പു തുണികളോ എന്റെ ആശയങ്ങൾക്കു മേൽ ആട്ടുകല്ലുകളോ വീഴിക്കാറില്ല ഞാൻ അവിടെ". ഇങ്ങനെയുള്ള വീട് പണിയാൻ പ്രാപ്തിയുള്ള ഡിസൈനർമാരും എൻജിനീയർമാരുമാക്കുകയാണ് ഞാനെന്റെ മകളെയും എന്റെ മുന്നിൽ വരുന്ന പെൺകുട്ടികളെയും. വൈകാരികമായി ഞാൻ പഴയ വീട്ടുസങ്കൽപങ്ങൾക്കു പുറത്തായിക്കഴിഞ്ഞതിനാൽ അതിനെന്നെ നോവിക്കാനൊന്നും കഴിയില്ല.

തയാറാക്കിയത്- ശ്രുതി രാജേഷ്