വിജയ് സൂപ്പറും പൗർണ്ണമിയും തിയറ്ററുകളിൽ തകർത്തോടുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ ജിസ് ജോയ്. പുതിയ സിനിമയുടെ ഇടവേളയിൽ ജിസ് തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...
കുടുംബം...
നാട് വാഴക്കാലയാണ്. അച്ഛൻ തോമസ് ജോയ്. അമ്മ പുഷ്പ. ഒരു സഹോദരി ജിയ. കൂട്ടുകുടുംബത്തിന്റെ ഇണക്കവും പിണക്കവും കണ്ടാണ് ഞാൻ വളർന്നത്. അച്ഛന് അഞ്ചു സഹോദരങ്ങൾ ഉണ്ടായിരുന്നു. വീട്ടിൽ എന്തു സന്തോഷമുണ്ടായാലും പ്രശ്നമുണ്ടായാലും എല്ലാവരും ഒരുമിച്ചുണ്ടാകും. വർഷങ്ങൾ കഴിഞ്ഞപ്പോൾ എല്ലാവരും ഭാഗം വച്ചു മാറി. ഞാൻ അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ അച്ഛൻ തറവാടിന് സമീപം വീട് വച്ചു മാറി.
ഒറ്റമതിലിനകത്താണ് രണ്ടു വീടുകളും. അന്നത്തെ ശൈലിയിലുള്ള ഇരുനില ടെറസ് വീട്. അധികം ആർഭാടങ്ങളും അലങ്കാരങ്ങളുമൊന്നുമില്ല. അച്ഛൻ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയാണ് അന്ന് വീടുവച്ചത്. ഇപ്പോഴും ഞാനും കുടുംബവും അവിടെയാണ് താമസിക്കുന്നത്. ഭാര്യ നൈജി. മകൻ യോഹാൻ രണ്ടാം ക്‌ളാസിൽ പഠിക്കുന്നു. മകൾ നിതാരയ്ക്ക് മൂന്നര വയസ്സ്. കക്ഷി ഇപ്പോൾ പ്ലേസ്‌കൂളിൽ പോയിത്തുടങ്ങി. ഞങ്ങൾക്കൊരു പരസ്യ നിർമാണ കമ്പനിയുണ്ട്- ലൈറ്റ്‌സ് ഓൺ. ഭാര്യ അതിന്റെ കാര്യങ്ങൾ നോക്കുന്നു.
അമ്മ മഞ്ജുവിന്റെ നാട്ടുകാരി...
അമ്മയുടെ തറവാട് തൃശൂർ ജില്ലയിലെ പുള്ളിലാണ്. മഞ്ജു വാര്യരുടെ നാട്. ഒരു സത്യൻ അന്തിക്കാട് സിനിമയിൽ കാണുന്നതുപോലെയൊരു പ്രദേശമായിരുന്നു അവിടം. പാടത്തിനു നടുവിലൂടെയുള്ള വഴിയിലൂടെയാണ് തറവാട്ടിലേക്കെത്തുന്നത്. എട്ടേക്കറോളം പറമ്പുണ്ടായിരുന്നു. ഒരേക്കറോളം മുറ്റത്തിന് തന്നെ മാറ്റി വച്ചിട്ടുണ്ടായിരുന്നു. കുളം, തെങ്ങിൻതോപ്പ്, കുടമ്പുളി, കുരുമുളക്..അങ്ങനെ സമൃദ്ധമായിരുന്നു. വർഷങ്ങൾക്ക് ശേഷം ഭാഗം വച്ചപ്പോൾ തറവാട് പൊളിച്ചുകളഞ്ഞു. പല അവകാശികളായി. പക്ഷേ ഇപ്പോഴും ആ പരിസരത്തിന്റെ ഭംഗിക്ക് മാത്രം മാറ്റം വന്നിട്ടില്ല.
തിരിച്ചു വാങ്ങിയ തറവാട്...
അച്ഛന്റെ ഏറ്റവും ഇളയ സഹോദരനായിരുന്നു തറവാട്. പക്ഷേ അവർക്ക് നാടുവിട്ടു നിൽക്കേണ്ടി വന്നപ്പോൾ തറവാട് വിറ്റു. ഒരു ജന്മി കുടുംബത്തിനായിരുന്നു തറവാട് വിറ്റത്. എന്റെ ബാല്യകാല സ്മരണകളിൽ നല്ലൊരു ഭാഗം നിറഞ്ഞു നിൽക്കുന്നത് ആ തറവാട്ടിലായിരുന്നു. സൺഡേ ഹോളിഡേ കഴിഞ്ഞപ്പോൾ ഞാൻ അവരുടെ അടുത്തുപോയി തറവാട് തിരികെ നൽകുമോ എന്നുചോദിച്ചു. അവർ താൽപര്യമില്ല എന്നുപറഞ്ഞു. എന്നെങ്കിലും മനസ്സ് മാറിയാൽ എനിക്കുതന്നെ തറവാട് തിരിച്ചു തരണം എന്നപേക്ഷിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി. പക്ഷേ എന്റെ തറവാടിനോടുള്ള സ്നേഹത്തിൽ മനസ്സലിവ് തോന്നിയിട്ടാകാം, രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവർ തിരിച്ചു വിളിച്ചു. കച്ചവടം ഉറപ്പിച്ചു, തറവാട് തിരികെ നൽകി. എന്റെ ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നത് ആ തറവാട് തിരിച്ചു വാങ്ങാനായതാണ്.
അല്ലു അർജുന്റെ മലയാളി ശബ്ദം...
പരസ്യചിത്രങ്ങളിലൂടെയാണ് ഞാൻ തുടങ്ങുന്നത്. പിന്നീട് കായംകുളം കൊച്ചുണ്ണി എന്ന സീരിയലിൽ ഡബ് ചെയ്തു. അതുവഴിയാണ് അല്ലു അർജുൻ സിനിമകൾക്ക് ശബ്ദം നൽകാൻ അവസരം ലഭിക്കുന്നത്. അത് കരിയറിൽ വഴിത്തിരിവായി. എഴുത്തും സംവിധാനവും തന്നെയായിരുന്നു ലക്ഷ്യം. സിനിമകൾക്കായുള്ള പാട്ടെഴുത്തുപോലും അതിനിടയ്ക്കു സംഭവിച്ചു പോയതാണ്...
എഴുതാൻ വേണ്ടി വാങ്ങിയ ഫ്ലാറ്റ്...
എനിക്ക് വീട്ടിൽ ഇരുന്നാൽ എഴുത്തുവരില്ല, രാത്രി വൈകിയാണ് പലപ്പോഴും എഴുത്ത്. അത് വീട്ടുകാർക്കും ബുദ്ധിമുട്ടാകും. അങ്ങനെയാണ് ആറുവർഷം മുൻപ് വെണ്ണലയിലുള്ള ഫെഡറൽ പാർക്ക് അപ്പാർട്മെന്റിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുക്കുന്നത്. ബൈസൈക്കിൾ തീവ്സ് കഴിഞ്ഞപ്പോൾ ആ ഫ്ലാറ്റ് വിൽക്കുന്നോ എന്ന് ഞാൻ ഉടമസ്ഥനോട് ചോദിച്ചു. പുള്ളി സമ്മതിച്ചു. അങ്ങനെ 'എഴുത്തു ഫ്ലാറ്റ്' എന്റെ സ്വന്തമായി. അതിനുശേഷം ഞങ്ങൾ ഫ്ലാറ്റ് ഇന്റീരിയർ ചെയ്തു മോടിയാക്കി. 2 BHK ഫ്ലാറ്റാണ്. ഒരു കിടപ്പുമുറി ഞാൻ എഴുത്തുമുറിയും ഹോംതിയറ്ററുമാക്കി മാറ്റി.
പൗർണ്ണമിയുടെ വീട് സൂപ്പർ!
വിജയ് സൂപ്പറും പൗർണ്ണമിയും കണ്ട ഒരുപാട് പേർ ചോദിച്ചത് പൗർണ്ണമിയുടെ വീടിനെക്കുറിച്ചാണ്. സിനിമയിൽ 14 സീനുകളോളം വീടിനുള്ളിലാണ്. വിജയ്‍യും പൗർണ്ണമിയും തമ്മിലുള്ള അടുപ്പം രൂപപ്പെടുന്നത് അവിടെയാണ്. രണ്ടു വീടുകളിലായാണ് അത് ചിത്രീകരിച്ചത്. കഥയിൽ അയൽപ്പക്കങ്ങൾ ഉള്ള വീട് വേണമായിരുന്നു. അതാണ് പുറംകാഴ്ചയിൽ മറ്റൊരു വീട് ചിത്രീകരിച്ചത്. പുറംകാഴ്ചയിൽ ഉള്ളത് കുമാരനാശാൻ നഗറിലുള്ള ഒരു വീടും അകത്തളങ്ങൾ കാണിക്കുന്നത് കളമശേരി കുസാറ്റിന് സമീപമുള്ള മറ്റൊരു വീടുമാണ്. മടക്കി വയ്ക്കാവുന്ന ഒരുപാട് ഫ്രഞ്ച് ജനാലകൾ ഉണ്ട് ആ വീട്ടിൽ. അത് തുറന്നാൽ ധാരാളം കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തും. സ്വീകരണമുറി, ഗോവണി, പൗർണ്ണമിയുടെ മുറി എന്നിവയെല്ലാം സിനിമയുടെ മൂഡിലേക്ക് മാറ്റിയെടുത്തു.
ആസിഫിന്റെ വീട്....
എന്റെ മൂന്നു സിനിമകളിലും ആസിഫ് ആയിരുന്നു നായകൻ. സിനിമാ സുഹൃത്തുക്കൾക്കിടയിൽ ഞാൻ കൂടുതൽ പോയിട്ടുള്ളതും അവന്റെ കൊച്ചിയിലുള്ള ഫ്ലാറ്റിലാണ്. മുകൾനിലയിലുള്ള ഒരു ഡുപ്ലെയ് ഫ്ലാറ്റാണ്. വീടിനുള്ളിൽ എപ്പോഴും നല്ല കാറ്റും കിട്ടും. ഏതാണ്ട് 500 ചതുരശ്രയടി ബാൽക്കണിക്കായി മാറ്റിവച്ചിരിരിക്കുന്നു. അവിടെ നിന്നാൽ എറണാകുളത്തിന്റെ ഒരു 280 ഡിഗ്രി കാഴ്ച ആസ്വദിക്കാം.
സ്വപ്നവീട്...
എന്റെ ചെറുപ്പത്തിൽ തറവാട്ടിൽ ആടും കോഴിയും പശുവുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ പിന്നീട് സ്ഥലസമയ പരിമിതി മൂലം കൊടുത്തു. എന്റെ മക്കൾക്കാണെങ്കിൽ വളർത്തുമൃഗങ്ങൾ വളരെയിഷ്ടമാണ്. ഒരു പത്തു സെന്റ് എങ്കിലുമുള്ള വില്ല മേടിക്കണം എന്നതാണ് വീടിന്റെ കാര്യത്തിലുള്ള ഒരു സ്വപ്നം. മക്കൾക്കായി അവിടെ വളർത്തുമൃഗങ്ങളെ ഒരുക്കിക്കൊടുക്കണം. അവർ മണ്ണിനെയും മൃഗങ്ങളെയും ഒക്കെ അറിഞ്ഞു വളരണം...