പാലാ-തൊടുപുഴ റൂട്ടിൽ പ്രവിത്താനത്താണ് ചലച്ചിത്രതാരം മിയ ജോർജിന്റെ പുതിയ വീട്. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് വെള്ളിത്തിരയിൽ വിസ്മയം തീർക്കുന്ന മിയ, ഗ്രാമീണതയുടെ കാൻവാസിലേക്കു നിലാവുപോലെയാണ് തന്റെ പുതിയ വീടിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. പാരമ്പര്യ ശൈലിയുടെ തലയെടുപ്പോടെ പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഈ ഒറ്റനില വീട് മിയയുടെ ഇഷ്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികൂടിയാണ്.

മിയയുടെ വീട് ഒരു ഫ്ലാഷ്ബാക്ക്

മിയയുടെ പുതിയ വീടിന്റെ കഥ പറയുമ്പോൾ അൽപം ഫ്ലാഷ്ബാക്ക് കൂടി പറയേണ്ടിവരും. നാലു കിടപ്പറകളൊക്കെ ഉള്ള ഇരുനില വീട്ടിലായിരുന്നു മിയയും കുടുംബവും ആദ്യം താമസിച്ചിരുന്നത്. മുംബൈയിൽനിന്നു പാലായിലേക്കു ചേക്കേറിയപ്പോൾ വാങ്ങിയ വീടായിരുന്നു അത്. കാറ്റും വെളിച്ചവും വല്ലപ്പോഴും അതിഥികളെപ്പോലെ വന്നു തിരികെപ്പോകുന്ന ആ വീടിനുള്ളിൽ എപ്പോഴും നിറഞ്ഞുനിന്നത് അസ്വസ്ഥതകളായിരുന്നു. മറ്റൊരാളുടെ ഇഷ്ടപ്രകാരം നിർമിച്ച വീടു വാങ്ങി തങ്ങളുടെ ഇഷ്ടങ്ങളെ അതിലേക്കു ചേർത്തുവച്ച് ജീവിക്കേണ്ടിവന്ന നീണ്ട വർഷങ്ങളുടെ അനുഭവങ്ങളിൽനിന്നാണ് വാസ്തുപ്രകാരം ഒരു വീടു വയ്ക്കണമെന്ന ചിന്ത അവർക്കുണ്ടാകുന്നത്.

മിയ വളരെയധികം ഇഷ്ടപ്പെടുന്ന വെളുപ്പിന്റെ ലാളിത്യത്തിലേക്കു വാസ്തുഭംഗിയോടെ ഈ വീടിനെ വരച്ചു ചേർത്തിരിക്കുന്നത് കൂത്താട്ടുകുളത്തെ ഗൈഡ് ലൈൻ ഡിസൈനേഴ്സ് ആൻഡ് എൻജിനീയേഴ്സിന്റെ ഉടമയും ഡിസൈനറുമായ കെ. അനിൽകുമാറാണ്.

മൂന്നു ദിക്കിലേക്കു ദർശനം തരുന്ന എലവേഷൻ

പഴയ ഇരുനില വീട്ടിലെ അനുഭവങ്ങളിൽനിന്നാണ് പുതിയ വീടിന്റെ ആലോചനകളെല്ലാം രൂപപ്പെട്ടിരിക്കുന്നത്. വാസ്തുപ്രകാരം വീടു വയ്ക്കണമെന്ന ഉറച്ച തീരുമാനവും അങ്ങനെ ഉണ്ടായതാണ്. പ്രവിത്താനത്ത് സ്ഥലം സ്വന്തമാക്കിയ നാൾ മുതൽ തെക്കു ദിക്കിലെ പ്രധാന വഴിയെ കേന്ദ്രീകരിച്ചായിരുന്നു മിയയുടെയും അമ്മയുടെയും ആശങ്കകളെല്ലാം. ആ സ്ഥലത്തു വാസ്തുപ്രകാരം ഒരു വീടു വയ്ക്കാൻ കഴിയുമോ എന്ന ആശങ്കകൾ ഒരു വർഷത്തോളം നീണ്ടു.

ഒരു വർഷം നീണ്ട പ്രാർഥനകൾക്കും അന്വേഷണങ്ങൾക്കും ഒടുവിലാണ് വീടു നിർമാണവുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുന്നത്. അനിൽകുമാറിന്റെ നിർദേശപ്രകാരമാണ് തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും ദർശനം നൽകി വീടിന്റെ ഡിസൈൻ പൂർത്തിയാക്കുന്നത്. പുറംകാഴ്ചയിൽത്തന്നെ കുലീനത പ്രകടിപ്പിക്കുന്ന എലവേഷനോട് ഇണങ്ങിനിൽക്കുന്ന വിധത്തിലാണ് കോമ്പൗണ്ട്‌ േവാളിന്റെ ഡിസൈൻ. കാറ്റും വെളിച്ചവും കടന്നുവരാൻ മടിച്ചിരുന്ന പഴയ വീടിനെ അതിശയിപ്പിക്കുന്ന വിധത്തിലാണ് പുതിയ വീട്ടിൽ കാറ്റിനും സ്വാഭാവിക വെളിച്ചത്തിനും വഴി തെളിച്ചിട്ടുള്ളത്. വാസ്തുശാസ്ത്രപ്രകാരമുള്ള എല്ലാ ഊർജസ്രോതസ്സുകളും പരിഗണിച്ചു കൊണ്ടാണ് പൂർണമായും ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.

മുറ്റത്തു പ്രവേശിക്കുമ്പോഴാണ് മൂന്നു ദിക്കുകളിലേക്കും വ്യത്യസ്ത കാഴ്ച പകരുന്ന വീടിന്റെ എലവേഷൻ സൗന്ദര്യം നമുക്കു കൂടുതൽ വ്യക്തമായിത്തീരുക. വെളുപ്പിനെ ഒരുപാട് ഇഷ്ടപ്പെടുന്നതു കൊണ്ടാകാം വെൺചാരുത വിടരുന്ന വീടായിരുന്നു മിയയുടെ മനസ്സിൽ. ഹൃദയം തൊടുന്ന രൂപലാവണ്യവും നീളൻ ഗ്ലാസ് ജനാലകളുടെ ധാരാളിത്തവുമെല്ലാം ഈ വീടിന് ക്ലാസിക് ഭംഗി പ്രദാനം ചെയ്യുന്നുണ്ട്. പച്ചപ്പിന്റെ അതിരിട്ട് കല്ലുകൾ പാകിയ മുറ്റം വഴി നമുക്കു വിശാലമായ കാർപോർച്ചിലേക്ക് എത്തിച്ചേരാം.

വീടിന്റെ ഫ്രണ്ട് എലവേഷനോടിണങ്ങി നിൽക്കുന്ന വിധത്തിലാണ് വിസ്തൃതമായ കാർപോർച്ചിന്റെ ഡിസൈൻ. മുറ്റത്തുനിന്നു നീളൻ പടിക്കെട്ടുകൾ വഴി പ്രവേശിക്കാവുന്ന വിധത്തിൽ ‘എൽ’ ആകൃതി വരാന്തയോടെയാണ് ഫ്രണ്ട് സിറ്റൗട്ട് രൂപപ്പെടുത്തിയിട്ടുള്ളത്. ചതുരത്തൂണുകളുടെ ധാരാളിത്തമാണ് ബ്ലാക്ക് ആൻഡ് വൈറ്റ് കളർ തീം പ്രകടമാക്കുന്ന ഫ്രണ്ട് സിറ്റൗട്ടിന്റെ മുഖ്യ ആകർഷണം.

വാസ്തുവിധി പ്രകാരമാണ് പ്രധാന റോഡിന് ദർശനമാകുന്ന തെക്കു ദിക്കിലേക്കു നീളുന്ന വിധത്തിൽ വീടിനു കിഴക്കും പടിഞ്ഞാറുമായി രണ്ടു വരാന്തകൾ നൽകിയിട്ടുള്ളത്.

സ്വകാര്യതയോടെ ഫോർമൽ ലിവിങ്

സിറ്റൗട്ടിൽനിന്നു പ്രധാന വാതിൽ തുറന്നു പ്രവേശിക്കുക ഫോർമൽ ലിവിങ്ങിലേക്കാണ്. വീട്ടുകാരുടെ സ്വകാര്യതയെ ബാധിക്കാത്ത വിധം ഫോർമൽ ലിവിങ്ങിനു സ്ഥാനം നൽകണമെന്നത് പ്ലാൻ വരയ്ക്കുമ്പോൾ മിയ മുന്നോട്ടുവച്ച ആവശ്യമായിരുന്നു. മിനിമലിസത്തിനു പ്രാധാന്യം കൊടുക്കുന്ന ഫോർമൽ ലിവിങ്ങിൽ സെൻട്രലൈസ്ഡ് എസിയുടെ ക്രമീകരണത്തിന് അനുസൃതമായാണ് ഫാൾസ് സീലിങ് രൂപകൽപന ചെയ്തിരിക്കുന്നത്.

ഫോർമൽ ലിവിങ്ങിൽ പ്രകടമാകുന്ന മിനിമലിസം എന്നപോലെ ഇതിന്റെ തുടർച്ചയും അകത്തളങ്ങളിലുടനീളം നമുക്കു കാണാൻ സാധിക്കും. വിശാലമായ ഫാമിലി ലിവിങ് കം ഡൈനിങ്ങിന്റെ തുടക്കത്തിലാണു പ്രയർ ഏരിയയുടെ സ്ഥാനം. മിയയുടെ പഴയ വീട്ടിൽ പ്രാർഥനയ്ക്കായി പ്രത്യേക സ്ഥലങ്ങളൊന്നുമുണ്ടായിരുന്നില്ല. മിയയും കുടുംബവും കടുത്ത ദൈവവിശ്വാസികളായതുകൊണ്ടുതന്നെ വളരെയേറെ പ്രാധാന്യത്തോടെയാണ് ഇവിടെ തിരുരൂപങ്ങൾ നൽകിയിട്ടുള്ളത്. തടിയുടെ പാരമ്പര്യ പ്രൗഢി ദൈവികമായ പ്രഭയോടു സമന്വയിപ്പിക്കപ്പെടുന്നുണ്ടിവിടെ.

പ്രിയപ്പെട്ട ഊഞ്ഞാൽക്കട്ടിൽ

പഴയ വീടിന്റെ പരിമിതികളിൽ ജീവിക്കുന്ന കാലം മുതൽ മിയ വളരെയധികം ആഗ്രഹിച്ചിരുന്നതാണ് വിശാലമായ ഹാളും അതിൽ നിറയുന്ന ഫാമിലി ലിവിങ്ങും ഊഞ്ഞാൽക്കട്ടിലുമൊക്കെ. മിയയുടെ മനസ്സിന്റെ പ്രതിഫലനങ്ങളെ ഏറെ ഭംഗിയോടെ അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണ് ഇവിടത്തെ വിശാലമായ ഫാമിലി ലിവിങ് കം ഡൈനിങ്. ഇതിന്റെ ഇരുവശങ്ങളിലുമായാണ് നാലു കിടപ്പുമുറികളും അടുക്കളയുമെല്ലാം സ്ഥാനം പിടിച്ചിട്ടുള്ളത്. വിശാലമായ ഹാളിന്റെ ഇരുവശങ്ങളിലേക്കും നൽകിയിരിക്കുന്ന കോർട്‌യാർഡാണ്‌ വിശാലമായ ഫാമിലി ലിവിങ്ങിനെയും ഡൈനിങ്ങിനെയും വേർതിരിക്കുന്നത്. ഇൻഡോർ പ്ലാന്റുകൾ ആകർഷകമാക്കുന്ന ഈ കോർട്‌യാർഡിനോടു ചേർന്നാണ് മിയയ്ക്ക് ഏറെ പ്രിയപ്പെട്ട ഊഞ്ഞാൽക്കട്ടിലിന്റെ സ്ഥാനം.

മിയയുടെ ഇഷ്ട ഇടം

ഈ വീട്ടിൽ മിയയുടെ ഇഷ്ട ഇടം എന്നു പറയുന്നത് ഫാമിലി ലിവിങ്ങാണ്. ബെഡ്റൂമിനെക്കാൾ കൂടുതൽ സമയം മിയയെ സ്വന്തമാക്കുന്നത് ഈ ഫാമിലി ലിവിങ്ങാണ്. താൻ ഒരു ടിവി അഡിക്റ്റാണെന്നാണു മിയ സ്വയം വിശേഷിപ്പിക്കുന്നത്. േവാൾപ്പേപ്പർ ഭിത്തിയെ വുഡൻ തീമിൽ ഹൈലൈറ്റ് ചെയ്താണ് ഇവിടത്തെ ടിവി സ്‌പേസ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇവിടെനിന്നു പ്രവേശിക്കാവുന്ന വിധത്തിൽ പടിഞ്ഞാറു ദിക്കിനഭിമുഖമായി ഒരു സിറ്റൗട്ട് കൂടി നൽകിയിട്ടുണ്ട്. വാസ്തുവിധി പ്രകാരം തെക്കു ദിക്കിലേക്കു നീളുന്ന ‘എൽ’ ആകൃതി വരാന്തകളിൽ ഒന്ന് സിറ്റൗട്ടിന്റെ ഭാഗമാണ്.

പത്തുപേർക്ക് ഒരേസമയം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന വിധത്തിലാണ് ഇവിടത്തെ ഡൈനിങ് ഏരിയ രൂപപ്പെടുത്തിയിട്ടുള്ളത്. ഡൈനിങ്ങിന്റെ ഒരു ഭിത്തി കേന്ദ്രീകരിച്ചു സ്‌റ്റോറേജിനു പ്രാധാന്യം നൽകിയാണ് ക്രോക്കറി ഷെൽഫ് ഒരുക്കിയിട്ടുള്ളത്. സ്വാഭാവിക പ്രകാശത്തെ ഭംഗിയായി ഉപയോഗപ്പെടുത്തുന്ന ഡൈനിങ്ങിൽനിന്നു സ്വകാര്യത പകർന്നാണ് വാഷ്ബേസിൻ ഏരിയ നിർമിച്ചിട്ടുള്ളത്. ഡൈനിങ്ങിൽനിന്ന് ഉൾവലിഞ്ഞു നിലകൊള്ളുന്ന വാഷ്ബേസിൻ ഏരിയയ്ക്ക് അനുബന്ധമായി കോമൺ ടോയ്‌ലെറ്റുകൂടി നൽകിയിട്ടുണ്ട്. സൗകര്യങ്ങളെ ഭാവനാപരമായി വിന്യസിച്ചിരിക്കുന്ന ഇടമാണ് ഇവിടത്തെ മോഡുലർ കിച്ചൺ. വലുതും ചെറുതുമായ സ്‌റ്റോറേജ് ഇടങ്ങളെ ആകർഷകമായ കളർതീമിൽ ഭംഗിയായി വിന്യസിക്കാൻ ഈ കിച്ചണു കഴിഞ്ഞിട്ടുണ്ട്. കിച്ചണിന്റെ ഭാഗമായി സമാന സൗകര്യങ്ങളോടെ ഒരു വർക്കിങ് കിച്ചൺകൂടി നിലനിർത്തിയിട്ടുണ്ട്.

നാലു കളർ തീമിൽ നാലു കിടപ്പറകൾ

വിശാലമായ ഫാമിലി ലിവിങ് കം ഡൈനിങ്ങിന്റെ ഇരുവശങ്ങളിലുമായാണ് നാലു കിടപ്പറകൾ ഈ വീടു കാത്തുവയ്ക്കുന്നത്. വ്യത്യസ്തമാർന്ന കളർ തീമുകളിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഈ നാലു കിടപ്പറകളും സ്ഥല ഉപയുക്തതയ്ക്കു പ്രാധാന്യം കൊടുത്താണു ഡിസൈൻ ചെയ്തിരിക്കുന്നത്. നാലു കിടപ്പറകൾക്കും പ്രത്യേകം ഡ്രസിങ് ഏരിയ നൽകിയാണ് അറ്റാച്ഡ് ബാത്റൂം അനുബന്ധമാക്കിയിട്ടുള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലാണ് മിയയുടെ കിടപ്പറ ഡിസൈൻ ചെയ്തിരിക്കുന്നത്. മിയയുടെ ഇഷ്ടങ്ങളെ ഭംഗിയായി വിവർത്തനം ചെയ്യുന്നുണ്ട് പ്രകാശ സുന്ദരമായ ഈ കിടപ്പറ.

വാസ്തുവിധി പ്രകാരമാണ് ഈ വീട്ടിലെ കിണറിനും കുഴൽക്കിണറിനും സ്വിമ്മിങ്പൂളിനും സ്ഥാനം കണ്ടിട്ടുള്ളത്. വീടിന്റെ രൂപകൽപനയിലുടനീളം ഡിസൈനർ അനിൽകുമാർ കാത്തുവച്ച പോസിറ്റീവ് എനർജിയാണ് മിയയുടെ വീടിനെ ഒരു സ്വപ്നഭവനമായി നമ്മളിൽ എന്നും നിലനിർത്തുന്നത്.

തയാറാക്കിയത് : ദിലീപ് പള്ളിക്കര

ചിത്രങ്ങൾ: കണ്ണൻ മുഹമ്മ