സൂരജും കുടുംബവും

മിനിസ്‌ക്രീനിലെ കുട്ടിത്താരമാണ് സൂരജ് തേലക്കാട്. ഉയരമില്ലായ്മയെ വിജയമാക്കി മാറ്റി ഉയരങ്ങളിലേക്ക് കുതിക്കുന്ന സൂരജിന്റെ കഥ ഏവർക്കും പ്രചോദനകരമാണ്. സൂരജിന്റെ പുതിയ വീടിന്റെ വിശേഷങ്ങളുമായി സ്വപ്നവീടിന്റെ പുതിയ അധ്യായം കാണാം. 

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം തേലക്കാട് എന്ന ഗ്രാമത്തിലാണ് സൂരജിന്റെ വീട്. അച്ഛൻ മോഹനൻ ബാങ്കിലെ കലക്‌ഷൻ ഏജന്റ് ആയിരുന്നു. അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും. മൂത്ത സഹോദരി സ്വാതിശ്രീ. ചേച്ചിക്കും നീളം കുറവാണ്. പിന്നെ അമ്മൂമ്മ..ഇതാണ് കുടുംബം. ബാക്കി വിശേഷങ്ങൾ സൂരജ് പറയട്ടെ... 

"എനിക്ക് ഇപ്പോൾ 23 വയസ്സായി. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് 90 സെ.മീ പൊക്കമേ ഇല്ലായിരുന്നു. ഇപ്പോൾ 110 സെ.മീ ഉണ്ട്. ശാരീരിക പരിമിതിയാണെങ്കിലും എനിക്ക് അവസരങ്ങൾ ലഭിച്ചതും ശ്രദ്ധിക്കപ്പെട്ടതും നീളക്കുറവ് കാരണമാണ്. ഓടിട്ട ഒരുനില വീടായിരുന്നു അച്ഛന്റെ തറവാട്. പിന്നീട് ഭാഗം വച്ചപ്പോൾ തറവാടിനുസമീപം ഒരു വീടുവച്ചു ഞങ്ങൾ താമസം മാറി. അച്ഛന്റെ സഹോദരൻ തറവാട്ടിലും. സൗകര്യങ്ങൾ കൊണ്ട് ചെറിയ വീടായിരുന്നെങ്കിലും വീട്ടിലെ ഇടങ്ങളെല്ലാം എനിക്കും ചേച്ചിക്കും എത്തിപ്പിടിക്കാൻ ആകാത്തവിധം ഉയരത്തിലായിരുന്നു. ഞങ്ങൾക്ക് എളുപ്പം ഇടപഴകാവുന്ന ഒരു വീട് പണിയണമെന്ന് അന്നുമുതലുള്ള ആഗ്രഹമായിരുന്നു. കാലപ്പഴക്കം മൂലം തറവാട് ദുർബലമായപ്പോൾ അച്ഛൻ ഞങ്ങൾ താമസിക്കുന്ന വീട് അമ്മാവന് കൊടുത്തു, എന്നിട്ട് ഞങ്ങൾ തറവാടു പൊളിച്ചു പുതിയ വീടുപണിതു." 

സമകാലിക ശൈലിയിൽ നിർമിച്ച മനോഹരമായ ഇരുനില വീട്. സമീപം പ്രധാന റോഡ് കടന്നുപോകുന്നു. മുറ്റത്തിന്റെ  ഇരുവശങ്ങളിൽനിന്നും രണ്ടുകാഴ്ചയാണ് വീടിനു ലഭിക്കുക. താഴത്തെ നില 800 ചതുരശ്രയടിയുണ്ട്. ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, സ്‌റ്റെയർ എന്നിവ ഇവിടെ വരുന്നു. സിറ്റൗട്ട് കടന്നു ഹാളിലേക്ക് കയറുമ്പോൾ വരവേൽക്കുന്നത് സൂരജിന് ലഭിച്ച ട്രോഫികൾ വീർപ്പുമുട്ടിയിരിക്കുന്ന ഷെൽഫാണ്. ഇതിനു സമീപം ഫോർമൽ ലിവിങ് ക്രമീകരിച്ചു. സമീപം ഗോവണിയുടെ താഴെയായി ഫാമിലി ലിവിങും ക്രമീകരിച്ചിട്ടുണ്ട്.

"എന്റെയും ചേച്ചിയുടെയും സൗകര്യാർഥമാണ് പുതിയ വീട് ഒരുക്കിയിരിക്കുന്നത്. ഷെൽഫും കബോർഡുകളും സ്വിച്ചും വാഷ് ബേസിനും കസേരകളുമെല്ലാം ഞങ്ങളുടെ ഉയരം അനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. ഊണുമേശയുടെ പൊക്കം കുറച്ചു. ഞങ്ങൾക്ക് കയറാൻ പാകത്തിന് ഗോവണിയുടെ പടികളുടെ ഉയരം കുറച്ചു". സൂരജ് പറയുന്നു. സ്‌റ്റെയിൻലെസ്സ് സ്റ്റീലിൽ നിർമിച്ച ഗോവണിയുടെ കൈവരികൾ പടികളുടെ വശത്താണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് പടികൾ കയറുമ്പോൾ കൂടുതൽ സ്ഥലലഭ്യത നൽകുന്നു.

അടുക്കളയും വർക്കേരിയയും ഒരുമിച്ചാണ്. ഇരുവശത്തെ ഭിത്തികളിലും ജനാലകൾക്ക് പകരം ജിഐ കൊണ്ട് അഴികൾ തീർത്തിരിക്കുന്നു. ഇതുവഴി പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്കെത്തും.

മുകൾനില ഏകദേശം 590 ചതുരശ്രയടിയുണ്ട്. ബാൽക്കണി രണ്ടു കിടപ്പുമുറികൾ. ഓപ്പൺ ടെറസ് എന്നിവ ക്രമീകരിച്ചിരിക്കുന്നു. മുകളിലാണ് സൂരജിന്റെയും സഹോദരിയുടെയും കിടപ്പുമുറികൾ. ചെറിയ ബാൽക്കണിയിലിരുന്നാൽ റോഡിലെ കാഴ്ചകൾ ആസ്വദിക്കാം. സൂരജിന്റെ സുഹൃത്തുക്കൾ എത്തുമ്പോഴുള്ള ഒത്തുചേരൽ ഇടമാണിവിടം. വീടിന്റെ പിന്നിലായി ചെറിയ ഓപ്പൺ ടെറസും നൽകിയിട്ടുണ്ട്.

"ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു കയറിത്താമസം. സ്ട്രക്ച്ചറും ഫർണിഷിങ്ങും സഹിതം 17 ലക്ഷം രൂപയ്ക്ക് പണി പൂർത്തീകരിച്ചു എന്നതാണ് ഹൈലൈറ്റ്. പത്തു ലക്ഷം രൂപയോളം ലോൺ എടുത്തതാണ് കേട്ടോ.. എന്റെ കയ്യിൽ അങ്ങനെ ഒരുപാട് രൂപയൊന്നും ആയിട്ടില്ല. എന്നെ പ്രോത്സാഹിപ്പിക്കുന്ന, പരിമിതികളെ സ്നേഹിക്കുന്ന പ്രേക്ഷകരാണ് എന്റെ ശക്തി. അങ്ങനെ 'ഉയരം' കുറഞ്ഞ വീട് സഫലമായതിന്റെ സന്തോഷത്തിലാണ് ഞാനും ചേച്ചിയും പിന്നെ കുടുംബവും."

ചെലവ് കുറച്ച ഘടകങ്ങൾ

  • ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത നൽകി.
  • ഇളം നിറങ്ങൾ മാത്രമാണ് അകത്തളത്തിൽ നൽകിയിരിക്കുന്നത്. ഇതിനു പുട്ടി ഫിനിഷ് നൽകി. 
  • സിമന്റ് ബോർഡിൽ അടുക്കളയിലെ കബോർഡുകളും വാഡ്രോബുകളും നിർമിച്ചു.
  • കുറഞ്ഞ നിരക്കിലുള്ള ടൈലുകളാണ് നിലത്തു വിരിച്ചത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT