ഒരുപക്ഷേ ഇന്ന് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റിയായിരിക്കും ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പാറുക്കുട്ടി. രണ്ടു വയസ്സ് ആകുന്നതേയുള്ളൂ കക്ഷിക്ക്. നാലാം മാസം മുതൽ പാറു ക്യാമറയ്ക്ക് മുന്നിലെത്തി. സമൂഹമാധ്യമത്തിൽ കെട്ടുകണക്കിനു ലൈക്ക്‌സും വീട്ടുകാർക്ക് കാശും സമ്പാദിച്ചു നൽകുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്നൊക്കെയാണ് ട്രോളന്മാർ പാറുക്കുട്ടിയെ വിശേഷിപ്പിക്കുന്നത്. പാറുവിന്റെ അമ്മ ഗംഗാലക്ഷ്മി വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഓച്ചിറയ്ക്കടുത്തുള്ള പ്രയാറാണ് ഞങ്ങളുടെ സ്വദേശം. ഭർത്താവ് അനിലിന് പച്ചക്കറി കച്ചവടമാണ്. ഞാൻ വീട്ടമ്മയാണ്. അമേയ എന്നാണ് മകളുടെ പേര്. വീട്ടിൽ ചക്കി എന്നു വിളിക്കും. ഇപ്പോൾ സീരിയലിൽ പാറു എന്ന പേര് എല്ലാവരും ഏറ്റെടുത്തതോടെ ഞങ്ങളും പാറുക്കുട്ടി എന്നു വിളിച്ചു തുടങ്ങിയിട്ടുണ്ട്. പാറുവിനു ഒരു ചേച്ചി കൂടിയുണ്ട്. അനിഘ. ഇപ്പോൾ യുകെജിയിൽ പഠിക്കുന്നു. 

ഓച്ചിറയ്ക്ക് സമീപം വലിയകുളങ്ങരയാണ് ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. പ്രയാറുള്ള കുടുംബവീട് വിറ്റു സ്വന്തമായി പുതിയൊരു വീടുവയ്ക്കാനുള്ള ആലോചനകളിലാണ്. എന്റെ സഹോദരന്റെ സുഹൃത്ത് വഴിയാണ് പാറുവിനു മിനിസ്ക്രീനിലേക്കുള്ള വഴി തുറക്കുന്നത്. അതോടെ ഞങ്ങളും കൊച്ചിയിലേക്ക് താമസം മാറി.

മാസത്തിൽ പകുതിയിലേറെ ദിവസവും അവൾ ഉപ്പും മുളകും ഷൂട്ട് ചെയ്യുന്ന വാഴക്കാലയിലെ വീട്ടിലാണ്. അതാണ് സ്വന്തം വീട് എന്നാണ് അവളുടെ വിചാരം. അതുകൊണ്ട് ഇടവേളയിൽ അവളെയും കൊണ്ട് നാട്ടിലെത്തിയാൽ മോൾ പെട്ടെന്ന് നിശ്ശബ്ദയാകും. വീണ്ടും കൊച്ചിയിൽ എത്തി ഉപ്പും മുളകും കുടുംബത്തെ കാണുമ്പോൾ ആൾ വീണ്ടും ഉഷാറാകും. വീട്ടിലെ ഇളയ കുട്ടിയായതിന്റെ ഗമയും ഇപ്പോൾ പാറു കാണിക്കുന്നുണ്ട്. ചെമ്പുമുക്കിൽ അൽസാബിത്തും ശിവാനിയും താമസിക്കുന്ന വാടകവീട്ടിലാണ് ഷൂട്ട് ഉള്ളപ്പോൾ താമസിക്കുന്നത്. അതുകൊണ്ട് ക്യാമറയ്ക്ക് പിന്നിലും അവർ സഹോദരങ്ങളെ പോലെയാണ്. ഞങ്ങൾ ഒരു കുടുംബം പോലെയും.

ശിവാനിയുടെ മുറിയിൽ കയറി അവൾക്ക് പഠിക്കാനുള്ള പുസ്തകങ്ങൾ കുത്തിവരയ്ക്കുക, മറിച്ചു താഴെയിടുക തുടങ്ങിയവയാണ് പാറുവിന്റെ ഹോബികൾ. എന്നിട്ട് കൂളായി ഒരു ചിരിയും പാസാക്കി ഇറങ്ങിപ്പോരും. അഞ്ചാറു മാസം പ്രായമുള്ളപ്പോൾ ഷൂട്ട് കഴിഞ്ഞു കിടത്താൻ ഞങ്ങൾ ഒരു തൊട്ടിൽ മേടിച്ചു. പക്ഷേ അവൾ അതിൽ കിടക്കില്ല. അവൾക്കെപ്പോഴും ആരെങ്കിലും കൂടെയുണ്ടാകണം.

നാട്ടിൽ സ്വന്തമായി ഒരു വീട് പണിയണം. അതിൽ അവൾക്കും ചേച്ചിക്കുമായി നല്ല നിറങ്ങളുള്ള, ഒരുപാട് പാവകളുള്ള ഒരു മുറിയും പണിയണം. അതിനായി കാത്തിരിക്കുകയാണ് ഞങ്ങൾ.