'എന്റെ പിള്ളേരെ തൊടുന്നോടാ'...ലൂസിഫറിലെ ആ മാസ് സീനുകൾ പിറന്നത് ഇവിടെ!
ഒരിടവേളയ്‌ക്കുശേഷം മലയാളസിനിമാപ്രേക്ഷകർക്ക് ആഘോഷിക്കാൻ ലഭിച്ച ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. രണ്ടാം വാരത്തിലും ചിത്രം നിറഞ്ഞോടുകയാണ്. സമൂഹമാധ്യമങ്ങളിൽ ചിത്രത്തിന്റെ സാങ്കേതികമേന്മകളും പ്രമേയവും ഒക്കെ ചർച്ചാവിഷയങ്ങളായി. ലൊക്കേഷനുകളുടെ ഭംഗിയും എടുത്തുപറയേണ്ടതാണ്. ചിത്രത്തിൽ നിറയുന്ന ഭംഗിയുള്ള കെട്ടിടങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. പരമ്പരാഗത ഭംഗിയുള്ള കെട്ടിടങ്ങളെ ഫലപ്രദമായ കലാസംവിധാനത്തിലൂടെ ചിത്രത്തിന് അനുയോജ്യമാക്കിയെടുത്തു.
ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ താമസസ്ഥലവും അഗതി മന്ദിരവുമായി വേഷമിട്ടത് ഏലപ്പാറയ്ക്കടുത്തുള്ള ചെങ്കര ബംഗ്ലാവാണ്. ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഘട്ടന രംഗം ചിത്രീകരിച്ചതും ഇവിടെവച്ചാണ്.
കേരളീയ ശൈലിക്കൊപ്പം കൊളോണിയൽ ശൈലിയുടെയും ഘടകങ്ങൾ ഇവിടെ കാണാം. ചുറ്റുവരാന്തകളും നടുമുറ്റവും ഗതകാല പ്രൗഢി വിളിച്ചോതുന്നു.
ചിത്രത്തിൽ മോഹൻലാലിൻറെ ആദ്യ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചത് കുട്ടിക്കാനത്തുള്ള അമ്മച്ചി കൊട്ടാരത്തിലാണ്. പൂട്ടിക്കിടക്കുന്ന ഗോഡൗൺ ആയാണ് ചിത്രത്തിൽ കൊട്ടാരം വേഷമിട്ടത്. അമ്മച്ചിക്കൊട്ടാരത്തിനു ഏകദേശം 210 വർഷത്തോളം പ്രായമുണ്ട്.
തിരുവിതാംകൂർ രാജാവിന്റെ വേനൽ കാലവസതിയായിരുന്നു ഇവിടം. ഭരണാധികാരികളുടെ ഭാര്യമാരെ 'അമ്മച്ചി' എന്നാണ് അക്കാലങ്ങളിൽ ബഹുമാനപൂർവ്വം വിളിച്ചിരുന്നത്. അതിനാലാണ് ഈ കൊട്ടാരം അമ്മച്ചി കൊട്ടാരമെന്നറിയപ്പെടാൻ തുടങ്ങിയത്. നാലുപുറവും നീളൻ വരാന്തയും നടുമുറ്റവും കിടപ്പുമുറിയോടു ചേർന്ന് ശുചിമുറികളും വിശാലമായ സ്വീകരണ മുറിയും ഭോജനശാലയും അടുക്കളയുമെല്ലാം രാജകീയമായി തന്നെ ഇന്നും നിലനിൽക്കുന്നുണ്ട്. പ്രധാനമായും രണ്ടു ഹാളുകൾ മൂന്നു ശയന മുറികളും അടുക്കള കൂടാതെ രണ്ടു ഇടനാഴികളുമുണ്ട്.
ചിത്രത്തിൽ രാഷ്ട്രീയ ചർച്ചകൾക്കും മറ്റും വേദിയാകുന്നതും രാഷ്ട്രീയ പ്രമുഖന്റെ വീടായി ചിത്രീകരിച്ചതും തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരമാണ്. തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ (1885 - 1924) ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഈ കൊട്ടാരം പിന്നീട് പലതവണ മിനുക്കുപണികൾക്ക് വിധേയമായി.
കോളനി വാഴ്ചക്കാലത്ത് നിർമ്മിക്കപ്പെട്ട ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളിൽ അവശേഷിക്കുന്ന കണ്ണികളിലൊന്നാണ് ഈ കൊട്ടാരം. തിരുവനന്തപുരം നഗരത്തിലെ കലാ സാംസ്‌കാരിക പരിപാടികൾക്ക് പലപ്പോഴും വേദിയൊരുക്കുന്നത് കൊട്ടാരവളപ്പും ഓഡിറ്റോറിയങ്ങളുമാണ്.
ചുരുക്കത്തിൽ പൃഥ്വിരാജ് എന്ന സംവിധായകന്റെ ഇടപെടലുകളും കലാസംവിധാനത്തിന്റെ മികവും ലൂസിഫറിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.