2000 ത്തിന്റെ തുടക്കത്തിൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത സീരിയൽ ആയിരുന്നു ജ്വാലയായ്. അക്കാലത്തെ വീട്ടമ്മമാരും പ്രായമുള്ളവരും ഉച്ച കഴിഞ്ഞു പണിയെല്ലാം ഒതുക്കി ടിവിയുടെ മുന്നിൽ എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്തു സ്‌കൂൾ വിട്ടു വരുന്ന കുട്ടികളുടെ ഓർമയിലും ഈ സീരിയലിന്റെ പാട്ട് മുഴങ്ങുന്നുണ്ടാകും. മുകുന്ദൻ എന്ന നടന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായതും ഈ സീരിയൽ ആയിരുന്നു.  ഇരുപതു വർഷത്തിനിപ്പുറവും മഴവിൽ മനോരമയിലെ ഭ്രമണം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ സ്വീകരമുറിയിലെ നിറസാന്നിധ്യമാണ് മുകുന്ദൻ. അദ്ദേഹം തന്റെ വീടോർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു. 

ഓർമകൾ നിറയുന്ന തറവാടുവീടുകൾ

തറവാടിന്റെ പഴയ ചിത്രം

ഒറ്റപ്പാലത്തുള്ള അമ്മവീട്ടിലാണ് ഞാൻ ജനിച്ചത്. കിഴക്കേപ്പാട്ട് പാലാട്ട് എന്നായിരുന്നു തറവാടിന്റെ പേര്. പുരാതനമായ എട്ടുകെട്ടായിരുന്നു. മൂന്നുനിലകളുള്ള എട്ടുകെട്ട് അക്കാലത്ത് ഒരു നിർമാണവിസ്മയമായിരുന്നു.

അച്ഛൻ ഗംഗാധരമേനോൻ, അമ്മ രുക്മിണിയമ്മ. ഞങ്ങൾ അഞ്ചു മക്കൾ. അതിൽ ഞാൻ ഏറ്റവും ഇളയതായിരുന്നു. അമ്മയ്ക്ക് 8 സഹോദരിമാരുണ്ടായിരുന്നു. ഇവരെല്ലാം തറവാട്ടിലായിരുന്നു കുടുംബമായി താമസിച്ചിരുന്നത്. ചുരുക്കിപ്പറഞ്ഞാൽ 8 വീടുകൾ ഒറ്റ വീടിനുള്ളിൽ ഉണ്ടായിരുന്നു. 

നാലുവശത്തുനിന്നും തേക്കിൽ കടഞ്ഞെടുത്ത ഗോവണികൾ. മൂന്നാം നിലയിൽ നിന്നും വെള്ളം മഴവെള്ളം താഴെയെത്തിക്കുന്ന പാത്തി ചെമ്പിന്റെ കുഴലുകൾ കൊണ്ടായിരുന്നു. നമ്മുടെ വാസ്തുശില്പ പാരമ്പര്യത്തിൽ ക്രോസ് വെന്റിലേഷന് ഉണ്ടായിരുന്ന പ്രാധാന്യം ഈ തറവാടുകളിൽ കാണാനാകും. ഭീമൻ വാതിലുകളും ജനാലകളും രണ്ടു നടുമുറ്റവുമെല്ലാം വീടിനകം സജീവമാക്കി നിർത്തിയിരുന്നു. അതുകൊണ്ട് കറന്റ് ഇല്ലാഞ്ഞ അക്കാലത്തും വീടിനുള്ളിൽ കാറ്റും വെളിച്ചവും നിറഞ്ഞിരുന്നു.

എന്റെ മൂത്ത സഹോദരിയുടെ വിവാഹം തറവാട്ടിലായിരുന്നു. അന്നെനിക്ക് അഞ്ചോ ആറോ വയസ്സേയുള്ളൂ. ഒത്തുചേരലുകൾക്കായി തെക്കിനിത്തറ എന്നൊരിടമുണ്ടായിരുന്നു. അഴികൾ ഇല്ലാത്ത ഭീമാകാരമായ ജനലുകളായിരുന്നു ഹാളിന്റെ പ്രത്യേകത. ശരിക്കും ഇന്നത്തെ ഒരു എസി ഹാളിൽ ഇരിക്കുന്ന പ്രതീതിയായിരുന്നു. അന്ന് 300 ആളുകൾ ഇരുന്നു ഭക്ഷണം കഴിച്ചു എന്ന് പറയുമ്പോൾ വലുപ്പം ഊഹിച്ചുനോക്കൂ.

ജനിച്ചത് അമ്മ വീട്ടിലാണെങ്കിലും വളർന്നത് രാമനാട്ടുകരയുള്ള കൽപ്പള്ളി പുലാപ്പറ എന്ന അച്ഛൻവീട്ടിലായിരുന്നു. അതും പുരാതനമായ തറവാടാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിക്കാലത്ത് പണിത തറവാട്. കുളത്തിലേക്ക് ദർശനമായാണ് ആ തറവാട് പണിതത്. കളരിപ്പയറ്റും അഭ്യാസവും കഴിഞ്ഞു ആളുകൾ വിശ്രമിച്ചിരുന്നത് ആ കൽപടവുകളിലാണ്.

അങ്ങനെ എന്റെ ബാല്യവും കൗമാരവുമെല്ലാം കേരളത്തനിമയാർന്ന തറവാടുവീടുകളിലായിരുന്നു. പിന്നീട് ആ രണ്ടു തറവാടുകളും പൊളിച്ചു കളഞ്ഞു. എങ്കിലും ഇപ്പോഴും അവിടെ താമസിച്ച നിമിഷങ്ങൾ ഓർമകളിൽ മിന്നിമറയാറുണ്ട്. അതുകൊണ്ടുതന്നെ പിന്നീട് സ്വന്തമായി വീടുവച്ചപ്പോഴും മറ്റൊരു തരം വീട് സങ്കൽപിക്കാനേ കഴിയില്ലായിരുന്നു. 

തിരുവനന്തപുരത്തേക്ക്...

സ്‌കൂൾ കാലം മുതലേ സ്റ്റേജിൽ സജീവമായിരുന്നു. പിന്നീട് അതുതന്നെ ജീവിതമാക്കി മാറ്റി.  സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും ബിരുദമെടുത്തു. ജി ശങ്കരപ്പിള്ള സാർ വഴിയാണ് മിനിസ്ക്രീനിലേക്കുള്ള വഴി തുറക്കുന്നത്. സീരിയലിന്റെ തലസ്ഥാനം തിരുവനന്തപുരമായതുകൊണ്ട് ഇവിടേക്ക് ചേക്കേറുകയായിരുന്നു. പക്ഷേ സ്വന്തമായി വീടുവയ്ക്കാൻ പോയില്ല. പണ്ടേ കേട്ടിട്ടുണ്ട്, തിരുവനന്തപുരത്ത് വന്നു വീട് വച്ചവരാരും തിരികെ പോയിട്ടില്ല എന്ന്. അതുകൊണ്ട് കഴിഞ്ഞ 20 വർഷമായി ഇവിടെ വാടകയ്ക്കാണ് താമസിക്കുന്നത്. വട്ടിയൂർക്കാവിലാണ് ഇപ്പോൾ താമസിക്കുന്നത്. ഈ വീട്ടിൽ ഇത് പതിനൊന്നാം വർഷമാണ്. നഗരത്തിനുള്ളിൽ തന്നെ ഗ്രാമാന്തരീക്ഷമുള്ള പ്രദേശമാണ്.  

പണിത വീട്...

2003ൽ അച്ഛൻ വഴി ഓഹരി കിട്ടിയ കുളപ്പുര മാളിക എന്ന തറവാട് പൊളിച്ചാണ് ഞാൻ പരമ്പരാഗത ശൈലിയിലുള്ള വീട് വച്ചത്. മൂന്ന് കിടപ്പുമുറികളും അടുക്കളയും ഹാളുമുള്ള ഇരുനില വീട്. കുളപ്പുരയിലേക്കാണ് വീടിന്റെ മിക്ക ഇടങ്ങളുടെയും ദർശനം. പരിപാലനം പ്രശ്നമായപ്പോൾ ഇടയ്ക്ക് വീട് വാടകയ്ക്ക് നൽകി. 

കുടുംബം...

ഭാര്യ വിദ്യാലക്ഷ്മി. മകൾ ആത്മന ഡിഗ്രിക്കും മകൻ ധനുർ സ്‌കൂളിലും പഠിക്കുന്നു. ഞങ്ങളെ കാത്ത് കോഴിക്കോട്ട് വീട് കാത്തിരിപ്പുണ്ട് എന്നതൊരു പ്രതീക്ഷയാണ്. കലാജീവിതത്തിന്റെ അവസാനകാലങ്ങൾ അവിടെ സ്വസ്ഥമായി ചെലവഴിക്കണം എന്നാണ് ആഗ്രഹം.