നിയാസ് ബക്കർ എന്ന പേരുകേട്ടാൽ 'അതാരാണപ്പാ' എന്ന മട്ടിൽ പലരും നെറ്റിചുളിക്കും. എന്നാൽ മറിമായത്തിലെ ശീതളൻ/കോയ എന്ന് പറഞ്ഞാലോ സകുടുംബമൊരു ചിരിക്ക് വകയുണ്ട്. 2012 മുതൽ തമാശകൾ മൊത്തമായും ചില്ലറയായും കൊടുത്തുകൊണ്ടിരിക്കുകയാണ് മഴവിൽ മനോരമയിലെ ‘മറിമായ’മെന്ന ജനപ്രിയപരിപാടി. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങളിൽമേലുളള പ്രതികരണമാണ് ഓരോ എപ്പിസോ‍ഡും. മറിമായത്തിൽ ഇരട്ടവേഷത്തിൽ എത്തുന്ന നിയാസ് ഇപ്പോൾ ഇരട്ടി സന്തോഷത്തിലാണ്. ഒന്ന്, മകളുടെ വിവാഹം കഴിഞ്ഞതിന്റെയാണ്. രണ്ടാമത് ഏറെക്കാലത്തെ സ്വപ്നമായ പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെയും!

ആലുവയ്ക്കടുത്ത് തോട്ടുമുഖം എന്ന സ്ഥലത്താണ് നിയാസ് ബക്കറിന്റെ പുതിയ വീട്. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു മകളുടെ വിവാഹം. അതിനു മുന്നോടിയായി ആയിരുന്നു ഗൃഹപ്രവേശം. ആറര സെന്റിൽ സമകാലിക ശൈലിക്കൊപ്പം കേരളത്തനിമയും ഇടകലർത്തിയ സുന്ദരഭവനം. ആദ്യം വരവേൽക്കുന്നത് തൂണുകളുള്ള വരാന്തയാണ്. ഒറ്റനോട്ടത്തിൽ തടിയിൽ കടഞ്ഞ തൂണുകൾ ആണെന്നുതോന്നും. ശരിക്കും കോൺക്രീറ്റ് പില്ലറിൽ തടിയുടെ ഫിനിഷ് നൽകിയതാണ്. ഒപ്പം സമീപത്തെ ഭിത്തിയിൽ വെട്ടുകല്ല് കൊണ്ടുള്ള ബോർഡറും തുടരുന്നുണ്ട്. ഇതേ ഡിസൈൻ മുകൾനിലയിലും ആവർത്തിക്കുന്നു.

വാതിൽ തുറന്നാൽ ആദ്യം കണ്ണെത്തുക ഷെൽഫിലേക്കാണ്. തന്റെ അഭിനയജീവിതത്തിൽ ലഭിച്ച പുരസ്കാരങ്ങളും സ്നേഹോപഹാരങ്ങളും നിയാസ് ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അക്കൂട്ടത്തിൽ മറിമായത്തിലെ അഭിനയത്തിന് രണ്ടു പ്രാവശ്യം ലഭിച്ച മികച്ച കൊമേഡിയനുള്ള സംസ്ഥാന ടിവി പുരസ്കാരവുമുണ്ട്. 

'ചെറുപ്പം മുതൽ അല്പം വരയ്ക്കുമായിരുന്നു. വീടിന്റെ പ്രാഥമിക പ്ലാനും ഡിസൈനും വരച്ചത് ഞാൻ തന്നെയാണ്. പിന്നീട് അത് സുഹൃത്തിന്റെ കൊണ്ടു മിനുക്കിയെടുക്കുകയായിരുന്നു. ഭാര്യ ഹസീന വീട്ടമ്മയാണ്. മകൾ ജസീല സിഎയ്ക്ക് പഠിക്കുന്നു. മരുമകൻ പ്രവാസിയാണ്. മകൻ താഹ പത്താം ക്‌ളാസിൽ പഠിക്കുന്നു'. നിയാസ് കുടുംബത്തെ പരിചയപ്പെടുത്തുന്നു.

വീട്ടിലെ താരം ഗോവണിയും അനുബന്ധഭാഗവുമാണ്. തടിക്കഷ്ണങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഗോവണിയുടെ കൈവരികൾ. സിമന്റിനു മുകളിൽ കലാപരമായി പ്ലാസ്റ്ററിങ് ചെയ്താണ് ഇതൊരുക്കിയത്. ഗോവണിയുടെ താഴെ ചെറിയ ഒരു ജലധാര നൽകിയിട്ടുണ്ട്. ഇതിനു സമീപം വാഷ് ബേസിൻ. തടിയെ അനുസ്മരിപ്പിക്കുന്ന വുഡൻ ടൈലുകളാണ് നിലത്തുവിരിച്ചത്. ഗോവണിയുടെ ഭാഗത്തെ മേൽക്കൂരയിൽ സ്‌കൈലൈറ്റ് നൽകിയിട്ടുണ്ട്. ഇതുവഴി അരിച്ചിറങ്ങുന്ന പ്രകാശം വീടിനകത്ത് നിറയുന്നു. 

മുകളിലേക്ക് കയറുമ്പോഴാണ് സർപ്രൈസ്. കാട്ടിലൊക്കെ പണിയുന്ന മുളവീടുകളെ അനുസ്മരിപ്പിക്കുന്ന വിധം മുകൾനിലയിൽ ഒരുവശം മാറ്റിയെടുത്തിരിക്കുന്നു. മുളക്കമ്പുകൾ കൊണ്ടാണ് ഇവിടെ കഴുക്കോലും മേൽക്കൂരയും. ഒരു റാന്തൽ വിളക്കും ഇവിടെ തൂക്കിയിട്ടുണ്ട്. ഗോവണിയുടെ വശത്തെ ഭിത്തിയിൽ അച്ഛൻ അബൂബക്കറിന്റെ ഛായാചിത്രം തൂക്കിയിരിക്കുന്നു.

ഊണുമേശയുടെ മുകളിൽ മൂന്നു തൂക്കുവിളക്കുകൾ നൽകിയതിന്റെ ക്രെഡിറ്റ് നിയാസ് മകൾക്ക് നൽകുന്നു. പാചകത്തെ സ്നേഹിക്കുന്ന കുടുംബമാണെന്ന് അടുക്കള കണ്ടാലേ മനസിലാകും. ഊണുമേശ ഉണ്ടെങ്കിലും സമീപമുള്ള പാൻട്രി കൗണ്ടറിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതാണ് എനിക്കിഷ്ടം. വീട്ടിൽ ഉള്ളപ്പോൾ ഭാര്യയ്‌ക്കൊപ്പം അടുക്കളയിലും അതിക്രമിച്ചു കയറാറുണ്ട്! അതുകേട്ടു വീട്ടിൽ ചിരിയുടെ പൂത്തിരി വിടർന്നു.

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികൾ ഒരുക്കി. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകി. മുകൾനിലയിൽ മകളുടെ മുറിയുടെ വാതിലിനു മുകളിൽ മറിമായം ടീം വിവാഹ സമ്മാനമായി നൽകിയ നവദമ്പതികളുടെ മനോഹരമായ ഛായാചിത്രം കാണാം.

ഹാളിന്റെ ഒരറ്റത്തു തുണി തേക്കാനും മറ്റുമായി ഒരു സ്ളാബ് വാർത്ത് ഒരുക്കിയിട്ടുണ്ട്. വശത്തെ വാതിലൂടെ മുകൾനിലയിലേക്ക് കയറാം. ഇവിടം തുണി ഉണ്ടാക്കാനും സാധനങ്ങൾ സൂക്ഷിക്കാനും മറ്റുമുള്ള യൂട്ടിലിറ്റി സ്‌പേസാക്കി മാറ്റിയിരിക്കുന്നു. 

മകളുടെ വിവാഹത്തിന് മുൻപ് ഗൃഹപ്രവേശം നടത്താനുള്ള ധൃതിയായിരുന്നു. ഇനിയും കുറച്ച് മിനുക്കുപണികൾ ബാക്കിയുണ്ട്. കാർ പോർച്ച് പണിയണം, ഭാര്യയ്ക്ക് പൂന്തോട്ടം ഒരുക്കണം.

ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു ചെറുപ്പകാലം. വിവാഹം കഴിഞ്ഞു പോലും ഒരു നല്ല വീട് സ്വപ്നം കാണാനാകാത്ത അവസ്ഥ ഉണ്ടായിരുന്നു. ഏതൊരു ശരാശരി മലയാളിയുടെയും സ്വപ്നമാണല്ലോ സ്വന്തമായി ഒരു വീട്. അത് പൂർത്തിയായതോടെ വലിയൊരു നിറവാണ് മനസ്സിൽ. മറിമായമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. സമൂഹത്തിലെ പലവിധ വേഷങ്ങൾ മറിമായത്തിലൂടെ ജീവിക്കാൻ കഴിഞ്ഞു. ശീതളനേയും കോയയെയും പ്രേക്ഷകർ ഇഷ്ടപ്പെട്ടു. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയുമാണ് ഇതുവരെ എത്തിച്ചത്. അത് തുടർന്നും ഉണ്ടാകണേ എന്ന് ഈശ്വരനോട് പ്രാർഥിക്കുന്നു. നിയാസ് പറഞ്ഞുനിർത്തി.

ഒരർഥത്തിൽ എപ്പോഴും പ്രസന്നമായ ഈ മുഖഭാവമായിരിക്കാം നിയാസിനെ ചെറുപ്പമാക്കി നിലനിർത്തുന്നത്. അതുതന്നെയാണ് ഈ കലാകാരനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്നതും.