പരിമിതികൾ സ്വപ്നങ്ങൾക്ക് ഒരു തടസമല്ല എന്നു തെളിയിച്ചവരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും. സിനിമയിൽ അഭിനയിക്കുന്നത് സ്വപ്നം കണ്ടു തിരക്കഥ എഴുതി തുടങ്ങിയ ഇരുവരും ഒരുപാട് തിരസ്കാരങ്ങൾക്ക് ശേഷം ആ സ്വപ്‍നം നേടിയെടുത്തു. കട്ടപ്പനയിലെ ഋതിക് റോഷനിലൂടെ വിഷ്ണു ആദ്യം നായകനായി. ഒരു പഴയ ബോംബ് കഥയിലൂടെ ബിബിനും തൊട്ടു പിന്നാലെകൂടി. ഇപ്പോഴിതാ യമണ്ടൻ പ്രേമകഥ ഇരുവർക്കും ഡബിൾ ലോട്ടറിയാണ്. തിരക്കഥാകൃത്തുക്കളായും അഭിനേതാക്കളായും ഇരുവരും സിനിമയിൽ വിജയം കൊയ്യുന്നു. വിഷ്ണു വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

ഓർമവീട്... 

കലൂരാണ് സ്വദേശം. ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ ഉണ്ണികൃഷ്ണൻ കടയിൽ സഹായിയായി ജോലിക്കു പോയാണ് ഞാനും അമ്മയും രണ്ടു സഹോദരിമാരുമുള്ള കുടുംബം പുലർത്തിയിരുന്നത്.   അന്നൊക്കെ മഴയത്ത് വീടിന്റെ ഇറയത്തു വന്നുനിന്നു മഴ കാണുന്നതായിരുന്നു വീടുമായി ബന്ധപ്പെട്ടു നിറഞ്ഞുനിൽക്കുന്ന ഒരോർമ. ഞാൻ പത്താം ക്‌ളാസിൽ പഠിക്കുന്ന സമയത്ത് അമ്മ ലീല കുടുംബശ്രീയിൽ നിന്നും ലോണെടുത്താണ് വീട് പുതുക്കുന്നത്.

ബിബിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. രണ്ടാൾക്കും ഒരേ സ്വപ്നം. സിനിമയിൽ അഭിനയിക്കണം. ടിവി പരിപാടികൾക്കുവേണ്ടി സ്ക്രിപ്റ്റ് എഴുതിയാണ് തുടക്കം. പിന്നീട് സ്വയം കഥാപാത്രങ്ങളെ തൂലികയിൽ സൃഷ്ടിച്ചു തുടങ്ങി. പനങ്ങാടുള്ള ഒരു ഒറ്റമുറി വീട്ടിൽ ഇരുന്നാണ് അമർ അക്ബർ അന്തോണി എഴുതുന്നത്. അതിന്റെ വിജയത്തിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഞങ്ങൾ സാധാരണക്കാർ ആയതുകൊണ്ടായിരിക്കാം അവരുടെ പൾസ് പെട്ടെന്ന് മനസ്സിലാക്കാനാകും. സിനിമകൾ വിജയമായതോടെ വീട്ടിൽ നിന്നും അപ്പാർട്മെന്റിലേക്ക് (വാടകയ്ക്കാണെന്നു മാത്രം) പ്രൊമോഷൻ ലഭിച്ചു. 

സ്വപ്നം ഉടൻ സഫലമാകും...

ഏറെക്കാലത്തെ സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള സ്വന്തം വീട്. സിനിമയിൽ നിന്നുള്ള വരുമാനം കൊണ്ട് ചെമ്പുമുക്കിൽ എട്ടു സെന്റ് സ്ഥലം വാങ്ങി. വീടുപണി ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ഈ വർഷം പകുതിയോടെ താമസം മാറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി യമണ്ടൻ പ്രേമകഥയുടെ തിരക്കിലായിരുന്നു. വീടുപണിയുടെ കാര്യം പലപ്പോഴും മറന്നുപോകും. അപ്പോൾ കോൺട്രാക്ടർ വിളിച്ചോർമിപ്പിക്കും- ഇത് എന്റെ വീടിന്റെ പണിയല്ല, നിങ്ങളുടെ വീടിന്റെ പണിയാണെന്ന്!

സിനിമാവീടുകൾ... 

ഞാൻ അഭിനയിച്ച സിനിമകളിലെ വീടുകൾ മിക്കതും എന്റെ  ജീവിതത്തോട് അടുത്തുനിൽക്കുന്നവയാണ്. കലൂരിലെ വീടിനു ചുറ്റും നല്ല അയൽപ്പക്കങ്ങൾ ഉണ്ടായിരുന്നു. കട്ടപ്പനയിലെ ഋതിക് റോഷനിൽ കാണിക്കുന്ന വീട് ഓർക്കുന്നില്ലേ... വേലിപ്പരത്തി അതിരു തീർക്കുന്ന മുറ്റമുള്ള, സലീമേട്ടൻ അയൽക്കാരനായുള്ള, ഓടിട്ട ചെറിയ വീട്. അതുപോലെ വികടകുമാരൻ എന്ന സിനിമയിലും തേക്കാത്ത ചുവരുകളുള്ള വീടായിരുന്നു. ശിക്കാരി ശംഭുവിലാണ് ത്രില്ലടിപ്പിച്ച വീടുള്ളത്. പുലിയെ പിടിക്കാൻ ചാക്കോച്ചന്റെ കൂടെ പോകുന്ന ഞങ്ങൾ താമസിക്കുന്നത് കാടിനു നടുക്കുള്ള ഒരു മരവീട്ടിലാണ്.  ഒരു വമ്പൻ കാട്ടുമരത്തിന്റെ മുകളിലാണ് മുള കൊണ്ട് സെറ്റിട്ടു വീടുണ്ടാക്കിയത്. ഈ മൊബൈൽ ടവറുകളുടെ മുകളിൽ പണിക്കാർ വലിഞ്ഞു കയറുംപോലെയായിരുന്നു ഞങ്ങൾ അതിലേക്ക് കയറിയിരുന്നത്. 

സുഹൃത്തുക്കളുടെ വീട്...

ബിബിനും എന്റെ അതേ സാഹചര്യങ്ങളിലൂടെയാണ് കടന്നുവന്നത്. അവൻ അടുത്തിടെ സ്വന്തം വീട് പൂർത്തിയാക്കി. അതേപോലൊരു കൊച്ചുവീടാണു ഞാനും പണിയുന്നത്. ധർമേട്ടന്റെ (ധർമജൻ ബോൾഗാട്ടി) വരാപ്പുഴയിലെ വീടാണ് മറ്റൊരു മീറ്റിങ് പോയിന്റ്. പിഷാരടിയുടെ ഫ്ലാറ്റ് ഒരു മ്യൂസിയം പോലെയാണ്. പുള്ളിക്ക് പഴയ സാധനങ്ങളുടെ ഒരു കലക്ഷനുണ്ട്. ബാംഗ്ലൂർ ഡെയ്‌സിൽ ഫഹദിന്റെ ഫ്ലാറ്റുപോലെ ഒരു മുറി നിറയെ സ്വകാര്യ സമ്പാദ്യങ്ങളാണ്. സിനിമ ചർച്ചകൾക്കായി നാദിർഷിക്കയുടെ വെണ്ണലയിലെ വീട്ടിൽ പലതവണ പോയിട്ടുണ്ട്. അതും പ്രിയപ്പെട്ട ഒത്തുചേരൽ ഇടമാണ്.