ഏകദേശം 20 വർഷത്തെ ഇടവേളയ്ക്കുശേഷം മിനിസ്ക്രീനിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് നടി അഞ്ജു. താരം തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു. 

ഒത്തൊരുമയോടെ...

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലുള്ള ഒരു വലിയ കൂട്ടുകുടുംബത്തിലാണ് ഞാൻ ജനിച്ചത്. കൂടാലിത്താഴത്ത് എന്നായിരുന്നു തറവാടിന്റെ പേര്. ലക്ഷണമൊത്ത നാലുകെട്ടായിരുന്നു. അറയും പുരയും നടുമുറ്റവുമൊക്കെ ഉണ്ടായിരുന്നു. വെട്ടുകല്ല് കൊണ്ട് നിർമിച്ച ചുവരുകളും തൂണുകളും ഓടിട്ട മേൽക്കൂരയും ഉണ്ടായിരുന്ന വീട്. മഴയും വെയിലും നേരിട്ടെത്തുന്ന തുറന്ന നടുമുറ്റം. അവിടെ തുളസിത്തറ. വീട്ടിലെ ഒത്തുചേരലുകളുടെ വേദി കൂടിയായിരുന്നു നടുമുറ്റം.

പഞ്ചാബി ഹൗസ് സിനിമയിലെ വീടുപോലെയായിരുന്നു ഞങ്ങളുടെ തറവാട്. അച്ഛൻ, അമ്മ, അനിയത്തി, മുത്തച്ഛൻ, മുത്തശ്ശി, അമ്മാവന്മാരും കുടുംബവും എല്ലാം ഒറ്റ കൂരയ്ക്ക് കീഴിലായിരുന്നു താമസിച്ചിരുന്നത്. കളിചിരിയും ബഹളവും ഒക്കെക്കൂടി നല്ല രസമായിരുന്നു. 

അമ്മ അധ്യാപികയായിരുന്നു. അച്ഛൻ ഡിഫൻസ് വിഭാഗത്തിലായിരുന്നു. വിവിധ സ്ഥലങ്ങളിൽ അദ്ദേഹം ജോലി ചെയ്തു. ഞങ്ങളുടെ സ്‌കൂൾ അവധിക്കാലങ്ങൾ അച്ഛൻ ജോലി ചെയ്യുന്ന ഇടങ്ങളിലേക്കുള്ള യാത്ര കൊണ്ടാണ് അടയാളപ്പെടുത്തിരിയിരുന്നത്. അതുകൊണ്ട് ഏതുതരം സാഹചര്യവുമായും പൊരുത്തപ്പെടാൻ  പഠിച്ചു.

ഭാഗം വച്ച് കഴിഞ്ഞപ്പോൾ തറവാടിന് സമീപം ഞങ്ങൾ വീടുവച്ചു. അപ്പോഴും സമീപത്തെല്ലാം കുടുംബവീടുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് അക്കാലത്ത് ഒറ്റപ്പെടൽ ഉണ്ടായിട്ടില്ല. പക്ഷേ അടുത്ത തലമുറ എത്തിയതോടെ എല്ലാവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി. തറവാടിനോട് ചേർന്ന് കാവും കുടുംബക്ഷേത്രവുമുണ്ട്. എല്ലാവർഷവും ഫെബ്രുവരി മാസത്തിൽ ഉത്സവമുണ്ട്. ലോകത്തെവിടെയാണെങ്കിലും ആളുകൾ ആ സമയത്ത് തറവാട്ടിൽ ഒത്തുചേരും.  

സിനിമയിലേക്ക്...

സ്‌കൂൾ കാലം കണ്ണൂരിലും മട്ടന്നൂരിലുമുള്ള പല സ്‌കൂളുകളിലായിരുന്നു. കോളജ് കാലം കോഴിക്കോട്ടായിരുന്നു. അവിടെ വച്ചാണ് സിനിമയിലേക്കുള്ള വാതിൽ തുറക്കുന്നത്. ഒരു സുഹൃത്ത് വഴി ഒരു സിനിമയുടെ ചടങ്ങിൽ അപ്രതീക്ഷിതമായി കോംപയർ ചെയ്യാൻ അവസരം ലഭിച്ചു. അതുവഴിയാണ് സംവിധായകർ എന്നെ ശ്രദ്ധിക്കുന്നതും സിനിമയിലേക്ക് അവസരം വരുന്നതും. പഴയ ചിന്താഗതിക്കാരായതു കൊണ്ട് ആദ്യമൊക്കെ വീട്ടിൽ നിന്നും എതിർപ്പുണ്ടായി. പിന്നീട് കുടുംബസുഹൃത്തായ ഒരാൾ സംവിധാനം ചെയ്യുന്ന സിനിമ വന്നപ്പോഴാണ് വീട്ടിൽ സമ്മതിക്കുന്നത്. നടനും നർത്തകനുമായ വിനീതേട്ടൻ എന്റെ ബന്ധുവാണ്. അതുമാത്രമായിരുന്നു തറവാടും സിനിമയുമായുള്ള ബന്ധം.

ബെംഗളൂരുവിലേക്ക്...

വിവാഹശേഷം ഞാൻ ബെംഗളുരുവിലേക്ക് ചേക്കേറി. കൂട്ടുകുടുംബത്തിൽ വളർന്നതുകൊണ്ട് ആകാശത്തിലെ ജീവിതവുമായി ആദ്യം പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരുന്നു. ആദ്യമൊക്കെ വല്ലാത്ത ഹോംസിക്നസ് ഫീൽ ചെയ്യുമായിരുന്നു. പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായി. ബെംഗളൂരു യെലഹങ്കയിലാണ് എന്റെ ഫ്ലാറ്റ്. പാർക്കും സ്വിമ്മിങ് പൂളുമെല്ലാമുള്ള അപ്പാർട്മെന്റാണ്. 

ഇപ്പോൾ തറവാട്ടിലെ ഇടങ്ങളുമായി ഫ്‌ളാറ്റിനെ താദാത്മ്യപ്പെടുത്താൻ ശ്രമിക്കാറുണ്ട്. പണ്ട് കുളത്തിൽ നീന്തിക്കളിച്ചതു പോലെ ഇപ്പോൾ സ്വിമ്മിങ് പൂൾ, പണ്ട് കൂട്ടുകുടുംബം പോലെ ഇപ്പോൾ കമ്യൂണിറ്റി ലിവിങ്. ഇങ്ങനെ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. കാലത്തിനനുസരിച്ച് മാറുക എന്നതാണ് പ്രധാനം. നഗരത്തിനുള്ളിൽ നല്ലൊരു സ്വസ്ഥത തോന്നിക്കുന്ന ഇടം. മകൾ ഇപ്പോൾ ആറാം ക്‌ളാസിൽ പഠിക്കുന്നു. ഞങ്ങളുടെ സ്വപ്നക്കൂടാണ് ഇപ്പോൾ ഈ ഫ്ലാറ്റ്.

തിരിച്ചു വരവ്...

മലയാളം സീരിയലുകൾ ധാരാളം ചെയ്തിരുന്ന ഒരുകാലമുണ്ടായിരുന്നു. പക്ഷേ പിന്നീട് കുറെ ദുരനുഭവങ്ങൾ സീരിയലുകളിൽ നിന്നുമുണ്ടായി. നല്ല റോൾ ആണെന്ന് പറഞ്ഞു വിളിച്ചിട്ട് ചതിക്കപ്പെട്ട അനുഭവങ്ങളുണ്ട്. മുഴുനീള കഥാപാത്രമാണെന്നു പറഞ്ഞു വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് നമ്മുടെ ഭാഗങ്ങൾ എല്ലാം ചിത്രീകരിച്ചു മടക്കിയയക്കുക. നമ്മളോട് പറയാതെ കഥാപാത്രത്തെ അവസാനിപ്പിക്കുക. അങ്ങനെ കുറെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതോടെ സീരിയൽ അഭിനയം നിർത്തി. ഞാൻ ഒരു ഡാൻസ് സ്‌കൂൾ തുടങ്ങി. ഇപ്പോൾ നാലു സെന്ററുകൾ ഉണ്ട്. അതിന്റെ നോക്കിനടത്തലും മകളുടെ കാര്യങ്ങളുമായി തിരക്കിലായി. ഇനി സീരിയലിലേക്കില്ല എന്നുവിചാരിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ബഡായ് ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തേക്ക് ക്ഷണം ലഭിക്കുന്നത്. പുതിയ റോൾ ഞാൻ ആസ്വദിക്കുന്നു.