കലാമൂല്യമുള്ള സിനിമകളിലും വാണിജ്യ സിനിമകളിലും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന താരമാണ് ഇർഷാദ്. മിനിസ്ക്രീനിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. കൂടുതലും വില്ലൻ സ്വഭാവമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചതെങ്കിലും ഓരോന്നും വേറിട്ടതാക്കാൻ ഇർഷാദിന്‌ കഴിഞ്ഞിട്ടുണ്ട്. തൃശൂർക്കാരനായതിനാൽ തൃശൂർ ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളോട് കൂടുതലിഷ്ടമുണ്ട്. ഇർഷാദ് തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

ഓർമവീട്... 

തൃശൂർ ജില്ലയിലെ കേച്ചേരിയാണ് എന്റെ നാട്. ഗുരുവായൂർ നിന്ന് കേച്ചേരിയിലേക്ക് ചേക്കേറിയതാണ് കുടുംബം. അക്കാലത്ത് അന്നാട്ടിലെ വലിയ തറവാടുകളിൽ ഒന്നായിരുന്നു പുത്തൻപുര നാലകത്ത്. 50 വർഷത്തിലധികം പഴക്കമുള്ള മുസ്‌ലിം തറവാടാണ്. ഉപ്പ അബ്‌ദുവിനും ഉമ്മ നഫീസയ്ക്കും ആറു മക്കളുണ്ടായിരുന്നു. അതിൽ നാലാമനായിട്ടാണ് ഞാൻ ജനിച്ചത്. ഒരുകാലത്ത് എട്ടു കുടുംബങ്ങളോളം ഒരുമിച്ചു താമസിച്ചിരുന്നു. എപ്പോഴും ഒരുത്സവത്തിനുള്ള ആൾക്കൂട്ടമുണ്ടാകും. അറയും പുരയും, സുഖകരമായ ഇരുട്ടിനൊപ്പം നല്ല കാറ്റ് നിറയുന്ന അകത്തളങ്ങളും ഉണ്ടായിരുന്നു. ഇന്ന് എല്ലാവരും പല വഴിക്ക് പിരിഞ്ഞു. തറവാട്ടിൽ ആരും താമസമില്ല. എങ്കിലും പൊളിച്ചു കളയാതെ ഓർമകളുടെ ആ കൂടാരം ഇന്നും നിലനിർത്തിയിട്ടുണ്ട്.

വാടകവീടുകളിൽ നിന്നും സ്വന്തം വീട്ടിലേക്ക്... 

വിവാഹശേഷമാണ് വാടകവീടുകളിലൂടെയുള്ള ഓട്ടപ്രദക്ഷിണം തുടങ്ങുന്നത്. തൃശൂരിലെ പല ഭാഗത്തായി അഞ്ചോളം വാടകവീടുകളിൽ താമസിച്ചു. ഒടുവിൽ സിനിമയിലൂടെ സമ്പാദിച്ച തുക കൊണ്ടാണ് പത്തുവർഷം മുൻപാണ് തൃശൂരിൽ സ്വന്തമായി വീട് വയ്ക്കുന്നത്. സത്യം പറയാമല്ലോ, കയറി കിടക്കാൻ ഒരിടം എന്നതിൽ കവിഞ്ഞു വലിയ സെന്റിമെന്റ്സ് ഒന്നും എനിക്ക് ആ വീടിനെക്കുറിച്ചില്ല.

കൊച്ചി വീട്...

സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാനാണ് മൂന്ന് വർഷം മുമ്പ് കാക്കനാട് ഫ്ലാറ്റ് എടുത്തു താമസം മാറിയത്. എനിക്ക് പ്രിയപ്പെട്ട കുറച്ചിടങ്ങൾ ഞാൻ ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളുള്ള ലൈബ്രറി. സിനിമ കാണാനായി ഒരു ഹോം തിയറ്റർ എന്നിങ്ങനെ...പിന്നെ സിനിമയിലും മറ്റുമുള്ള സുഹൃത്തുക്കൾ വന്നാൽ ഒത്തുകൂടാനായി ഇടങ്ങളും ഒരുക്കിയിട്ടുണ്ട്.

ലോകമേ തറവാട് എന്നുള്ള വിശ്വാസക്കാരനാണ് ഞാൻ. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു ഹോട്ടലുകളിലായിരിക്കും കൂടുതലും താമസം. താമസിക്കുന്ന ഇടങ്ങളിലെല്ലാം സ്വന്തമായൊരു ഇടം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതിനേക്കാൾ ആളുകളോട് ഇടപ്പെട്ട് പുറത്തുനിൽക്കാനാണ് ഇഷ്ടം.

കുടുംബം..

ഭാര്യ റംസീന ബാങ്ക് ഉദ്യോഗസ്ഥയാണ്. മകൻ അർഷിഖ് പത്താം ക്‌ളാസിൽ പഠിക്കുന്നു.