മോഹൻലാലിന്റെ അനിയനാണോ? ഈ ചോദ്യം ഷാജു ശ്രീധർ ഒരുപാട് തവണ കേട്ടിട്ടുണ്ട്. തോൾ ചെരിച്ചുള്ള നടപ്പിനെക്കാൾ ശബ്ദത്തിലാണ് ഇരുവരും തമ്മിൽ സാമ്യം. തന്റെ കരിയറിൽ വഴിത്തിരിവായത് ഈ സാമ്യമാണെന്നു ഷാജു പറയുന്നു. സിനിമയിൽ എത്തിയിട്ട് ഇത് ഇരുപത്തിയഞ്ചാം വർഷമാണ്. നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. പിന്നീട് മിനിസ്‌ക്രീനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഷാജു തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

രാശിയില്ലാത്ത വീട്...

പാലക്കാട് ജില്ലയിലെ മുണ്ടൂരായിരുന്നു തറവാട്. അച്ഛൻ, അമ്മ, സഹോദരി എന്നിവരടങ്ങുന്നതായിരുന്നു കുടുംബം. ഓടിട്ട ഒരുനില വീടായിരുന്നു. പീടികയിൽ എന്നായിരുന്നു പേര്. പ്രധാന റോഡിന്റെ വശത്തായിരുന്നതിനാൽ റോഡപകടങ്ങൾ, അടിപിടി എന്നിവയ്‌ക്കെല്ലാം സാക്ഷി പറയേണ്ടി വന്നിരുന്നത് അച്ഛനാണ്. അപ്പോഴും അച്ഛൻ സമാധാനിച്ചിരുന്നത് എല്ലാവരുടെയും ശ്രദ്ധ കിട്ടുന്നിടത്തു സ്ഥിതി ചെയ്യുന്നതുകൊണ്ട് വീട്ടിൽ കള്ളന്മാർ കയറില്ല എന്നതിലായിരുന്നു. പക്ഷേ, അധികകാലം കഴിയുംമുമ്പേ വീട്ടിൽ കള്ളൻ കയറി. 25 പവനോളം സ്വർണം കൊണ്ടുപോയി. അതോടെ അച്ഛൻ ഒലവക്കോട് സ്ഥലം മേടിച്ചു വീട് വച്ചു. പഴയ വീട് വാടകയ്ക്ക് കൊടുത്തു. പക്ഷേ എന്നിട്ടും പ്രശ്നങ്ങൾ തീർന്നില്ല. വാടകയ്ക്ക് താമസിച്ചവർ എന്തൊക്കെയോ കുരുത്തക്കേട് കാണിച്ചു. കേസായി. പുലിവാലായി. അവസാനം അച്ഛൻ വീടുവിറ്റു. അതോടെ സ്വസ്ഥമായി.

ലാലേട്ടനും സിനിമയും..

ലാലേട്ടനുമായുള്ള രൂപശബ്ദസാദൃശ്യം വഴിയാണ് മിമിക്രിയിൽ അവസരങ്ങൾ ലഭിക്കുന്നത്. പല ട്രൂപ്പുകളിലായി പ്രവർത്തിച്ചു. മിമിക്സ് ആക്‌ഷൻ 500 എന്ന സിനിമയിലൂടെയാണ് രംഗപ്രവേശം. നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. പിന്നീട് വഴിത്തിരിവായത് സീരിയലുകളാണ്.

ഞങ്ങളുടെ ശ്രീനന്ദനം...

റോഡിന്റെ തിരക്കുകളിൽ നിന്നും മാറി സ്വസ്ഥമായ സ്ഥലത്താണ് ശ്രീനന്ദനം എന്ന വീടുപണിതത്. അന്നു കള്ളൻ കയറിയത് ഒരു നിമിത്തമായി പിന്നീട് തോന്നിയിട്ടുണ്ട്. അത് കൊണ്ടാണല്ലോ ഞങ്ങൾക്ക് ശ്രീനന്ദനം കിട്ടിയത്. ഇപ്പോൾ 14 വർഷമായി ഇവിടെയാണ് താമസം. മിനിസ്‌ക്രീനിൽ കൂടുതൽ അവസരങ്ങൾ വന്നത് ഇവിടെ താമസിച്ചു തുടങ്ങിയ ശേഷമാണ്. അങ്ങനെ നോക്കുമ്പോൾ രാശിയുള്ള വീടാണിത്. 

നാലു കിടപ്പുമുറികളുണ്ട്. ഞങ്ങളുടെ കലാജീവിതത്തിൽ കിട്ടിയ ചെറിയ പുരസ്‌കാരങ്ങൾ കൊണ്ടാണ് അകത്തളങ്ങൾ അലങ്കരിച്ചിരിക്കുന്നത്. വീടിന്റെ പിന്നിലായി ഡാൻസ് ക്ലാസിനുള്ള മുറികളും നിർമിച്ചു. ഇടയ്ക്ക് ആലോചിക്കാറുണ്ട്, അന്ന് പഴയ വീട്ടിൽ കള്ളൻ കയറി ഇല്ലായിരുന്നെങ്കിൽ, ഞങ്ങൾ ഇപ്പോഴും പ്രശ്ങ്ങളും പുകിലുകളുമായി അവിടെ കഴിഞ്ഞുകൂടുമായിരുന്നു. അങ്ങനെ നോക്കുമ്പോൾ കള്ളൻ കയറിയത് നിമിത്തമായി തോന്നും.

തിരുവനന്തപുരത്ത് വീട് വച്ചുകൂടെ...

ഞാൻ ഏറ്റവും കൂടുതൽ കേട്ട ചോദ്യങ്ങളിലൊന്നാണിത്. സീരിയലിന്റെ തലസ്ഥാനം തിരുവനന്തപുരമാണല്ലോ. സിനിമയുടേത് കൊച്ചിയും. അതിനു കാരണം സിംപിളാണ്. എനിക്ക് വീട് അധികദിവസം വിട്ടു നിൽക്കാനാകില്ല. ഷൂട്ട് കഴിഞ്ഞു അന്നുതന്നെ വീട്ടിലേക്ക് വച്ചുപിടിക്കും. കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ പോലെ അധികം ട്രാഫിക്ക് ഒന്നുമില്ല ഒലവക്കോട്. ഇതുവഴി വണ്ടി ഓടിച്ചു വീട്ടിലേക്ക് എത്തുമ്പോൾ തന്നെ മനസ്സിന് വലിയ സന്തോഷവും സമാധാനവുമാണ്.

സ്വന്തം കാര്യം സിന്ദാബാദ്...

ഇപ്പോൾ വീടുകൾ വലുതായതോടെ ആളുകളുടെ മനസ്സ് ഇടുങ്ങിപ്പോയതായി തോന്നിയിട്ടുണ്ട്. പണ്ടൊക്കെ ഞങ്ങളുടെ നാട്ടിൽ മരണമായാലും, കല്യാണമായാലും, പ്രശ്നങ്ങളായാലും ആളുകൾ വീടിനു പുറത്ത് ഒത്തുകൂടിയിരുന്നു. ഉറങ്ങാൻ വേണ്ടി മാത്രമാണ് ആളുകൾ വീട്ടിൽ പോയിരുന്നത്. ഇന്ന് മിക്കവരും സ്വന്തം കാര്യം നോക്കി വീടിനുള്ളിൽ അടയിരിക്കുകയാണ്. എല്ലാവരും ഉറങ്ങിക്കഴിഞ്ഞാണ് ആളുകൾ പുറത്തിറങ്ങുന്നത്. കാലത്തിന്റെ അനിവാര്യമായ മാറ്റമായിരിക്കാം.

കുടുംബം...

ഭാര്യ ചാന്ദ്‌നി അഭിനേത്രിയായിരുന്നു. ഇപ്പോൾ ഒരു ചെറിയ ഡാൻസ് സ്‌കൂൾ നടത്തുന്നുണ്ട്. മൂത്ത മകൾ നന്ദന ഡിഗ്രി വിദ്യാർഥിനിയാണ്. ഇളയവൾ നീലാഞ്ജന മൂന്നാം ക്ലാസിൽ പഠിക്കുന്നു. അവൾ ഇപ്പോൾ റിലീസാകാനിരിക്കുന്ന രണ്ടു സിനിമകൾ അഭിനയിച്ചു കഴിഞ്ഞു. ജീവിതം ഇങ്ങനെ ഹാപ്പിയായി പോകുന്നു.