മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അൽസാബിത്. ഉപ്പും മുളകും എന്ന സീരിയലിലെ കേശു എന്ന കഥാപാത്രമായിട്ടാണ് ഭൂരിഭാഗവും ഈ പയ്യനെ കാണുന്നത്. എപ്പോഴും വായിട്ടലച്ചു പ്രായത്തിൽ കവിഞ്ഞ ഭാഷ പറഞ്ഞു നടക്കുന്ന കേശുവിനെ പക്ഷേ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പെരുത്തിഷ്ടമാണ്. എന്നാൽ എല്ലാവരെയും സന്തോഷിപ്പിക്കുന്ന അൽസാബിത്തിന്റെയും ഉമ്മ ബീനയുടെയും ജീവിതം അത്ര മധുരകരമായിരുന്നില്ല. 

ചെറിയ പ്രായത്തിൽ തന്നെ അച്ഛൻ ഉപേക്ഷിച്ചതിന്റെ കയ്‌പേറിയ അനുഭവത്തിലൂടെയാണ് അൽസാബിത് വളർന്നുവന്നത്. കടക്കെണിയിലായ കുടുംബത്തെ ഒരു പത്തുവയസ്സുകാരൻ കരകയറ്റിയതിന്റെ കഥയാണ് പിന്നീടുള്ള ഇവരുടെ ജീവിതം. നമുക്ക് പത്തനംതിട്ട കലഞ്ഞൂരുള്ള അൽസാബിത്തിന്റെ വീട്ടിലേക്ക് പോകാം. ആ വീടിന്റെ കാഴ്ചകളും രസങ്ങളും കണ്ടാൽ, ഈ പയ്യനോടുള്ള ഇഷ്ടം വീണ്ടും വർധിക്കും.

ഷൂട്ടിനിടയിൽ കഷ്ടിച്ചുകിട്ടിയ ഇടവേളയിൽ നാട്ടിലേക്ക് എത്തിയിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ. വാഴക്കാലയുള്ള വാടകവീട്ടിലാണ് ഷൂട്ട് ഉള്ളപ്പോൾ താമസം. രണ്ടു മാസത്തിനു ശേഷമാണ് ഇരുവരും വീട്ടിലേക്ക് എത്തുന്നത്. വീട് അടുക്കിപ്പെറുക്കുന്നതിന്റെ തിരക്കിനിടയിൽ ക്യാമറ കണ്ടതോടെ അൽസാബിത് വീണ്ടും ഉഷാറായി. 

ഞാനും ഉമ്മച്ചിയും വല്യുമ്മയുമാണ് വീട്ടിൽ ഉള്ളത്. ഞാൻ പത്തനാപുരം സെന്റ്. മേരീസ് സ്‌കൂളിൽ ഏഴാം ക്‌ളാസിലാണ് പഠിക്കുന്നത്. ഷൂട്ടിന്റെ തിരക്കുകാരണം സ്‌കൂളിലെ മാവേലിയാണ് ഞാൻ. എങ്കിലും ടീച്ചേഴ്സും കൂട്ടുകാരുമെല്ലാം നല്ല സപ്പോർട്ടാണ്. നോട്സൊക്കെ വാട്സാപ്പിൽ അയച്ചുതരും. ഷൂട്ടിനൊക്കെ പോകുമ്പോള്‍ വീടു മിസ്‌ ചെയ്യാറുണ്ട്.

ഇതിനിടയ്ക്ക് അൽസാബിത്തിന്റെ അമ്മ ബീന വീടിനെ പരിചയപ്പെടുത്താനെത്തി.

എന്റെ നാട് കോന്നിയാണ്. അൽസാബിത്തിനു ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് ഞങ്ങൾ ഇവിടേക്ക് താമസം മാറുന്നത്. മൂന്നര സെന്റിലാണ് വീട് നിൽക്കുന്നത്. വസ്തു വാങ്ങുമ്പോൾ ഒരു ചെറിയ വീടുണ്ടായിരുന്നു. അത് പൊളിച്ചു കളഞ്ഞാണ് ആദ്യം ഒരുനില വീടുവച്ചത്. പുതിയ ജീവിതത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടിയ കാലം. പക്ഷേ ആ സന്തോഷം അധികകാലം നീണ്ടില്ല. ആ സമയത്താണ് ഭർത്താവ് വീടുവിട്ടുപോകുന്നത്. അതോടെ ഞങ്ങൾക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. വീട് ജപ്തിയാകുമെന്ന സ്ഥിതിയായി. പറക്കമുറ്റാത്ത കുഞ്ഞിനെക്കൊണ്ട് ഞാൻ ഒരുപാട് അലഞ്ഞു. എന്റെ ചെറിയ ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് അന്ന് ഞങ്ങൾ പിടിച്ചു നിന്നത്. പക്ഷേ ദൈവം ഞങ്ങളുടെ പ്രാർഥന കേട്ടു. ആ സമയത്താണ് കുഞ്ഞിന് മിനിസ്‌ക്രീനിൽ അവസരം കിട്ടുന്നത്. പിന്നെ ഇതുവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്റെ കുഞ്ഞു ജോലി ചെയ്തുണ്ടാക്കിയ കാശുകൊണ്ടാണ് ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടിയത്. അതുകൊണ്ടുതന്നെ ഈ വീട് ഞങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടാം ജന്മമാണ്. മറ്റു കുട്ടികൾ വേനലവധിക്കാലം ആഘോഷിക്കുമ്പോൾ എന്റെ മോൻ കുടുംബത്തിനായി ജോലിചെയ്യുകയാണ്.

സംഭവം സെന്റി സീൻ ആകുന്നത് കണ്ടു അൽസാബിത് വീണ്ടും ഇടപെട്ടു.

എനിക്ക് കുറച്ചു ലവ് ബേർഡ്‌സുണ്ട്. വീടിനു മുന്നിൽ തന്നെ നല്ലൊരു കൂട് ഒരുക്കിയിട്ടുണ്ട്. ഇപ്രാവശ്യം വന്നപ്പോൾ മുട്ടവിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. അത് കാണുമ്പോൾ ഭയങ്കര സന്തോഷമാണ്. പിന്നെ എനിക്ക് കിട്ടിയ സമ്മാനങ്ങള്‍ കൊണ്ടാണ് വീട് അലങ്കരിച്ചിരിക്കുന്നത്. എന്റെ റൂമിലും കുറെ ഫോട്ടോസും ട്രോഫികളും ഒക്കെ വച്ചിട്ടുണ്ട്. പഠിക്കാന്‍ അധികം സമയം ഇല്ലാത്തതുകൊണ്ട് മുറിയില്‍ സ്റ്റഡി ടേബിള്‍ ഇല്ല. ഊണുമുറിയില്‍ ഇരുന്നാണ് ഞാന്‍ പഠിക്കുന്നത്. എനിക്ക് ചെറുപ്പത്തിൽ പട്ടാളക്കാരൻ ആകാമായിരുന്നു താൽപര്യം. പിന്നെ പൈലറ്റ് ആകാം എന്നായി. ഇപ്പോൾ ഇഷ്ടം, പഠിച്ചു ഒരു ഐഎഎസ്സുകാരൻ ആകണം എന്നാണ്. എവിടെയൊക്കെ താമസിച്ചാലും എന്റെ ബെഡ്റൂമില്‍ കിടക്കുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്. വീട്ടിലുള്ളപ്പോൾ അടുക്കളയിൽ കയറി അൽപം പാചകപരീക്ഷങ്ങളും ഞാൻ നടത്താറുണ്ട്. അതിന്റെ വിഡിയോ നിങ്ങൾ കണ്ടിരുന്നല്ലോ...അല്ലേ?

ഇതിനിടയ്ക്ക് ബീന വീണ്ടും വീടിനെക്കുറിച്ചു വാചാലയായി.

താഴെ ഒരു കിടപ്പുമുറി, ബാത്റൂം, അടുക്കള, സിറ്റൗട്ട് എന്നിവ മാത്രമാണുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികളും ഹാളും കൂട്ടിച്ചേർത്ത് വീട് ഒന്ന് വിപുലമാക്കിയിട്ട് ഒരു വർഷമാകുന്നതേ ഉള്ളൂ. ചെറിയ പ്ലോട്ടിൽ നിർമിച്ചതുകൊണ്ട് വീടിന്റെ ഭിത്തി തന്നെ മതിലായി വരുന്ന വിധമാണ് ക്രമീകരണം. അടുത്തിടയ്ക്ക് ഞങ്ങൾ ഒരു കാർ മേടിച്ചു. അതിനെ ഉൾക്കൊള്ളിക്കാൻ മുൻവശത്ത് റൂഫിങ് ഷീറ്റ് ഇട്ടു. ചെറിയൊരു അബദ്ധവും വീടുപണിഞ്ഞപ്പോൾ പറ്റി. മുകളിലെ ഹാൾ പണിതപ്പോൾ പുറത്തേക്ക് ഇറങ്ങാൻ സൗകര്യത്തിനു വാതിൽ കൊടുത്തിരുന്നു. പക്ഷേ പിന്നീട് ബാൽക്കണി പണിയൽ നടന്നില്ല. അതുകാരണം ആ ഭാഗത്തെ വാതിൽ തുറന്നാൽ നേരെ പുറത്തേക്കുള്ള താഴ്ചയാണ്. മോനിപ്പോൾ അത് പറഞ്ഞു എന്നെ കളിയാക്കും.

നഷ്ടമാകുമെന്ന് കരുതിയിടത്തുനിന്നാണ് ദൈവം ഞങ്ങള്‍ക്ക് ഈ വീട് തിരിച്ചുതന്നത്. അതുകൊണ്ടുതന്നെ വീടിനോട് വലിയ സ്നേഹമാണ്. മോന്റെ അധ്വാനമായതുകൊണ്ട് അവനും വീടിനോട് വലിയ ഇഷ്ടമാണ്. ദൈവം ഇനിയും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്. 

ബീന പറഞ്ഞുനിർത്തിയതും അൽസാബിത് എന്തോ ഓർത്തെടുത്ത പോലെ വീണ്ടും ഉഷാറായി.

അയ്യോ ഒരു കാര്യം പറയാൻ മറന്നു. കിളികളോടുള്ള ഇഷ്ടം കൊണ്ട് വീടിനു ഞങ്ങൾ നൽകിയിരിക്കുന്ന പേരും കിളിക്കൂട് എന്നാണ്.

***

പേരിനെ അന്വർത്ഥമാക്കുംവിധം സന്തോഷം നിറയുന്ന വീട്. കിളിക്കൂട്ടിലെ കലപിലകളെ തുടരാൻ അനുവദിച്ച്  യാത്ര പറഞ്ഞിറങ്ങിയപ്പോൾ മനസ്സിലും നിറവ്...