1999 ൽ ക്യാംപസുകളെ ഇളക്കിമറിച്ച ചിത്രമായിരുന്നു നിറം. 'പ്രായം നമ്മിൽ മോഹം നൽകി' എന്ന പാട്ട് ചെറുപ്പക്കാർ ഹൃദയത്തിൽ മൂളിക്കൊണ്ടു നടന്ന കാലം. ചിത്രത്തിൽ ആ ഗാനം ആലപിച്ച ചെറുപ്പക്കാരനും അതോടെ പ്രശസ്തനായി. ബോബൻ ആലുമൂടൻ-നടൻ ആലുമൂടന്റെ മകൻ.

സിനിമകൾ ഇദ്ദേഹത്തെ തേടിവന്നെങ്കിലും രാശിയായത് സീരിയലുകളാണ്. ബോബൻ തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

ഓർമവീട്...

ചങ്ങനാശേരി ചെത്തിപ്പുഴയിലാണ് തറവാട്. അപ്പൻ ആലുമൂടൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന കാലത്തു പണിതതാണ്. അന്നത്തെ കാലത്തുള്ള പരമ്പരാഗത ക്രിസ്ത്യൻ തറവാടുകളെ അനുസ്മരിപ്പിക്കുന്ന വീട്. ഞങ്ങൾ ആറു മക്കളാണ്. അതുകൊണ്ട് വീടിന്റെ അന്തരീക്ഷം ഇപ്പോഴും സജീവമായിരുന്നു. അപ്പൻ മിക്കവാറും സിനിമയുടെ ചിത്രീകരണം കാരണം വീട്ടിൽ ഉണ്ടാകാറില്ല. അമ്മയായിരുന്നു വീടിന്റെ കാര്യങ്ങൾ നോക്കിനടത്തിയിരുന്നത്.

വീടിനു സമീപം ഒരു പഴയ പാറമടയും കുളവുമുണ്ട്. നിറയെ മീനുകളുള്ള കുളത്തിൽ മീൻപിടിക്കാൻ വൈകുന്നേരങ്ങളിൽ സമീപത്തുള്ളവർ ഒത്തുകൂടുമായിരുന്നു. പിന്നീട് കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ ഉണ്ടായപ്പോൾ വീട് ഞങ്ങൾ പൊളിച്ചു പണിതു. ഇപ്പോൾ 14 വർഷമായി. വിവാഹശേഷം ഓരോരുത്തരായി വീട്ടിൽ നിന്നും മാറി.

അപ്രതീക്ഷിതമായി സിനിമയിൽ...

അപ്പൻ അഭിനയിച്ചിരുന്ന ശാന്തിനിലയം എന്ന സിനിമയിൽ ഒരു ചെറിയ കഥാപാത്രം ചെയ്യേണ്ടിയിരുന്ന നടൻ വന്നില്ല. സംവിധായകൻ അപ്പനോട് ചോദിച്ചു പരിചയമുള്ള ആരെങ്കിലുമുണ്ടോ എന്ന്... അങ്ങനെ യാദൃശ്ചികമായി ഞാൻ ആ റോളിലേക്ക് എത്തുകയായിരുന്നു. പക്ഷേ ആ ചിത്രം പാതിവഴിയിൽ മുടങ്ങിപ്പോയി. സഹപ്രവർത്തകരുമായി അടുത്ത സ്നേഹബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു. അദ്വൈതം എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു അപ്പന്റെ അകാലവിയോഗം. മോഹൻലാലിൻറെ മടിയിൽ കിടന്നാണ് അദ്ദേഹം മരിക്കുന്നത്. അപ്പന്റെ ശവസംസ്കാരത്തിനു അന്ന് മലയാളസിനിമയിലെ താരങ്ങൾ എല്ലാവരും ചെത്തിപ്പുഴയിലുള്ള പഴയ തറവാട്ടിൽ എത്തിയിരുന്നു. അപ്പൻ പോയതോടെ വീടുറങ്ങി. ആ ശൂന്യതയുമായി പൊരുത്തപ്പെടാൻ കുറെ സമയമെടുത്തു.

പിന്നീട് 1995 ൽ റോസസ് ഇൻ ഡിസംബർ എന്ന സീരിയലിലൂടെയാണ് ഞാൻ മിനിസ്ക്രീനിലേക്ക് എത്തുന്നത്. സീരിയലുകൾ കണ്ടു കമൽസാറാണ് നിറത്തിലേക്ക് ക്ഷണിക്കുന്നത്. പ്രകാശ് മാത്യു എന്ന ഗായകന്റെ കഥാപാത്രം. അതിലെ ഗാനം ഹിറ്റായതോടെ കൂടുതൽ സിനിമകൾ ലഭിച്ചു. പിന്നീട് മിനിസ്ക്രീനിലേക്ക് വീണ്ടും ചുവടുമാറ്റി. ഇപ്പോഴും സീരിയലുകളും സിനിമകളും ചെയ്യുന്നുണ്ട്.

സ്വപ്നം സഫലമാകാൻ കാത്തിരിക്കുന്നു...

വിവാഹശേഷം ഞാൻ കൊച്ചിയിലേക്ക് താമസം മാറി. ഇപ്പോഴും കൊച്ചിയിൽ ഒരു വാടക ഫ്ലാറ്റിലാണ് താമസം. എല്ലാ മലയാളികളെയും പോലെ ഞങ്ങളുടെയും സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. കാക്കനാട് സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്. പണി പൂർത്തിയാകുന്നതേ ഉള്ളൂ. ഒരു വർഷത്തിനുള്ളിൽ അവിടേക്ക് താമസം മാറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വീട് എന്നാൽ കട്ടകൾ കൊണ്ട് കെട്ടിയ ഒരു  നിർമിതിയെക്കാൾ ഓർമകളുടെ കൂടാരമായി കാണാനാണ് എനിക്കിഷ്ടം. ഇടവേളകൾ കിട്ടുമ്പോൾ പഴയ തറവാടിന്റെ ഓർമകളിലേക്ക് ഞങ്ങൾ തിരിച്ചു യാത്ര ചെയ്യാറുണ്ട്. 

കുടുംബം

ഭാര്യ ഷെല്ലി. മകൻ ഫിലാൻ പ്ലസ്‌ടുവിനും മകൾ സേന ഒമ്പതിലും പഠിക്കുന്നു.