അന്ന് അധോലോകം തേടി നാടുവിട്ടു, സിനിമയേക്കാൾ ട്വിസ്റ്റ് ആയിരുന്നു ജീവിതം: ദിനേശ് പ്രഭാകർ
ഇപ്പോൾ മലയാളസിനിമയിലെ പരിചിതമുഖമാണ് ദിനേശ് പ്രഭാകർ എന്ന നടൻ. 18 വർഷമായി സിനിമയിലുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കൈവന്നിട്ട് കുറച്ചു വർഷങ്ങളേ ആയുള്ളൂ എന്നുമാത്രം. ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റ് നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതവും. ദിനേശ് തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. പഴയ
ഇപ്പോൾ മലയാളസിനിമയിലെ പരിചിതമുഖമാണ് ദിനേശ് പ്രഭാകർ എന്ന നടൻ. 18 വർഷമായി സിനിമയിലുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കൈവന്നിട്ട് കുറച്ചു വർഷങ്ങളേ ആയുള്ളൂ എന്നുമാത്രം. ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റ് നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതവും. ദിനേശ് തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. പഴയ
ഇപ്പോൾ മലയാളസിനിമയിലെ പരിചിതമുഖമാണ് ദിനേശ് പ്രഭാകർ എന്ന നടൻ. 18 വർഷമായി സിനിമയിലുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കൈവന്നിട്ട് കുറച്ചു വർഷങ്ങളേ ആയുള്ളൂ എന്നുമാത്രം. ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റ് നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതവും. ദിനേശ് തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. പഴയ
ഇപ്പോൾ മലയാളസിനിമയിലെ പരിചിതമുഖമാണ് ദിനേശ് പ്രഭാകർ എന്ന നടൻ. 18 വർഷമായി സിനിമയിലുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കൈവന്നിട്ട് കുറച്ചു വർഷങ്ങളേ ആയുള്ളൂ എന്നുമാത്രം. ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റ് നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതവും. ദിനേശ് തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
പഴയ കാലം...
പെരുമ്പാവൂരാണ് എന്റെ സ്വദേശം. അച്ഛൻ, അമ്മ, മൂന്നു മൂത്ത സഹോദരിമാർ, പിന്നെ ഞാനും. ഇതായിരുന്നു കുടുംബം. അച്ഛന് ചെറിയൊരു ജ്യൂസ്, സ്റ്റേഷനറി കടയായിരുന്നു. അമ്മ വീട്ടമ്മയും.പുല്ലുവഴി എന്ന സ്ഥലത്തുള്ള അച്ഛന്റെ വീട്ടിലായിരുന്നു ഞങ്ങൾ. അത്യാവശ്യം പറമ്പും അടയ്ക്കാത്തോട്ടവും തെങ്ങിൻതോട്ടവും ഒക്കെയുണ്ടായിരുന്നു. വീടിനടുത്ത് പാടവും തോടുമുണ്ട്. അവിടെ കുളിയും മീൻപിടിത്തവുമായി നടന്ന ബാല്യകാലം. പക്ഷേ ആ സന്തോഷം അധികകാലം നീണ്ടില്ല. ഞാൻ എട്ടാം ക്‌ളാസ് ആയപ്പോഴേക്കും മൂത്ത സഹോദരിമാർക്ക് വിവാഹപ്രായമായി. അങ്ങനെ അവരുടെ വിവാഹാവശ്യത്തിനായി വീടും സ്ഥലവും ഒന്നൊന്നായി വിൽക്കേണ്ടി വന്നു. ഇളയ പെങ്ങളുടെ കല്യാണം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ 5 സെന്റിലുള്ള ഒരു വീട്ടിലേക്കൊതുങ്ങി.
അധോലോകത്തിലേക്ക് ഒരു നാടുവിട്ടുപോക്ക്...
എന്റെ കൗമാരകാലത്താണ് കമലഹാസന്റെ നായകൻ, മോഹൻലാലിൻറെ ആര്യൻ പോലുള്ള സിനിമകൾ ഇറങ്ങുന്നത്. അതിൽ ബോംബെയിൽ പോയി അധോലോകനായകരാകുന്ന അവർ എന്റെ തലയിൽ കയറി. അങ്ങനെ 19 ാം വയസിൽ ഞാൻ അധോലോകം അന്വേഷിച്ച് ബോംബെയിലെത്തി. പക്ഷേ കണ്ടെത്തിയില്ല. ഉപജീവനത്തിന് പല പണികൾ ചെയ്തു. ലോറി ക്ളീനർ, ഹോട്ടൽ വെയിറ്റർ മുതൽ മെഡിക്കൽ റെപ് വരെ.. ചെയ്തത് അബദ്ധമായിരുന്നു എന്ന് തിരിച്ചറിവുണ്ടായെങ്കിലും ഒന്നുമാകാതെ തിരിച്ചു നാട്ടിലേക്ക് മടങ്ങാൻ മനസ്സനുവദിച്ചില്ല.
അവിടുത്തെ മലയാളി സമാജവുമായി കാലക്രമേണ ഒരു ബന്ധം സ്ഥാപിച്ചെടുത്തു. അത് വഴിത്തിരിവായി. അവരുടെ സമ്മേളനങ്ങളിൽ മിമിക്രിയും ഗാനമേളയുമൊക്കെ നടത്തി. അതുവഴി ലഭിച്ച ബന്ധങ്ങൾ വഴി മുംബൈയിലെ പരസ്യചിത്ര മേഖലയിലേക്കെത്തി.
സിനിമയിലേക്ക്...
മുംബൈയിലെ പരസ്യചിത്രങ്ങളിൽ അറിയപ്പെടുന്ന ഡബ്ബിങ് ആർട്ടിസ്റ്റായി കഴിഞ്ഞപ്പോൾ സിനിമാമോഹം ഉണർന്നു. അങ്ങനെ തിരുവനന്തപുരത്തെത്തി. സംവിധായകരോട് ചാൻസ് ചോദിച്ചു കുറേക്കാലം നടന്നു. ഒടുവിൽ ലാൽ ജോസിന്റെ മീശമാധവനിൽ ചെറിയൊരു വേഷം കിട്ടി. പിന്നീട് നമ്മൾ എന്ന സിനിമ. അങ്ങനെ പതിയെ സിനിമകളിൽ സജീവമായി.
എന്റെ ഭവനസങ്കൽപം...
ലുക്കാചുപ്പി എന്ന സിനിമയിൽ ഞാൻ പറയുന്ന ഒരു ഡയലോഗുണ്ട്: സുന്ദരിയായ ഒരു ഭാര്യ, പുഴയുടെ തീരത്ത് ഒരു ആഡംബരവീട്..ഇതാകും മിക്ക മലയാളി(പ്രവാസി)കളുടെയും ആഗ്രഹമെന്ന്...പക്ഷേ പ്രളയവും ഉരുൾപൊട്ടലും കഴിഞ്ഞതോടെ വീടിനെക്കുറിച്ചുള്ള പല സങ്കൽപങ്ങളും മാറാൻ തുടങ്ങിയിട്ടുണ്ട്. കൊട്ടാരം പോലെയുള്ള വീട്ടിൽ പ്രായമായ മാതാപിതാക്കളെ തടവിലിടുന്ന രീതിയൊക്കെ ഇനി മാറിയേക്കാം. വീട് ഒരു സ്റ്റാറ്റസ് സിംബൽ ആക്കുന്ന പൊതുബോധവും മാറിയേക്കാം.. നല്ല മാറ്റങ്ങൾ ഉണ്ടാകട്ടെ.
എന്റെ വീടുകൾ...
സിനിമകളിൽ സജീവമായപ്പോൾ ആകെ ബാക്കിയുണ്ടായിരുന്ന പഴയ 5 സെന്റും വീടും ഞാൻ വിറ്റു. എന്നിട്ട് പെരുമ്പാവൂരിൽ തന്നെ ഇരിങ്ങോൽ എന്ന സ്ഥലത്ത് 20 സെന്റ് ഭൂമിയും വീടും കൂടി വാങ്ങി. ആ വീട് പൊളിച്ചു കളഞ്ഞു ഞങ്ങളുടെ സങ്കൽപത്തിലുള്ള ഒരു കൊച്ചുവീട് പണിതു. അവിടെയാണ് ഞാനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. ഞാൻ പരസ്യചിത്രങ്ങളുടെ ചെറിയൊരു പ്രൊഡക്‌ഷൻ ഹൗസ് നടത്തുന്നുണ്ട്. ഓഫിസ് ആവശ്യങ്ങൾക്ക് വേണ്ടി കാക്കനാട് ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇപ്പോൾ ഇത് രണ്ടുമാണ് എന്റെ വീടുകൾ.
കുടുംബം, കൊറോണക്കാലം..
ഭാര്യ ശ്രീരേഖ. മകൾ വിഭ ആറാം ക്‌ളാസിൽ പഠിക്കുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം ആദ്യ മാസം വീട്ടിൽത്തന്നെയായിരുന്നു. പ്രൊഡക്‌ഷൻ ഹൗസിന്റെ കാര്യം പറഞ്ഞല്ലോ. കൊറോണ വന്നതോടെ പലതിന്റെയും ഷൂട്ടിങ് മുടങ്ങി. ഒപ്പം അഭിനയിച്ചു കൊണ്ടിരുന്ന സിനിമകളുടെയും ചിത്രീകരണം മുടങ്ങി. ഇപ്പോൾ കലൂരിൽ ഒരു കമ്യൂണിറ്റി കിച്ചന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. അതിനായി പെരുമ്പാവൂരിൽ നിന്നും കലൂരിൽ വന്നുപോകും. അതൊരു സന്തോഷമുള്ള കാര്യമാണ്.
English Summary- Dinesh Prabhakar House Memories