കണ്ടാൽ പറയുമോ? ഇത് പുതിയ ആമസോൺ 'സിഇഒ'യുടെ വീട്!
Mail This Article
ലോകത്തെ ഏറ്റവും വലിയ ഇ-കോമേഴ്സ് കമ്പനിയായ ആമസോണിന്റെ സാരഥിയായി ആൻഡി ജാസി ചുമതല ഏറ്റെടുത്തത് ഇക്കഴിഞ്ഞ ജൂലൈയിലാണ്. തന്റെ മുൻഗാമിയായ ജെഫ് ബെസോസിന്റെ പാത പിന്തുടരുന്ന ആൻഡി, ബെസോസ് പുതിയ വീട് സ്വന്തമാക്കി അധികം വൈകും മുൻപാണ് തനിക്കായി വീട് വാങ്ങിയത്. പക്ഷേ ആഡംബരത്തിന്റെ കാര്യത്തിൽ ഇരുവരും തമ്മിൽ വലിയ അന്തരമുണ്ട്. 165 മില്യൺ ഡോളറിന്റെ (1200 കോടി) ബ്രഹ്‌മാണ്ഡ വീടാണ് ബെസോസിന്റേതെങ്കിൽ ജാസി തന്റെ പുതിയ വീടിനായി 6.7 മില്യൺ ഡോളര (50 കോടി) മാത്രമാണ് (അമേരിക്കയിൽ 50 കോടിയുടെ വീട് ഒന്നും അത്ര വലിയ സംഭവമല്ല എന്നോർക്കണം) ചെലവിട്ടത്. 'അജഗജാന്തരം' എന്നൊക്കെ പറയാം.
2003ൽ നിർമ്മിക്കപ്പെട്ട 5500 ചതുരശ്ര അടി വിസ്തീർണമുള്ള വീടിനെ ആഡംബര വീടെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും പ്രൗഢമാണ്. പതിനേഴാം നൂറ്റാണ്ടിലെ കേപ് കോഡ് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന വീട് ഏറെ ആകർഷകവുമാണ്. രണ്ടുനിലകളുള്ള വീട്ടിൽ നാലു കിടപ്പുമുറികളും അഞ്ച് ബാത്ത്റൂമുകളുമാണ് ഉള്ളത്.
ചെറി റെഡ് നിറത്തിൽ പെയിന്റു ചെയ്ത അലമാരകൾ ഉൾപ്പെടുന്ന ലൈബ്രറി, സ്വാഭാവിക വെളിച്ചം ലഭിക്കുന്നതിനായി വലിയ ജനാലകൾ ഉൾപ്പെടുത്തിയ ഡൈനിങ് റൂം, പ്രത്യേകം ഫയർ പ്ലേസുകളുള്ള വിശ്രമമുറി, ഫാമിലി ലിവിങ് ഏരിയ എന്നിവയെല്ലാം ഇവിടെയുണ്ട്. മുകൾ നിലയിലാണ് അതിഥികൾക്കുള്ള മുറികൾ ക്രമീകരിച്ചിരിക്കുന്നത്. മനോഹരമായ വാൾപേപ്പറുകളും ഷാൻലിയറുകളുംകൊണ്ട് ഈ മുറികൾ അലങ്കരിച്ചിരിക്കുന്നു. വിശാലമായ ബാൽക്കണി, സോക്കിങ്ങ് ടബ് ഉള്ള ബാത്റൂം, ഓഫീസ് മുറി എന്നിവയാണ് മറ്റു സൗകര്യങ്ങൾ.
താരതമ്യേന വിസ്തീർണം കുറഞ്ഞ വീടിന്റെ പിൻഭാഗത്തായി ഏറ്റവും ലളിതമായ രീതിയിൽ സ്വിമ്മിങ് പൂളും സ്പായും ക്രമീകരിച്ചിരിക്കുന്നു. ഇതിനു ചുറ്റുമായി മനോഹരമായ പുൽത്തകിടിയും ഒരുക്കിയിട്ടുണ്ട്. ഫയർ പ്ലേസും ബാർബിക്യു സംവിധാനവും ഉൾപ്പെടുത്തിയ ഔട്ട്ഡോർ കിച്ചനും ഇവിടെയുണ്ട്.
പൊതുവേ കയ്യിൽ പത്തു പുത്തനും തൊഴിലിൽ അഭിവൃദ്ധിയുമുണ്ടായാൽ മിക്കവാറും ജീവിതശൈലി അടിമുടി മാറ്റാറുണ്ട്. അവിടെയാണ് ജാസി വ്യത്യസ്തനാകുന്നത്.ആസ്തിയിൽ ശതകോടീശ്വരനായ, ലോകത്തെ മുൻനിര കമ്പനിയുടെ തലപ്പത്തുള്ള ആളായിട്ടുകൂടി, താരതമ്യേന ആഡംബരം കുറഞ്ഞ ഒരു വീട്ടിൽ അദ്ദേഹം തൃപ്തനാണ്. നല്ലൊരു മാതൃകയല്ലേ...
English Summary- Amazon CEO New House; Simple Life