നടൻ ജോൺ എബ്രഹാമിന്റെ 'അവാർഡ് വിന്നർ' ആഡംബരവീട്!
Mail This Article
പ്രായം 50കളിലെത്തിയിട്ടും ഫിറ്റ്നസ്കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് ജോൺ എബ്രഹാം. താരത്തെ പോലെതന്നെ ഊർജ്ജസ്വലത നിറഞ്ഞുനിൽക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന വീട്. റസിഡൻഷ്യൽ കോംപ്ലക്സിന്റെ ഏറ്റവും മുകളിലുള്ള രണ്ട് നിലകളിലായി, കടൽകാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ നിർമ്മിച്ചിരിക്കുന്ന പെന്റ്ഹൗസിന് വില്ല ഇൻ ദ സ്കൈ എന്നാണ് വിളിപ്പേര്.
രണ്ടുനിലകളിലായി വ്യാപിച്ചുകിടക്കുന്ന അപ്പാർട്ട്മെന്‍റ് ആണെങ്കിലും അതിനെ ഒരു വില്ല എന്നുതന്നെ വിശേഷിപ്പിക്കാം. കെട്ടിടത്തിന്റെ 7, 8 നിലകളിലായാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 3500 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. വിശാലമായ ടെറസ് കൂടി ചേരുമ്പോൾ സാധാരണ ഫ്ലാറ്റുകളിൽ നിന്നും കാഴ്ചയിലും ജോൺ എബ്രഹാമിന്റെ വില്ല ഇൻ ദ സ്കൈ വേറിട്ടുനിൽക്കുന്നു. അദ്ദേഹത്തിന്റെ സഹോദരനായ അലൻ എബ്രഹാമിന്റെ നേതൃത്വത്തിൽ അബ്രഹാം ജോൺ ആർക്കിടെക്സ് എന്ന സ്ഥാപനത്തിലെ ഡിസൈനർമാരും ആർക്കിടെക്ട്മാരും ചേർന്നാണ് വില്ല ഒരുക്കിയെടുത്തിരിക്കുന്നത്.
വായുവിൽ ഉയർന്നു നിൽക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ബാൽക്കണിയിൽ ഒരുക്കിയ ഔട്ഡോർ സ്വിമ്മിങ് പൂൾ ഇവിടുത്തെ വ്യത്യസ്തമായ കാഴ്ചകളിലൊന്നാണ്. രൂപകല്പനയിലും അകത്തളം ഒരുക്കുന്നതിലും ഏറെ വ്യത്യസ്തത പുലർത്തുന്നതിനാൽ 2016 ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചറൽ ഡിസൈനിന്റെ ബെസ്റ്റ് ഹോം അവാർഡും ഈ വീട് സ്വന്തമാക്കിയിരുന്നു.
പുറംകാഴ്ചകൾ പരമാവധി ആസ്വദിക്കുന്ന വിധത്തിൽ ഗ്ലാസ് ഭിത്തികളാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങൾ നിറഞ്ഞ വീട്ടിൽ ഫർണിച്ചറുകളിൽ അടക്കം ലളിതമായ ഡിസൈനാണ് അവലംബിച്ചിരിക്കുന്നത്..വാസ്തുശാസ്ത്രവുമായി ചേർന്നു പോകുന്ന വിധത്തിലാണ് മുറികളുടെയും അടുക്കളയുടെയും എല്ലാം സ്ഥാനം.
ലളിതമായ അലങ്കാരങ്ങൾ മാത്രമേ അകത്തളത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഇതിനെല്ലാം പുറമേ സ്പാ ബാത്ത്റൂം, പ്രൈവറ്റ് ബാൽക്കണി, ജാക്കുസി, മീഡിയ റൂം എന്നിവയും ഈ ആകാശവില്ലയിൽ ഒരുക്കിയിട്ടുണ്ട്.
English Summary- John Abrahams Luxury Sky House