ചവർപ്പു കുറഞ്ഞ വെറ്റില കിട്ടാൻ ആലപ്പുഴ താമരക്കുളം വരെ പോകണം. മുറുക്കുകാരുടെ പഴയൊരു പതിവാണിത്. വെറ്റില കണ്ടാലും ചവച്ചാലും അറിയാം. താമരക്കുളം വെറ്റിലയാണോ അല്ലയോ എന്ന്. ഓണാട്ടുകരയുടെ നടുമണ്ണിൽ കിളിർത്ത വെറ്റിലക്കൊടി പണ്ടു മുതൽ തല ഉയർത്തിയാണു നിന്നിരുന്നത്. വെറ്റില തേടിയും താമരക്കുളം ചന്തയിൽ ആവശ്യക്കാർ വന്നതു പഴയ കാലം.
അങ്ങനെ താമരക്കുളം വെറ്റിലയെന്നൊരു പേരും വീണു. കാലം കഴിഞ്ഞപ്പോൾ മുറുക്കു കുറഞ്ഞതോടെ വെറ്റിലയുടെ ഗമയും തെല്ലൊന്നു കുറഞ്ഞു. ഈ കുറവ് എണ്ണത്തിൽ മാത്രമാണ്. മുറുക്കുകാരുടെ ഇഷ്ടത്തിനും വെറ്റിലയുടെ ഗുണവും മാറ്റും കുറഞ്ഞിട്ടില്ലെന്നു മാത്രം.
മേച്ചേരി, ഇടമേച്ചേരി, അതുക്കരാഴി എന്നിങ്ങനെ മൂന്നു ഇനത്തിലാണ് താമരക്കുളം വെറ്റില. നല്ല വലുപ്പമുള്ളതാണ് മേച്ചേരി, അൽപം കൂടി വലുപ്പം കുറഞ്ഞതാണ് ഇടമേച്ചേരി, രണ്ടു മുട്ടിൽ വെറ്റില കിട്ടുന്നതാണ് അതുക്കരാഴി. ചെറുതും എണ്ണം കുടുതൽ ഉള്ളതുമായ അതുക്കരാഴിക്കാണ് ആവശ്യക്കാർ കൂടുതൽ. അതിനാൽ തന്നെ ഇപ്പോൾ കൃഷി കൂടുതലും അതുക്കരാഴിക്കാണ്.
ചവർപ്പു കുറവാണു താമരക്കുളം വെറ്റിലയ്ക്ക്. മാത്രമല്ല ഒരാഴ്ചയോളം വാടാതെ കേടാകാതെ ഇരിക്കുകയും ചെയ്യും. അതിനാൽ തന്നെ കച്ചവടക്കാർക്ക് ഇഷ്ടവും കൂടുതലാണ്. താമരക്കുളം ചന്തയിൽ നിന്നു വിവിധ സ്ഥലങ്ങളിലേക്കു വെറ്റില പോകുകയും ചെയ്യും.
ഓണാട്ടുകരയിലെ മണ്ണിന്റെ മേന്മയാണു വെറ്റിലയുടെ ഗുണത്തിന്റെ കാരണമെന്നു കർഷകനായ ശിവരാമൻ നായർ പറഞ്ഞു. മറ്റു സ്ഥലങ്ങളിൽ വയലുകളിൽ മണ്ണുകിളച്ചാണു കൊടി കയറ്റുന്നത്. വളക്കൂറുള്ള പറമ്പിലെ മണ്ണിലാണ് ഓണാട്ടുകരയിൽ വെറ്റിലക്കൊടി ഇടുന്നത്. മുൻപൊക്കെ എല്ലാ കർഷകരും വെറ്റിലക്കൊടി ഇടുമായിരുന്നു. ഇപ്പോൾ ഓണാട്ടുകര ഫാർമേഴ്സ് ക്ലബ്ബിന്റെ കീഴിൽ വിവിധ സ്ഥലങ്ങളിൽ കർഷകർ വെറ്റില കൃഷി ചെയ്യുന്നുണ്ട്.
വെറ്റിലക്കൃഷിക്ക് പ്രതിസന്ധി ജല ദൗർലഭ്യം
താമരക്കുളം വെറ്റില കൃഷി വാസ്തവത്തിൽ പ്രതിസന്ധിയിലാണ്. വെള്ളം കൂടുതൽ ആവശ്യമുള്ളതാണ് വെറ്റില കൃഷി. അതിനുള്ള സൗകര്യം കുറഞ്ഞു വരുന്നു. സ്പ്രേയർ പോലുള്ള പുതിയ ഉപകരണങ്ങളും വെറ്റില പറിക്കാൻ സൗകര്യവും ഒരുക്കണം. കർഷകർക്കു നല്ല വില കിട്ടാനും സർക്കാർ ഇടപെടണം.
ജി. മധുസൂദനൻ, സെക്രട്ടറി, അസോസിയേഷൻ ഓഫ് ഓണാട്ടുകര ഫാർമേഴ്സ് ക്ലബ്സ്.