വാടുന്നു; കൃഷിയും കർഷകരും

മങ്കൊമ്പിൽ പിണ്ടിപ്പുഴു ബാധിച്ച വാഴകൾ മുറിച്ചു മാറ്റുന്ന കർഷകൻ.

കടുത്ത വേനലിനു പിന്നാലെ കുളിർപ്പിച്ച മഴക്കാലവും കടന്നു വന്നെങ്കിലും ആലപ്പുഴ ജില്ലയിലെ പച്ചക്കറികൾക്കു പതിവില്ലാത്തൊരു വാട്ടം. വാഴ, പച്ചക്കറികൾ എന്നിവയ്ക്കു പേരറിയാത്ത രോഗം വ്യാപകമായി പടരുന്നതായി കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ഓണം പ്രതീക്ഷിച്ചു നട്ട പച്ചക്കറികളും വാഴകളുമെല്ലാം രോഗം ബാധിച്ചു നശിക്കുന്നതു കണ്ടു നിൽക്കാനേ കർഷകർക്കാകുന്നുള്ളൂ. കാർഷിക സർവകലാശാലയും കൃഷി വകുപ്പും മറ്റു സർക്കാർ സംവിധാനങ്ങളും അടിയന്തരമായി ഇടപെടേണ്ട ഘട്ടമായിരിക്കുന്നു.

വാഴയ്ക്കു ഭീഷണി ഇല കരിച്ചിൽ

പേരും സ്വഭാവവും അറിയാത്തൊരു രോഗം ജില്ലയുടെ തെക്കൻ മേഖലകളിലെ വാഴത്തോട്ടങ്ങളിൽ പടരുകയാണ്. വാഴയുടെ ഇലകൾ പൂർണമായി കരിഞ്ഞുണങ്ങുന്നതാണ് ഇതിന്റെ ലക്ഷണം. ഈ രോഗം പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടു രണ്ടു വർഷത്തോളമായി. കാർഷിക സർവകലാശാലയിലെയും കൃഷി വകുപ്പിലെയും വിദഗ്ധർ പലവട്ടം പരിശോധനയ്ക്കെത്തിയെങ്കിലും രോഗമെന്തെന്നും രോഗകാരണം കണ്ടെത്താനോ പരിഹാരം നിർദേശിക്കാനോ കഴിഞ്ഞിട്ടില്ല.

വാഴ കുലയ്ക്കാൻ തുടങ്ങുന്നതിനു മുൻപേ ഇല കരിഞ്ഞു തുടങ്ങുന്നതാണു ലക്ഷണം. കുലച്ചു തുടങ്ങുമ്പോൾ കുലയുടെ ചുവട്ടിലുള്ള ഇലയൊഴികെ എല്ലാം കരിഞ്ഞു വീഴും. പുഷ്ടിയില്ലാത്ത വാഴക്കുലയാകും പലപ്പോഴും ലഭിക്കുക. ഇതു വിൽക്കാൻ കഴിയാതെ കർഷകർ നഷ്ടത്തിലാകും. ഫംഗസ്, കുമിൾ രോഗങ്ങളാണെന്ന നിഗമനം ആദ്യമുണ്ടായിരുന്നെങ്കിലും അതൊന്നുമല്ലെന്നും പുതിയ എന്തോ രോഗമാണെന്നുമാണു കർഷകരോടു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പാലമേൽ, താമരക്കുളം, ചാരുംമൂട്, നൂറനാട്, വള്ളികുന്നം പ്രദേശങ്ങളിൽ രോഗം വ്യാപകമായുണ്ട്.

പിണ്ടിപ്പുഴു കൊണ്ടേ പോകൂ

ജില്ലയിൽ കൂടുതലായി കൃഷി ചെയ്യുന്ന നേന്ത്രൻ, പാളയൻകോടൻ, പൂവൻ, ചെങ്കദളി, ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളിൽ പിണ്ടിപ്പുഴുവിന്റെ ശല്യം രൂക്ഷമാണ്. യഥാസമയം നിയന്ത്രിക്കുകയോ മുൻകരുതൽ എടുക്കുകയോ ചെയ്‌തില്ലെങ്കിൽ കൃഷി പൂർണമായി നശിക്കും. കറുത്തതോ ചുവന്നതോ ആയ പെൺവണ്ടുകൾ വാഴപ്പോളയ്‌ക്കുള്ളിലെ വായു അറകളിൽ ഇടുന്ന മുട്ടകൾ രണ്ടുമൂന്നു ദിവസം കൊണ്ടു വിരിഞ്ഞു പുഴുക്കളാകുന്നു.

ഈ പുഴുക്കൾക്കു ചുവപ്പുകലർന്ന തവിട്ടുനിറമുള്ള തലയും മഞ്ഞകലർന്ന വെള്ളനിറമുള്ള ശരീരവുമാണ്. കാലുകൾ ഇല്ലാത്ത ഈ പുഴുക്കൾ പിണ്ടി തുരന്നു തിന്ന് ഒരു മാസത്തിനുള്ളിൽ പൂർണവളർച്ചയെത്തിയ 2-3.5 സെ.മീ. നീളമുള്ള പുഴുക്കളാകും. വാഴനാരുപയോഗിച്ചുണ്ടാക്കിയ കൂടിനുള്ളിൽ സമാധിയിരുന്നു രണ്ടാഴ്ച കഴിയുമ്പോൾ വണ്ടുകളായി പുറത്തു വന്നു വാഴകളിലേക്കു കയറും. മുതിർന്ന വണ്ടുകൾ നാലു മാസം വരെ ജീവിച്ചിരിക്കും.

നാലു മാസം പ്രായമുള്ള വാഴകളിലാണു സാധാരണയായി വണ്ടിന്റെ ആക്രമണം ഉണ്ട‍ാകുക. ആരംഭത്തിൽ കറുത്ത പാടുകൾ കാണുകയും പിന്നീടു കൊഴുത്ത ദ്രാവകം പുറത്തേക്ക് ഒഴുകിവരികയും ചെയ്യും. ആക്രമണ രൂക്ഷത അനുസരിച്ച് ഇലകൾ മഞ്ഞളിക്കുകയോ ഉണങ്ങുകയോ ചെയ്യും. അവയുടെ വലുപ്പം കുറയുന്നതായും കാണാം. തുടർന്നു വാഴ ഒടിഞ്ഞു നശിക്കുന്നു.

പച്ചക്കറികൾക്ക് വാട്ടം

പയർ, പടവലം, പാവൽ തുടങ്ങിയ പച്ചക്കറികളുടെ വള്ളിച്ചെടികൾക്ക് അടുത്തിടെ വാട്ടമുണ്ടാകുന്നതായി കർഷകർ പറയുന്നു. ഒരു തടത്തിൽ രണ്ടോ മൂന്നോ ചെടികളാകും നടുന്നത്. അതിൽ ഒരെണ്ണത്തിനു ചുവട്ടിൽ നിന്നു വാട്ടം തുടങ്ങും. ക്രമേണ ചെടി മുഴുവനായി വാടിക്കരിഞ്ഞു പോകും. പലരും രോഗം ബാധിച്ച ചെടി ഇളക്കി മാറ്റാൻ ശ്രമിക്കില്ല.

അടുത്ത ചെടിയിലേക്കും ഇതു ബാധിക്കും. ഒരു തോട്ടം മുഴുവൻ ഇത്തരത്തിൽ കരിഞ്ഞു പോയ സംഭവങ്ങളുമുണ്ട്. ആദ്യം തണ്ടു തുരപ്പൻ പുഴുവിന്റെ ആക്രമണമാണെന്നു കരുതിയെങ്കിലും അതല്ലെന്നു കണ്ടെത്തി. രോഗത്തിന്റെ കാരണവും പ്രതിവിധിയും കാർഷിക വിദഗ്ധർ ഇനിയും നിർദേശിച്ചിട്ടില്ലത്രേ.

വാഴത്തോട്ടങ്ങളിൽ ശുചിത്വം ഉറപ്പാക്കുക

Representative image

വാഴത്തോട്ടങ്ങളിൽ ശുചിത്വം പാലിക്കുകയും കീടബാധമൂലം ഒടിയുന്ന വാഴ വെട്ടിനശിപ്പിക്കുകയും വേണമെന്നു പാലമേൽ കൃഷി ഓഫിസർ സ‍ിജി സൂസൻ ജോർജ് പറഞ്ഞു. ഒടിഞ്ഞുതൂങ്ങിയ വാഴകളെയും അവയുടെ അവശിഷ്‌ടങ്ങളെയും കംപോസ്‌റ്റാക്കുന്നതും വാഴത്തടകൾ തെങ്ങിൻതോപ്പിൽ പുതയായി കൂട്ടിയിടുന്നതും ഒഴിവാക്കണം.

ഉണങ്ങിയ വാഴയില യഥാസമയം മുറിച്ചുനീക്കിയാൽ ചെല്ലിക്കുത്തിന്റെ ലക്ഷണങ്ങൾ പെട്ടെന്നു ശ്രദ്ധയിൽപ്പെടും. കല്ലുപ്പ് ഈ ഭാഗങ്ങളിൽ വയ്‌ക്കുന്നതുവഴി പിണ്ടിപ്പുഴുവിനെ നിയന്ത്രിക്കാം. ഇലക്കവിളിൽ ബാർസോപ്പ് കഷണങ്ങളോ ഉലുവ പൊടിച്ചതോ ഇടുന്നത് ജൈവിക നിയന്ത്രണമാർഗമാണ്. ഒരു കിലോ ചെളി 50 മില്ലിലീറ്റർ വേപ്പെണ്ണയുമായി ചേർത്തുണ്ടാക്കിയ മിശ്രിതം മൂന്നാം മാസത്തിൽത്തന്നെ വാഴത്തടയിൽ പുരട്ടുന്നതു തണ്ടുതുരപ്പന്റെ ആക്രമണം തടയും.