കൂപ്പുകുത്തി കുരുമുളകുവില

Representative image

സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവായ കുരുമുളകിന്റെ വിലയിടിവു കർഷകരെയും വ്യാപാരികളെയും രൂക്ഷമായ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നു. കഴിഞ്ഞ വർഷം ഇതേസമയം കിലോയ്ക്ക് 700 രൂപ വിലയെത്തിയിരുന്ന കുരുമുളകിന് ഇപ്പോൾ ലഭിക്കുന്നതു വെറും 430 രൂപയാണ്. ഒരാഴ്ചയ്ക്കിടെ 40 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. കുരുമുളകിന്റെ വിലസ്ഥിരത നഷ്ടപ്പെട്ടതോടെ കർഷകരുടെ പ്രതീക്ഷകളും തകർന്നു. വിലയിടിഞ്ഞതോടെ കൃഷിക്കായി മുടക്കിയ പണം നഷ്ടപ്പെടുമോയെന്നഭയത്തിലാണു കർഷകർ.

ഇടുക്കി ഹൈറേഞ്ച് മേഖലയിൽ കർഷകർ വിൽപനയ്ക്കായി തയാറാക്കിയ കുരുമുളകുചെടികളും വാങ്ങാനാളില്ലാതെ നശിക്കുകയാണ്. കഴിഞ്ഞതവണ 730 രൂപയിലെത്തിയ വില ഇത്തവണയും കർഷകരും വ്യാപാരികളും പ്രതീക്ഷിച്ചിരുന്നു. സമീപകാലത്തു വില 700 രൂപയിലെത്തിയെങ്കിലും വിലയുയരുമെന്ന പ്രതീക്ഷയിൽ കർഷകർ ഉൽപന്നം വിൽക്കാതെ സൂക്ഷിച്ചുവച്ചു. കഴിഞ്ഞ ഒരുമാസത്തിനിടെ വിലയിടിവുണ്ടായതോടെ കുരുമുളകു സ്റ്റോക്ക് ചെയ്തിരിക്കുന്ന വ്യാപാരികളും കർഷകരും ഒരുപോലെ സാമ്പത്തിക ബുദ്ധിമുട്ടിലായി. മഴക്കുറവിനെ തുടർന്നു കഴിഞ്ഞവർഷം മാത്രം ജില്ലയിൽ 29 ശതമാനം ഉൽപാദനക്കുറവുണ്ടായിരുന്നു. ഇതു മറികടക്കുന്നതിനു വിയ്റ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു നിലവാരം കുറഞ്ഞ കുരുമുളകു വിപണിയിലെത്തിച്ചിരുന്നു. ബ്രസീൽ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുമാണു രാജ്യത്തേക്കു കുരുമുളകെത്തുന്നത്. വിയറ്റ്നാമിൽനിന്നെത്തുന്ന കുരുമുളകാണു വിലയിടിവിനു പ്രധാന കാരണമെന്നു കർഷകർ ആരോപിക്കുന്നു. വിയറ്റ്നാമിൽനിന്ന് ഇന്ത്യയിലേക്ക് 56 ശതമാനം നികുതിയിൽ ഇറക്കുമതി ചെയ്യാനാണ് അനുമതി. എന്നാൽ കൊളംബോ വഴി എട്ടു ശതമാനം നികുതിൽ കുരുമുളക് ഇറക്കുമതി നടക്കുന്നതും കർഷകർക്കും വ്യാപാരികൾക്കും തിരിച്ചടിയായി.

പ്രതിസന്ധി രൂക്ഷമാക്കി കാലാവസ്ഥാ വ്യതിയാനം

ഹൈറേഞ്ച് മേഖലയിലുണ്ടായ കാലാവസ്ഥാ വ്യതിയാനവും കീടബാധകളും വിലയിടിവിനു പിന്നാലെ കർഷകരെ ദുരിതത്തിലാക്കി. കുരുമുളകു കൃഷിക്കു മഞ്ഞപ്പുരോഗം പിടിപെട്ടതാണു കർഷകരുടെ പ്രധാന തിരിച്ചടി. വേണ്ടത്ര മഴ ലഭിക്കാതെ ഇലകൾ പഴുത്തു കൊഴിഞ്ഞു കരിഞ്ഞുണങ്ങുന്നു. ഇലകൾ പഴുക്കുന്ന സ്ളോവിൽറ്റ് എന്ന രോഗമാണു വ്യാപകമായി പിടിപെട്ടിരിക്കുന്നത്. തുടക്കത്തിൽ ഇതിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടുതൽ ചെടികളിലേക്കു വ്യാപിക്കും. ഇതോടെ കുരുമുളകുതോട്ടം പൂർണമായി നശിക്കുന്നു.

കുരുമുളകു ചെടികളിൽ പഴുപ്പുരോഗം ബാധിക്കുന്നതും കർഷകരെ ആശങ്കയിലാക്കുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയുടെ അക്രണം ഏറ്റവും കൂടുതൽ. കുമിൾ, വേരുപുഴു എന്നിവയുടെ ആക്രമണങ്ങൾകൊണ്ടും കുരുമുളകു ചെടികൾക്കു പഴുപ്പും ഉണക്കും ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രതിരോധമാർഗമായി ആരംഭഘട്ടത്തിൽ ഓരോചെടിയുടെയും ചുവട്ടിൽ കാർബോ സെൽഫാൻ എന്ന കീടനാശിനി ഇരുപതു ഗ്രാം വീതം പ്രയോഗിക്കാവുന്നതാണ്. തുടർന്നു ബോഡോമിശ്രിതവും സ്ളോവിൽറ്റ് രോഗത്തെ പ്രതിരോധിക്കാൻ പ്രയോഗിക്കാമെന്നും പരമ്പരാഗത കുരുമുളകു കർഷകർ പറയുന്നു.

കുരുമുളക് കൃഷി ചെയ്യേണ്ടതിങ്ങനെ

താങ്ങുസസ്യത്തിന്റെ കടയ്‌ക്കൽനിന്നു 30 സെന്റിമീറ്റർ അകലത്തിൽ വടക്കുഭാഗത്തായി 50 സെന്റിമീറ്റർ വ്യാസമുള്ള കുഴികൾ മൺസൂൺ തുടങ്ങുന്നതിനു മുൻപേ എടുക്കണം. നടീൽസമയത്ത് വേപ്പിൻപിണ്ണാക്ക് ഒരു കിലോഗ്രാം ട്രൈക്കോഡെർമ 50ഗ്രാം എന്നിവയും ചേർക്കണം. മൺസൂൺ ആരംഭത്തോടെ ഒരു കുഴിയിൽ 2-3 വേരുപിടിപ്പിച്ച തൈകൾ താങ്ങുചെടിയുടെ കടക്കൽനിന്നു 30 സെ.മി അകലത്തിൽ വടക്കുഭാഗത്തായി നടുക. തൈയുടെ കടയ്ക്കൽ നന്നായി മണ്ണിട്ടു കൂനയാക്കി വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. തൈകളുടെ വളരുന്ന ഭാഗം താങ്ങുചെടിയിൽ ചുറ്റി കെട്ടിവച്ചുകൊടുക്കണം. ചെടി നല്ലവണ്ണം സൂര്യപ്രകാശം ഏൽക്കുന്ന ഭാഗത്താണെങ്കിൽ മഴലഭ്യത കുറഞ്ഞാൽ തണൽ കൊടുക്കണം.

കുരുമുളകു തെങ്ങിലോ കവുങ്ങിലോ ആണ് വളർത്തുന്നതെങ്കിൽ കട നിരപ്പില്ലാത്തതും ആണെങ്കിൽ തട്ടുകളാക്കി തിരിച്ച് മണ്ണൊലിപ്പ് തടയേണ്ടതാണ്. 

കുരുമുളകു തോട്ടത്തിൽ താങ്ങുമരത്തിന്റെ കടയ്ക്കൽ ഒരു മീറ്റർ ആഴത്തിൽ വർഷത്തിൽ രണ്ടുതവണ തെക്കുടിഞ്ഞാറൻ മൺസൂണിനു മുൻപും വടക്കു കിഴക്കൻ മൺസൂണിനു മുൻപും കുഴികൾ എടുക്കുക. വർഷംതോറും മാർച്ച് -ഏപ്രിൽ മാസങ്ങളിൽ താങ്ങുമരങ്ങളുടെ അധികവളർച്ചയുള്ള കൊമ്പുകൾ വെട്ടിയൊതുക്കണം. 

താങ്ങുമരത്തിന്റെ ഉയരം 6മീ ആക്കി നിർത്തുന്നതാണു നല്ലത്.

തോട്ടത്തിൽ തണൽ കൂടുതലുണ്ടെങ്കിൽ ജൂലൈ- ഓഗസ്‌റ്റ് മാസത്തിലും കൊമ്പുകൾ വെട്ടിയൊതുക്കണം. 20 വർഷത്തെ തുടർച്ചയായ വിളവെടുപ്പിനുശേഷം കുരുമുളകു വള്ളികളിൽ ഉൽപാദനം കുറയുന്നു.

പുതിയ തൈകളുടെ നടീൽ ഈ സമയത്തു നടത്തണം. പുതിയ തൈകൾക്കു 3-5 വർഷം പ്രായമാകുന്നതോടെ പഴയ ഉൽപാദനം കുറഞ്ഞ ചെടികൾ നീക്കംചെയ്യാം.

ജോബിൻ തോമസ്