റബർ കൃഷി: വളം മൊബൈൽ ആപ്പിലൂടെ

Representative image

മണ്ണിന്റെ ഗുണവിവരങ്ങൾ മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കുന്ന ആദ്യ കൃഷിവിളയെന്ന ഖ്യാതി റബറിനു സ്വന്തം.!
മണ്ണിന്റെ ഘടന അനുസരിച്ച് ഒരു റബർമരത്തിനു വേണ്ട പോഷക മൂല്യങ്ങൾ വരെ ഗൂഗിൾ മാപ്പിലൂടെ അറിയാൻ കഴിയും.!

റബർ കൃഷിയിൽ വളപ്രയോഗം ഇനി അനായാസം. മണ്ണ് അറിഞ്ഞ് വളം ഇടാം. മണ്ണിന്റെ പോഷകമൂല്യങ്ങളുടെ വിവരം വിരൽ തുമ്പിൽ ലഭിക്കും. ഇതനുസരിച്ച് മണ്ണിന് ആവശ്യമുള്ള വളം മാത്രം ഇട്ടാൽ മതിയാകും. കന്യാകുമാരി മുതൽ മഹാരാഷ്ട്ര വരെയുള്ള മുഴുവൻ റബർ കൃഷിയിടത്തിലെയും മണ്ണിന്റെ പോഷക മൂല്യങ്ങൾ മൊബൈൽ ആപ്പിൽ ലഭ്യമാണ്. സ്ഥലങ്ങളിലെ വിവരങ്ങൾ എല്ലാ പ്രദേശങ്ങളിലെയും മണ്ണിന്റെ ഗുണവിവരങ്ങൾ മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കുന്ന ആദ്യ കൃഷിവിളയെന്ന ഖ്യാതിയും ഇതോടെ റബറിനു സ്വന്തം. മണ്ണിന്റെ ഘടന അനുസരിച്ച് അതാതു പ്രദേശങ്ങളിലെ ഒരു റബർമരത്തിനു വേണ്ട പോഷക മൂല്യങ്ങൾ വരെ ഗൂഗിൾ മാപ്പിലൂടെ അറിയാൻ കഴിയും.

ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രം (ആർആർഐഐ, പുതുപ്പള്ളി) നാഷണൽ ബ്യൂറോ ഓഫ് സോയിൽ സർവെ ആൻഡ് ലാൻഡ് യൂസ് പ്ലാനിങി(ഐസിഎആർ, ബംഗളൂരു)ന്റെയും നേതൃത്വത്തിലാണ് മണ്ണിന്റെ പോഷക മൂല്യം അടങ്ങുന്ന ഭൂപടം തയാറാക്കിയത്. റബ്സിസ് എന്നാണ് ആപ്പിന്റെ ചുരുക്കപേര്. 14 വർഷത്തെ ശ്രമഫലമായാണ് പദ്ധതി പൂർത്തിയാക്കിയത്.

ഐഎസ്ആർഒയുടെ സഹായത്തോടെയാണ് റബർ കൃഷിമേഖലയുടെ ഭൂപടം തയാറാക്കിയത്. റബർബോർഡ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആദ്യം മുഴുവൻ കൃഷിയിടങ്ങളും 50 ഹെക്ടർ വീതമുള്ള മേഖലകളായി തിരിച്ചു. പിന്നീട് മൂന്നു മേഖലകളിൽനിന്ന് ഒരു സമ്മിശ്ര സാമ്പിൾ എന്ന നിലയിൽ മണ്ണ് ശേഖരിച്ചു. ഇതിനു ശേഷം പരിശോധനകളിലൂടെ ജൈവാംശം കണ്ടെത്തി. ഒരോ മേഖലകളിലെയും മണ്ണിലെ ഫോസ്ഫറസ്, പൊട്ട്യാസം, കാൽസ്യം, മഗ്നീഷ്യം, സൾഫർ, സിങ്ക്, ബോറോൺ, അയൺ, മാംഗനീസ്, കോപ്പർ, അമ്ലത്വം, അലൂമിനിയം, ചരൽ തുടങ്ങിയവയുടെ അളവ് നിർണയിച്ചു.

തിരുവനന്തപുരത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരളയുടെ സഹായത്തോടെയാണ് ഓൺലൈൻ ഭൂപടത്തിൽ ഇവയുടെ അളവ് രേഖപ്പെടുത്തിയത്. അളവ് യഥാർഥത്തിൽ എത്രയാണ് വേണ്ടതെന്നും ഇപ്പോൾ എത്രയുണ്ടെന്നും അറിയാം. ചെറിയ തോട്ടങ്ങളെ ഉദ്ദേശിച്ച് ഒരോ റബർ മരത്തിനും വേണ്ട വളത്തിന്റെ അളവും ഇപ്പോഴുള്ള തോതും അറിയാൻ കഴിയും. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾവരെ തിരിച്ചറിഞ്ഞ് പരിശോധിക്കാൻ കഴിയും. ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ ഭാഷകളിൽ സേവനം ലഭ്യമാണെന്ന് ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ജയിംസ് ജേക്കബ് പറഞ്ഞു. റബർതോട്ടത്തിൽ നിന്നുകൊണ്ട് മൊബൈൽ ഫോണിൽ വെബ്സൈറ്റ് എടുത്താൽ നേരിട്ട് അതാത് തോട്ടങ്ങളുടെ വിവരങ്ങൾ ലഭിക്കുമെന്ന പ്രത്യേകതയും ഈ ആപ്പിനുണ്ട്. നിലവിലുള്ള കർഷകരിൽ ഒരു ശതമാനം മാത്രമാണ് മണ്ണിന്റെ ജൈവാംശം പരിശോധിച്ച് ഇപ്പോൾ വളപ്രയോഗം നടത്തുന്നത്. മണ്ണിന്റെ വിവരങ്ങൾ കർഷകനു സ്വയം അറിയാൻ കഴിയുന്നതോടെ ഇതിനു മാറ്റം വരുമെന്നാണ് റബർ ബോർഡിന്റെ വിലയിരുത്തൽ. അമിത വളപ്രയോഗവും നിയന്ത്രിക്കാനാകും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481: 2351807.

വെബ്സൈറ്റ് മേൽവിലാസം: http://rubsis.rubberboard.org.in