രാജകുമാരി ∙ പ്രളയവും കാലാവസ്ഥാ വ്യതിയാനവും അതിജീവിച്ച ഹൈറേഞ്ചിന്റെ കുട്ടനാട്ടിൽ ബംഗാളി കൊയ്ത്തുപാട്ടിന്റെ താളം. ഹൈറേഞ്ചിൽ ഏറ്റവുമധികം പാടശേഖരം ഉള്ള ബൈസൺവാലി പഞ്ചായത്തിലെ മുട്ടുകാട് ‘ഹൈറേഞ്ചിലെ കുട്ടനാട്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. മുൻപ് 100 ഹെക്ടറോളം പാടശേഖരമുണ്ടായിരുന്നെങ്കിലും ഇപ്പോൾ 50 ഹെക്ടറിൽ താഴെ മാത്രമാണു കൃഷിയുള്ളത്. തൊഴിലാളിക്ഷാമം മൂലം ഇതര സംസ്ഥാനത്തൊഴിലാളികളെ ആശ്രയിച്ചാണ് ഇത്തവണ കൊയ്ത്ത്.
ബംഗാളിൽ നിന്നുള്ള തൊഴിലാളികളാണു കൂടുതൽ. മുൻപു വർഷത്തിൽ 2 തവണ വിളവെടുക്കുന്ന ഇരുപ്പൂക്കൃഷിയായിരുന്നത് ജലക്ഷാമം മൂലം ഒരു കൃഷി മാത്രമായി ചുരുങ്ങി. കുടിയേറ്റക്കാലം മുതൽ മുട്ടുകാട് പാടശേഖരത്തിൽ കൃഷി മുടങ്ങിയിട്ടില്ല. സർക്കാർ തലത്തിൽ സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണു മുട്ടുകാട്ടിലെ നെൽക്കർഷകരുടെ പരാതി. മഴക്കാലമായാൽ ബണ്ട് പൊട്ടി പാടശേഖരത്തിൽ വെള്ളം കയറുന്നതും പതിവാണ്.